എന്‍റെ കണ്ണുകള്‍ സംരക്ഷിക്കണം; കണ്ണൂചൂഴ്‌ന്നെടുക്കുമെന്ന സരോജ്പാണ്ഡെയുടെ പരാമര്‍ശത്തിനെതിരെ കണ്ണുകെട്ടി പരാതി നല്‍കാനെത്തി നടന്‍ അലന്‍സിയര്‍

കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി ജനറല്‍ സെക്രട്ടറിയും മുന്‍ എം.പിയുമായ സരോജ് പാണ്ഡെയുടെ പരാമര്‍ശത്തിനെതിരെ കണ്ണുകെട്ടി പരാതി പറയാനെത്തി നടന്‍ അലന്‍സിയര്‍. കൊല്ലം ചവറ പോലീസ് സ്‌റ്റേഷനിലെത്തിയാണ് അലന്‍സിയര്‍ പരാതി നല്‍കിയത്. സി.പി.എം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി കണ്ണ്ചൂഴ്‌ന്നെടുക്കുമെന്നായിരുന്നു സരോജ് പാണ്ഡെയുടെ പരാമര്‍ശം. ഇന്നു രാവിലെയാണ് കറുത്ത തുണികൊണ്ട് കണ്ണുകെട്ടി അലന്‍സിയര്‍ കൊല്ലം ചവറ സി.ഐ ഓഫീസിലെത്തിയത്. തന്റെ കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെടാന്‍ പോവുകയാണ്. തന്റെ കണ്ണുകള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദി ബിജെപി നേതാവ് സരോജ് പാണ്ഡെ ആയിരിക്കുമെന്നും അലന്‍സിയര്‍ പറഞ്ഞു. എന്നാല്‍ രേഖാ മൂലം പരാതി നല്‍കിയാലേ കേസെടുക്കാനാവുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. നേരത്തേയും വ്യത്യസ്ഥ രീതിയിലുള്ള പ്രതിഷേധ പ്രകടനവുമായി പ്രത്യക്ഷപ്പെട്ട നടനാണ് അലന്‍സിയര്‍. സംവിധായകന്‍ കമലിന്റെ ദേശീയഗാന വിവാദത്തിലും പിന്തുണയുമായി അദ്ദേഹം എത്തിയിരുന്നു. തെരുവില്‍ ഒറ്റയാള്‍ നാടകം അവതരിപ്പിച്ചായിരുന്നു അന്നത്തെ പ്രതിഷേധം. കാസര്‍കോഡ് വെച്ചായിരുന്നു അന്ന് പ്രതിഷേധിച്ചത്. വീട്ടില്‍ കയറി കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന സരോജ് പാണ്ഡെയുടെ പരാമര്‍ശത്തിന് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. സി.പി.എം പ്രവര്‍ത്തകരുടെ രോമത്തെപ്പോലും മുറിവേല്‍പ്പിക്കാന്‍ ആര്‍.എസ്.എസിന് കഴിയില്ലെന്ന് കൊടിയേരി പറഞ്ഞു. കലാപത്തിനുളള ആഹ്വാനമാണ് ബിജെപി നേതാക്കള്‍ നടത്തുന്നത്. കലാപത്തിനുള്ള ആഹ്വാനം നടത്തിയ സരോജ് പാണ്ഡെക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Top