അബുദാബി : യുഎഇയ്ക്ക് വേണ്ടി ജീവന്‍ വെടിഞ്ഞവരുടെ കുടുംബാംഗങ്ങളോടൊത്ത് സമയം ചെലവഴിച്ച് അബുദാബി കിരീടാവകാശി ഷെയ്ഖ് മൊഹമ്മദ് ബിന്‍ സയ്യദ് അല്‍ നഹ്യാന്‍. രക്തസാക്ഷികള്‍ എന്നും യുഎഇയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച രാജ്യനായകന്‍മാരാണെന്ന് അദ്ദേഹം പറഞ്ഞു. ജീവന്‍ വെടിഞ്ഞ ധീരരുടെ മക്കള്‍ രാജ്യത്തിന്റെ മക്കളാണെന്നും അബുദാബി സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡര്‍ കൂടിയായ അദ്ദേഹം പറഞ്ഞു. അബ്‌നാ അല്‍ ഫഖര്‍ വിന്റര്‍ ക്യാംപ് സന്ദര്‍ശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അല്‍ ഐനിലെ തെലാലിലാണ് വിന്റര്‍ ക്യാംപ് പുരോഗമിക്കുന്നത്. യുഎഇയ്ക്ക് വേണ്ടി മരണം വരിച്ചവരുടെ കുടുംബങ്ങളുടെ ഒത്തുചേരല്‍ ഇവിടെ ഒരുക്കിയിരുന്നു. രക്തസാക്ഷികളുടെ മക്കളുമായും കുടുംബാംഗങ്ങളുമായും അദ്ദേഹം ആശയവിനിമയം നടത്തി. മേഖലയ്ക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ മക്കളില്‍ രാജ്യത്തിന്റെ പൈതൃകത്തെക്കുറിച്ചും വൈവിധ്യങ്ങളെക്കുറിച്ചും ആഴത്തില്‍ പഠിക്കാന്‍ തയ്യാറായ വിദ്യാത്ഥികളെ അദ്ദേഹം അഭിനന്ദിച്ചു. 12 നും 18 നും മധ്യേ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ രാജ്യത്തെക്കുറിച്ച് സമഗ്ര പഠനത്തിന് തയ്യാറായിരിക്കുന്നത്. യുഎഇയുടെ വളര്‍ച്ചയില്‍ ഇവരുടെ കഴിവുകള്‍ കൂടി ഉപയോഗപ്പെടുത്താന്‍ തക്ക തരത്തില്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. നൈപുണ്യ വികസനവും നേതൃപാടവ പരിശീലനമുള്‍പ്പെടെ വിവിധ പരിപാടികള്‍ വിന്റര്‍ ക്യാംപിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യദ് അല്‍ നഹ്യാനൊപ്പം വിവിധ വകുപ്പ് മേധാവികളും ഉന്നത ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.