നാളെ രാഹുല്‍ കൊച്ചിയില്‍: ആവേശത്തില്‍ അണികള്‍, ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. മറൈന്‍ ഡ്രൈവില്‍ ബൂത്ത് പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തുന്നത്. യോഗത്തിന് പുറമെ യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും രാഹുലിനോട് അടുത്ത പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും ഇതോടെ തുടക്കമാകും. പതിനായിര കണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സമ്മേളനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

നാളെ രാവിലെ 10.30 ന് നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്ന രാഹുല്‍ ഗാന്ധിക്ക് വിമാനത്താവളത്തില്‍ എറണാകുളം ഡിസിസി വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം.ഐ.ഷാനവാസിന്റെ വീട് സന്ദര്‍ശിക്കും. ഉച്ചക്ക് 12.30 ന് ഗസ്റ്റ് ഹൗസില്‍ യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച. അതിന് ശേഷം മറൈന്‍ ഡ്രൈവില്‍ ബൂത്ത് പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗത്തില്‍ സംസാരിക്കും. 24970 വനിതാ ഭാരവാഹികള്‍ ഉള്‍പ്പെടെ അന്‍പതിനായിരത്തിലധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇതാദ്യമായാണ് ഇത്രയുമധികം ബൂത്തുകളില്‍ വൈസ് പ്രസിഡന്റ് പദവികളിലേക്ക് വനിതകളെ പാര്‍ട്ടി നിയോഗിക്കുന്നത്. ബൂത്തുതല ഭാരവാഹിത്വത്തില്‍ വനിതകള്‍ക്ക് പ്രാമുഖ്യം നല്‍കിയ കെപിസിസി നടപടിയില്‍ സന്തുഷ്ടി പ്രകടിപ്പിച്ച രാഹുല്‍ അവരെ അഭിസംബോധന ചെയ്യാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനുള്ള തുടക്കം കൂടിയാകും കൊച്ചി സമ്മേളനം. മൂന്ന് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേടിയ തിളക്കമാര്‍ന്ന വിജയത്തിന്റെ കരുത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കേരളത്തിലേക്ക് എത്തുന്നത്. ഗള്‍ഫ് സന്ദര്‍ശനത്തില്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ച വന്‍ സ്വീകാര്യതയും കേരള സന്ദര്‍ശനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. കേന്ദ്രത്തില്‍ ബിജെപിയുടെയും നരേന്ദ്ര മോഡിയുടെയും പ്രഭാവം മങ്ങുകയും പ്രതിപക്ഷ ഐക്യനിര കൂടുതല്‍ ശക്തമാവുകയും ചെയ്ത സാഹചര്യത്തില്‍ കൊച്ചി സമ്മേളനത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയുണ്ട്.

Top