തിരുവനന്തപുരം പബ്ലിക് ഓഫീസിന് സമീപം കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാറോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് ദൃക്‌സാക്ഷികള്‍. മാദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു ശ്രീറാമെന്നും നിലത്ത് നില്‍ക്കാത്ത അവസ്ഥയിലാണ് അയാള്‍ കാറില്‍ നിന്നും പുറത്തിറങ്ങിയതെന്നും ദൃക്‌സാക്ഷികള്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തി.
തിരുവനന്തപുരം മ്യൂസിയത്തിനു സമീപമാണ് ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചത്. സിറാജ് പത്രത്തിന്റെതിരുവനന്തപുരം ബ്യൂറോ ചീഫ് കെ.മുഹമ്മദ് ബഷീറാണ് മരിച്ചത്. അമിതവേഗത്തിലായിരുന്ന വാഹനം ബഷീറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്രീറാം വെങ്കിട്ടരാമന്റെ രണ്ട് കൈകള്‍ക്കും പരിക്കുള്ളതായാണ് റിപ്പോര്‍ട്ട്. കൂടെയുണ്ടായിരുന്നു സുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് ശ്രീറാം പറഞ്ഞിരുന്നത്. എന്നാല്‍ ഇത് കളവാണെന്ന് തെളിയുകയാണ്. സംഭവ സമയത്ത് അതുവഴി കടന്നുപോയ പലരും സോഷ്യല്‍ മീഡിയയില്‍ അടക്കം ഇത് സംബന്ധിക്കുന്ന വിവരങ്ങള്‍ കുറിച്ചിട്ടുണ്ട്. എല്ലാ വരും പങ്കുവയ്ക്കുന്നത് പുരുഷനാണ് കാറോടിച്ചതെന്ന വിവരം തന്നെയാണ്.