ഒരുവിധത്തിലുള്ള വിലപേശലിനും തയ്യാറല്ല; അഭിനന്ദനെ ഉടന്‍ വിട്ടയക്കണമെന്ന് ഇന്ത്യ

പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഉപയോഗിച്ച് ഒരുവിധത്തിലുള്ള വിലപേശലിനും തയ്യാറല്ലെന്ന് ഇന്ത്യ. അഭിനന്ദനെ ഉടന്‍ വിട്ടയക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. സ്ഥാനപതി തലത്തില്‍ നയതന്ത്ര ഇടപെടലുകള്‍ക്ക് ശ്രമിക്കുന്നില്ലെന്നും യാതൊരു വിലപേശലുകള്‍ക്കും വഴങ്ങില്ലെന്നും വൈമാനികനെ നിരുപാധികം വിട്ടയക്കണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, അഭിനന്ദന്‍ വര്‍ത്തമനെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാകിസ്താന്‍ വൈകാതെ തീരുമാനം എടുക്കുമെന്ന് പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അഭിനന്ദനെ യുദ്ധത്തടവുകാരനായി പരിഗണിക്കുന്നത് സംബന്ധിച്ചും ഏതു കണ്‍വെന്‍ഷന്‍ പ്രകാരമാണ് അദ്ദേഹത്തിന്റെ കാര്യത്തില്‍ കണക്കിലെടുക്കുകയെന്നതുസംബന്ധിച്ചും അടുത്ത ദിവസങ്ങളില്‍ തീരുമാനമെടുക്കുമെന്നും പാകിസ്താന്‍ വിദേശകാര്യ വക്താവിനെ ഉദ്ധരിച്ച് പാക് പത്രം ഡൗണ്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, അതിര്‍ത്തിയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കരവ്യോമനാവിക സേനകളുടെ സംയുക്ത പത്രസമ്മേളനം ഇന്ന് അഞ്ചു മണിക്ക് നടക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയ പ്രതിനിധിയും ഇതില്‍ പങ്കെടുക്കും. വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കുമെന്ന കാര്യത്തില്‍ വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

Top