ലൗ ജിഹാദ് ആരോപിച്ച് കൊല്‍ക്കത്ത സ്വദേശിയായ മുസ്ലിം യുവാവിനെ മഴു കൊണ്ട് വെട്ടിയ ശേഷം പെട്രോളൊഴിച്ചു ചുട്ടു കൊല്ലുകയും കൊലപാതക ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത രാജസ്ഥാന്‍ സ്വദേശിയായ സംഘപരിവാറുകാരന്‍ ശംഭുലാല്‍ ജയിലില്‍ നിന്ന് മൊബൈലില്‍ ലൈവ് വീഡിയോ ചെയ്തു.
ശംഭുലാല്‍ റെഗാര്‍ ജയിലില്‍ നിന്നും ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കുന്നതിന്റെ വീഡിയോയാണ് പുറത്തായിരിക്കുന്നത്. മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ ജയിലിനുള്ളില്‍ വച്ച് ചിത്രീകരിച്ച് പുറത്തുവിടുകയായിരുന്നു. അഫ്രസുലിനെ കൊന്നതില്‍ തനിക്ക് പശ്ചാത്താപമില്ലെന്ന് റെഗാര്‍ വീഡിയോയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആറിനാണ് അഫറാസുല്‍ ഖാനെന്ന കൂലിപ്പണിക്കാരനെ ശംബുലാല്‍ റെഗാര്‍ വെട്ടിയ ശേഷം കത്തിച്ച് കൊന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. ബന്ധുവായ കൗമാരക്കാരനെയാണ് ഇയാള്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ഏല്‍പ്പിച്ചത്. ജോലി നല്‍കാമെന്ന് പറഞ്ഞ് മുഹമ്മദ് അഫ്രസുലിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇയാള്‍ കൂട്ടിക്കൊണ്ട് വരികയും കൊലപ്പെടുത്തുകയുമായിരുന്നു.
അക്രമത്തില്‍ നിലത്തുവീണ അഫ്രസുല്‍ നിലവിളിക്കുന്നതും ജീവന് വേണ്ടി യാചിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. തുടര്‍ന്ന് കൊലപാതകിയും വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. ഈ കേസില്‍ ജയിലില്‍ കഴിയവെയാണ് ഇയാള്‍ വീണ്ടും വര്‍ഗീയ പ്രചരണവുമായി രംഗത്ത് വന്നിരിക്കുന്നത്. സഹതടവുകാരന്റെ അടുത്ത് നിന്ന് ഇയാള്‍ തന്നെ കൊല്ലാന്‍ വന്ന ജിഹാദിയാണെന്ന് സംശയിക്കുന്നതായി റെഗാര്‍ പറയുന്നു. ജാക്കറ്റും ഇയര്‍ ഫോണും ധരിച്ചാണ് ഇയാള്‍ ജയിലില്‍ നിന്നും സംസാരിക്കുന്നത്.