മാപ്പ് പറയില്ല, ‘റേപ് ക്യാപിറ്റല്‍’ എന്ന് പറഞ്ഞത് മോദി. വീഡിയോ പങ്കുവെച്ച് തിരിച്ചടിച്ച് രാഹുല്‍ ഗാന്ധി

ദില്ലി: ‘റേപ്പ് ഇന്‍ ഇന്ത്യ’പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് രാഹുല്‍ ഗാന്ധി ആവർത്തിച്ചു. രാഹുല്‍ ഗാന്ധിയുടെ ‘റേപ്പ് ക്യാപിറ്റല്‍ പരാമര്‍ശത്തില്‍ വലിയ പ്രതിഷേധമാണ് ഭരണപക്ഷം ലോക്സഭയില്‍ ഉയര്‍ത്തിയത്. മേക്ക് ഇന്‍ ഇന്ത്യയല്ല, റേപ് ഇന്‍ ഇന്ത്യയെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.പരാമര്‍ശം സ്ത്രീകളെ അപമാനിക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നുമാണ് സഭയിലെ ബിജെപി വനിതാ എംപിമാര്‍ ആവശ്യപ്പെട്ട്. മാപ്പ് പറയില്ലെന്ന് മാത്രമല്ല മൂന്ന് കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ രാഹുല്‍ മാപ്പു പറയണമെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രഹളാദ് ജോഷി ആവശ്യപ്പെട്ടു. ഭരണപക്ഷ എം.പിമാര്‍ ഒറ്റക്കെട്ടായി പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു.

രാജ്യത്ത് പീഡന കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലായിരുന്നു മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയത്. വ്യാഴാഴ്ച ജാര്‍ഖണ്ഡില്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു സംഭവം. ‘മേക്ക് ഇന്‍ ഇന്ത്യ എന്നാണ് മോദി പറയുന്നത്. എന്നാല്‍ എവിടെ നോക്കിയാലും റേപ്പ് ഇന്ത്യയാണ്’ എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

ഉത്തര്‍പ്രദേശില്‍ മോദിയുടെ ​​എംഎല്‍എ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പിന്നീട് ആ പെണ്‍കുട്ടി മരിച്ചു. എന്നാല്‍ ആ കുട്ടിയെ കുറിച്ച് ഒരു വാക്ക് പോലും പ്രതികരിക്കാന്‍ മോദി തയ്യാറായില്ല. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്നാണ് മോദി പറയുന്നത്. എന്നാല്‍ ബിജെപി എംഎല്‍എമാരില്‍ നിന്നാണ് പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ടതെന്നും റാലിയില്‍ രാഹുല്‍ തുറന്നടിച്ചിരുന്നു.എന്നാല്‍ രാഹുലിന്‍റെ ഈ പരാമര്‍ശങ്ങള്‍ സ്ത്രീകളെ ആക്ഷേപിക്കുന്നതാണെന്ന് ആരോപിച്ചാണ് ഇന്ന് ലോക്സഭയില്‍ ഭരണപക്ഷത്തെ വനിതാ എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധം ഉയര്‍ത്തിയത്.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ നേതാവ് ഇന്ത്യന്‍ വനിതകളെ ബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നതെന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. രാഹുലിന്‍റെ സന്ദേശം രാജ്യത്തെ ജനങ്ങള്‍ക്കുള്ളതാണോയെന്നും സ്മൃതി ചോദിച്ചു. രാഹുലിനെ ശിക്ഷിക്കണമെന്നും സ്മൃതി ആവശ്യപ്പെട്ടു. അംഗമാകാന്‍ യോഗ്യതയില്ല സ്ത്രീകള്‍ക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുവര്‍ സഭയില്‍ അംഗമായിരിക്കാന്‍ യോഗ്യര്‍ അല്ലെന്നായിരുന്നു ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

 

പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ വിഷയത്തില്‍ രാജ്യത്തിന്‍റെ ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ പറഞ്ഞതില്‍ യാതൊരു തെറ്റുമില്ല, രാഹുല്‍ പറഞ്ഞു. പത്രം നിറയെ പീഡന വാര്‍ത്തകള്‍ എന്നാണ് ഞാന്‍ പറഞ്ഞത്. നരേന്ദ്ര മോദി എപ്പോഴും മേയ്ക്ക് ഇന്‍ ഇന്ത്യയെ കുറിച്ച് പറയുന്നു. എന്നാല്‍ പത്രം തുറന്നാല്‍ നമ്മള്‍ കാണുന്നത് എന്താ, പീഡനങ്ങള്‍ മാത്രം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പീഡന വാര്‍ത്തകളാണ് പുറത്ത് വരുന്നതെന്നും രാഹുല്‍ ആവര്‍ത്തിച്ചു.

മാപ്പ് പറയുമോയെന്ന ചോദ്യം പോലും ഉദിക്കുന്നില്ല. ഞാന്‍ അല്ല മാപ്പ് പറയേണ്ടത് പ്രധാനമന്ത്രിയാണ് മാപ്പ് പറയേണ്ടത്. ഈ മൂന്ന് കാര്യങ്ങളില്‍. ഒന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇത്തരത്തില്‍ ‘ചുട്ടെരിക്കുന്നതിന്’. രണ്ട് ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ തകര്‍ത്തതിന് . മൂന്ന് ദില്ലിയെ റേപ് ക്യാപിറ്റല്‍ എന്ന് വിളിച്ചത്, രാഹുല്‍ ട്വീറ്റ് ചെയ്തു. ഡൽഹിയെ ‘റേപ് കാപിറ്റൽ’എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിക്കുന്ന വിഡിയോയും രാഹുല്‍ ട്വീറ്റ് ചെയ്തു.

Top