അബുദബി: സിഗ്നലില്‍ നിര്‍ത്തിയിട്ട വാഹനത്തിന്റെ പിറകില്‍ നിന്നും ഹോണിടച്ചുള്ള ശീലം അബുദാബിയിലും തുടര്‍ന്നാല്‍ പണികിട്ടും. ഹോണടിച്ച് ശബ്ദമലിനീകരണമുണ്ടാക്കുന്ന ഡ്രൈവര്‍ക്ക് 2000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് അബൂദബി പോലിസ് മുന്നറിയിപ്പ് നല്‍കി.
ചില ഡ്രൈവര്‍മാരുടെ ഹോണടി കേട്ടാല്‍ ഇവര്‍ മല്‍സരയോട്ടത്തിന് ഇറങ്ങിയതാണെന്ന് തോന്നുമെന്ന് പോലിസ് സോഷ്യല്‍ മീഡിയ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. അനാവശ്യമായി ഹോണടിക്കുന്നതും ഹെഡ്‌ലൈറ്റ് തെളിയിക്കുന്നതും മറ്റുള്ള ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കാനും അതുവഴി അപകടം ക്ഷണിച്ചുവരുത്താനും കാരണമാവും. അച്ചടക്കത്തോടെ വാഹനമോടിക്കാത്തവരെ അത് ശീലിപ്പിക്കാന്‍ പിഴയല്ലാതെ വേറെ വഴിയില്ലെന്നും പോലിസ് പറഞ്ഞു.
വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയോ മെസേജ് അയക്കുകയോ ചെയ്താല്‍ 800 ദിര്‍ഹമും നാല് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. 50 ശതമാനത്തില്‍ കൂടുതല്‍ കാഴ്ച മറക്കുന്ന സ്റ്റിക്കര്‍ ഗ്ലാസ്സിനൊട്ടിച്ചാല്‍ 1500 ദിര്‍ഹം കൊടുക്കണം. മണിക്കൂറില്‍ 80 കിലോമീറ്ററിലധികം വേഗതയില്‍ വാഹനമോടിച്ചാലാണ് ശരിക്കും പണി കിട്ടുക. 3000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റും ലഭിക്കുന്നതിനു പുറമെ, രണ്ട് മാസം വാഹനം പിടിച്ചെടുക്കുകയും ചെയ്യും. മദ്യപിച്ച് വാഹനമോടിച്ചാല്‍ 20,000 ദിര്‍ഹമാണ് പിഴ. 23 ബ്ലാക്ക് പോയിന്റും 60 ദിവസം വാഹനം പിടിച്ചെടുക്കലും. അതിനു പുറമെ തടവ് ശിക്ഷ എത്രയെന്ന് കോടതി തീരുമാനിക്കും. മൊട്ടയായ ടയര്‍ ഉപയോഗിച്ചാലുമുണ്ട് ശിക്ഷ- 500 ദിര്‍ഹം ഫൈനും നാല് ബ്ലാക്ക് പോയിന്റും. ഏഴ് ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. ട്രാഫിക് സിഗ്നലുകള്‍ ലംഘിച്ചാല്‍ 1000 ദിര്‍ഹമാണ് ഫൈന്‍. കൂടെ 12 ബ്ലാക്ക് പോയിന്റും രണ്ട് മാസത്തേക്ക് വാഹനം പിടിച്ചെടുക്കലും. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ 400 ദിര്‍ഹം പോകും. നാല് ബ്ലാക്ക് പോയിന്റ് കിട്ടുകയും ചെയ്യും. ലൈസന്‍സില്ലാതെ ടാക്‌സി ഓടിച്ചാല്‍ 3000 ദിര്‍ഹമും 24 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.
അബുദാബി റോഡുകളില്‍ അനാവശ്യമായി ഹോണടിച്ചാല്‍ പിഴ; 12 ബ്ലാക്ക് പോയിന്‍റെും
Tags: abudabi