ഇന്ത്യ എന്ന രാജ്യം കെട്ടിപ്പടുക്കുന്നത് വ്യത്യസ്ത ചിന്തകളും ഭാഷകളും വേഷങ്ങളും എല്ലാം നിറഞ്ഞ അഞ്ഞൂറോളം നാട്ടുരാജ്യങ്ങളെയും കൂടെക്കൂട്ടിയാണ്. ഇത്തരത്തില്‍ വ്യത്യസ്തരായവരെ കൂടെ നിര്‍ത്തുന്നതിനായി ധാരാളം വകുപ്പുകള്‍ ഭരണഘടനയില്‍ തന്നെ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. അതായത് വ്യത്യസ്തരായവര്‍ത്ത് വ്യത്യസ്തമായ പരിഗണന ഭരണഘടന നല്‍കിയിട്ടുണ്ട്.
ഇതിലൊന്ന്മാത്രമാണ് കശ്മീരിനുള്ള പ്രത്യേക അവകാശങ്ങള്‍. പ്രത്യേക അവകാശം അനുഭവിക്കുന്ന ഏക സ്ഥലമല്ല കശ്മീര്‍ എന്നെങ്കിലുമുള്ള തിരിച്ചറിവാണ് നമുക്ക് ഉണ്ടാകേണ്ടത്. എങ്കില്‍ മാത്രമേ എന്തുകൊണ്ടാണ് കശ്മീരില്‍ ഇത്രയധികം പ്രശ്‌നങ്ങള്‍ എന്ന് മനസിലാക്കാന്‍ കഴിയൂ. സ്വന്തമായി ആര്‍മി പരേഡ് നടത്തുന്ന സംസ്ഥാനങ്ങള്‍ വരെ ഇന്ത്യാമഹാരാജ്യത്തിലുണ്ട്.
പ്രത്യേക അവകാശങ്ങളുള്ള സ്ഥലങ്ങളെക്കുറിച്ച് ഫേസ്ബുക്കില്‍ പ്രചരിക്കുന്ന കുറിപ്പ്:
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കുന്നതില്‍ ചിലര്‍ പടക്കംപൊട്ടിച്ചുതുടങ്ങി. ഭരണഘടനാപരമായ, ഇന്ത്യയുടെ പരമോന്നത കോടതി പലവട്ടം വിധികളിലൂടെ അടിയുറപ്പിച്ചതാണ് 370-ാം വകുപ്പ്. ഇത് നിലനിര്‍ത്തണം എന്നു പറയുന്നത് ഭരണഘടനയോടുള്ള കൂറു പ്രഖ്യാപിക്കലാണ്, അല്ലാതെ രാജ്യദ്രോഹമല്ല.
ആര്‍ട്ടിക്കിള്‍ 370 ന് സമാനമായ നിയമങ്ങള്‍ മറ്റു പ്രദേശങ്ങളില്‍ നിലനില്‍ക്കുന്നതിന് ബിജെപിക്ക് വിഷമം ഇല്ല എന്നല്ല അതിനായി വാദിക്കുകയും ചെയ്യുകയാണ് അവര്‍. പക്ഷേ ഇത് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ അവര്‍ പുറത്തു പറയുന്നുമില്ല. സിക്‌സ്ത് ഷെഡ്യൂള്‍ അനുസരിച്ച് അസം ഉള്‍പ്പെടെയുള്ള ഏതാനും സംസ്ഥാനങ്ങളില്‍ ഓട്ടോണമസ് കൗണ്‍സിലും ഓട്ടോണമസ് ഡിസ്ട്രിക്ടുകളും ഉണ്ട്. നിയന്ത്രിതാധികാരം മാത്രമേ ഇവിടെ സംസ്ഥാന – കേന്ദ്ര സര്‍ക്കാറുകള്‍ക്കുള്ളു. ആര്‍ട്ടിക്കിള്‍ 35 എ യില്‍ കശ്മീരില്‍ എന്നപോലെ ഭൂമി വാങ്ങുന്നതിന് ഇവിടെ ഓട്ടോണമസ് കൗണ്‍സില്‍ അധികാരപ്രദേശത്തും നിയന്ത്രണമുണ്ട്.
വിശാല നാഗാലാന്‍ഡ് (നാഗാലിം) എന്ന പുതിയ സ്വതന്ത്രാധികാരപ്രദേശം വരാന്‍ പോകുകയാണ്. മോദിയുടെ ആശിര്‍വാദത്തോടെയാണ് സമധാനക്കരാര്‍ ഒപ്പിട്ടത്. നാഗാ പോരാളികളുമായി അന്നത്തെ കരാര്‍ ഒപ്പിട്ട പ്രത്യേക ദൂതന്‍ ആര്‍ എന്‍ രവിയെ കഴിഞ്ഞ മാസമാണ് മോദി നാഗാലാന്‍ഡിന്റെ ഗവര്‍ണറാക്കിയത്.
കശ്മീരില്‍ ഇന്ത്യാ വിരുദ്ധ മുദ്രവാക്യം മുഴങ്ങുന്നതിന്റെ അത്ര തന്നെയാണ് നാഗാലാന്‍ഡില് മുഴങ്ങുന്നത്. കശ്മീരില്‍ തോക്കുമായി നടക്കുന്ന വിഘടനവാദിയെ പട്ടാളം പൊക്കും. നാഗാലാന്‍ഡില്‍ നോട്ടിഫൈ ചെയ്ത സ്ഥലങ്ങളില്‍ മാത്രമല്ല പുറത്തും നാഗാ തീവ്രവാദികള്‍ സദാസമയം ആയുധങ്ങളുമായി നടക്കും. ആരും തൊടില്ല. ഓഗസ്റ്റ് 14 ന് അവര്‍ നാഗാ സ്വാതന്ത്ര്യദിനം ആഘോഷിക്കും. നാഗാ ആര്‍മി പരേഡ് നടത്തും. അവരുടെ പതാക ഉയര്‍ത്തും. കൊല നടന്നാല്‍ പോലും ഗോത്ര നിയമമാണ് പൊതുവേ നടപ്പിലാകുക, ഐ പി സിയല്ല. ഇപ്പറഞ്ഞ പ്രദേശങ്ങളെല്ലാം ബിജെപിയോ, ബിജെപി സഖ്യകക്ഷികളായ സര്‍ക്കാറോ ആണ് ഭരിക്കുന്നത് എന്ന് ഓര്‍ക്കണം. അവര്‍ക്ക് ഇതില്‍ പരാതി ഇല്ല.
വ്യത്യസ്തകളുള്ള ഒരു നാട്ടില്‍ വൈവിധ്യങ്ങളെ ഒന്നിച്ചുചേര്‍ക്കുന്നതാണ് ഫെഡറലിസം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളോട് കാണിക്കുന്ന ആ മാന്യത ബിജെപി കശ്മീരിനെ സംബന്ധിച്ച് കാണിക്കാത്തതിന് പിന്നിലുള്ള രാഷ്ട്രീയം പകല്‍ പോലെ വ്യക്തം. ബില്ലിനെ മറ്റുകാരണങ്ങളാല്‍ അനുകൂലിക്കുന്നവര്‍ വായിക്കാനല്ല, അമിത് ഷായ്ക്ക് കൈയടിക്കുന്ന നിഷ്പക്ഷര്‍ അറിയാനാണ് ഇതെഴുതുന്നത്. ഇന്ത്യയുടെ മെയിന്‍ ലാന്‍ഡ് എന്ന് പറയുന്നിടത്തെ സാഹചര്യമല്ല മറ്റിടങ്ങളില്‍.
കടപ്പാട് : ഫേസ്ബുക്ക്