പൊതുമാപ്പ് നേടുന്ന ഇന്ത്യക്കാര്‍ക്ക് സൗജന്യമായി ഔട്ട് പാസ് നല്‍കും; ഇന്ത്യന്‍ എംബസി

അബുദാബി: പൊതുമാപ്പ് കാലയളവില്‍ യുഎഇ വിടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് സൗജന്യമായി ഔട്ട് പാസ് (എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്) നല്‍കുമെന്ന് ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും അറിയിച്ചു. ഇതനുസരിച്ച് ഔട്ട് പാസ് ഫീസായ 60 ദിര്‍ഹവും സര്‍വീസ് ചാര്‍ജായ ഒന്‍പതു ദിര്‍ഹവും ഇനി ഈടാക്കില്ല. പൊതുമാപ്പ് കാലാവധി തീരുന്ന ഒക്ടോബര്‍ 31 വരെയാണ് സൗജന്യമായി ഔട്ട് പാസ് നല്‍കുക. പൊതുമാപ്പ് അപേക്ഷകര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യമെന്നും ആദ്യ രണ്ടു ദിവസത്തെ അപേക്ഷകരില്‍ നിന്ന് ഈടാക്കിയ തുക തിരിച്ചു നല്‍കാനാവുമോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്നും കോണ്‍സല്‍ എം.രാജമുരുകന്‍ അറിയിച്ചു.

വര്‍ഷങ്ങളായി നിയമ ലംഘകരായി കഴിയുന്ന വിദേശികളില്‍ നിന്ന് പിഴയൊന്നും ഈടാക്കാതെയാണ് യുഎഇ സ്വന്തം നാട്ടിലേക്ക് പോകാന്‍ അവസരം ഒരുക്കുന്നത്. പതിനഞ്ച് ലക്ഷത്തിലേറെ ദിര്‍ഹം പിഴ അടയ്ക്കാനുള്ളവരില്‍നിന്നും ഒരു ദിര്‍ഹം പോലും വാങ്ങാതെ രാജ്യം വിദേശ തൊഴിലാളികള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുകയാണ്. വിവിധ കാരണങ്ങളാല്‍ നിയമലംഘകരായി കഴിയേണ്ടി വന്നവര്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസരത്തിനൊപ്പം രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരാനും അനുമതി നല്‍കിയിട്ടുണ്ട്. ഇങ്ങനെ രാജ്യത്ത് തുടരുന്നവര്‍ക്ക് പുതിയ ജോലി കണ്ടെത്താന്‍ ആറു മാസത്തെ താല്‍ക്കാലിക വിസയും നല്‍കുന്നു. ഈ പശ്ചാത്തലത്തില്‍ ഔട്ട് പാസിന് തുക ഈടാക്കുന്നത് നിര്‍ത്തലാക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top