മൊസൂള്‍: ഭീകരവാദ സംഘടനയായ ഐഎസിനെതിരെ അന്തിമപോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന ഇറാഖ് സൈന്യം മൊസൂള്‍ നഗരത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചു. രണ്ട് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് സൈന്യം മൊസൂളില്‍ പ്രവേശിക്കുന്നത്. കുക്ജലിയില്‍ കനത്ത പോരാട്ടത്തിനു ശേഷമാണ് സൈന്യത്തിനു പ്രവേശിക്കാനായത്. സൈന്യവും ഭീകരരും തമ്മില്‍ മോട്ടാര്‍ഷെല്ലുകളും റോക്കറ്റ് പ്രൊപ്പല്ലഡ് ഗ്രനേഡുകളുമായി കനത്ത പോരാട്ടമാണ് നടന്നത്.
മൊസൂള്‍ നഗരത്തില്‍ ഒളിച്ചുകഴിയുന്ന ഐഎസിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ സൈന്യം വളഞ്ഞതായാണ് റിപ്പോര്‍ട്ട്. ബാഗ്ദാദിയെ ലക്ഷ്യമിട്ടാല്‍ ഐഎസിന്റെ പതനത്തിലേക്ക് തന്നെ അത് നയിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഏട്ട് മാസത്തിലധികമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതെ ഒളിവുജീവിതം നയിക്കുന്ന ബാഗ്ദാദി കൊല്ലപ്പെട്ടതായി നിരവധി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അടുത്തിടെ ഐസിസ് ശൃംഖലക്കുള്ളില്‍ കടന്ന ഒരു ചാരന്‍ ഇയാളുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതായും ബാഗ്ദാദി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മൊസൂളില്‍ 3,000 നും 5,000 നും ഇടയില്‍ ഐഎസ് ഭീകരര്‍ ഉണ്ടെന്നാണ് കരുതുന്നതെന്ന് ഇറാഖി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറയുന്നു. ഇവര്‍ ഒരിക്കലും രക്ഷപെടില്ല. സൈന്യം നഗരം വളഞ്ഞിരിക്കുകയാണ്. ഒന്നുകില്‍ കീഴടങ്ങുകയോ അതല്ലെങ്കില്‍ മരിക്കുകയോ മാത്രമാണ് ഭീകരരുടെ മുന്നിലുള്ള മാര്‍ഗമെന്നും അബാദി പറയുന്നു. 50,000 ഇറാക്കി സൈനികരും കുര്‍ദ് പോരാളികളും സുന്നി അറബ് പോരാളികളും ഷിയ പോരാളികളും ഐഎസിനെതിരായ അന്തിമ യുദ്ധത്തില്‍ പങ്കെടുക്കുന്നുണ്ട്