ഇടുക്കി: നടന്‍ ബാബുരാജിനു നെഞ്ചില്‍ വെട്ടേറ്റു. കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടയിലാണ് നടനെതിരെ ആക്രമണമുണ്ടായത്. അടിമാലിക്കടുത്ത് ഇരുട്ടുകാനത്തുള്ള എമറാള്‍ഡ് റിസോര്‍ട്ടില്‍വച്ച് ഇന്ന് പകല്‍ 12 മണിയോടെയാണ് വെട്ടേറ്റത്. അടിമാലി മോര്‍ണിങ് സ്റ്റാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ആലുവ രാജഗിരി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.
ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള അടിമാലിയിലെ റിസോര്‍ട്ടില്‍ വച്ചുണ്ടായ വാക്കേറ്റത്തിനിടയിലാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. റിസോര്‍ട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് സമീപസാവികളുമായി തര്‍ക്കമുണ്ടായി. തര്‍ക്കം വാക്കേറ്റത്തിലേക്കും അതു പിന്നീട് കയ്യാങ്കളിയിലേക്കും നീളുകയായിരുന്നു. ഇതിനിടയില്‍ സമീപവാസികളില്‍ ഒരാള്‍ കയ്യിലിരുന്ന വാക്കത്തി കൊണ്ട് ബാബുരാജിനെ വെട്ടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
സമീപവാസികളില്‍ ചിലര്‍ ഈ കുളത്തിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. വേനല്‍ക്കാലത്ത് കുളം വറ്റിക്കാനുള്ള ബാബുരാജിന്റെ തീരുമാനത്തിനെതിരെയാണു സമീപവാസികള്‍ സംഘടിച്ച് എത്തി എതിര്‍ക്കുകയായിരുന്നു. ബാബുരാജിന്റെ ഇടതു നെഞ്ചിലാണു വെട്ടേറ്റത്. പരുക്ക് ഗുരുതരമല്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ബാബുരാജിനെ കൊച്ചി രാജഗിരി ആശുപത്രിയിലേക്കു കൊണ്ടു പോയി.
ബുബുരാജിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. ഏലക്കാടിനു നടുവിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. സമീപവാസിയായ വ്യക്തിയുമായി കുളം നിര്‍മ്മിച്ചതും അതിര്‍ത്തി സംബന്ധിച്ചതുമായ തര്‍ക്കം നിലനിന്നിന്നിരുന്നു. അയല്‍വാസിയാണ് വെട്ടിയതെന്നാണ് സൂചന. അടിമാലി എസ്. ഐ: സുരേഷിന്റെ നേതൃത്വത്തില്‍ പ്രതിക്കായി ഊര്‍ജിത തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
നേരത്തെ നടന്റെ റിസോര്‍ട്ട് ഭൂമി കൈയേറി നിര്‍മ്മിച്ചതാണെന്ന ആരോപണമുയര്‍ന്നിരുന്നു. ഈ കേസില്‍ കോട്ടയം ക്രൈംബ്രാഞ്ച് ചാര്‍ജ് ചെയ്ത കേസില്‍ പ്രതി നടന്‍ ബാബുരാജിനെ കുറ്റക്കാരനല്ലെന്നും ഉത്തരവിട്ടിരുന്നു. ദേവികുളം താലൂക്കില്‍ ആനവിരട്ടി വില്ലേജില്‍ ഇരുട്ടുകാനം കമ്പിലൈന്‍ ഭാഗത്തു സര്‍ക്കാര്‍ തരിശുഭൂമി കയ്യേറി റിസോര്‍ട്ടുകള്‍ പണിതും കരിങ്കല്‍ക്കെട്ടുകള്‍ നിര്‍മ്മിച്ചും രൂപഭേദം വരുത്തി സര്‍ക്കാരിനു നഷ്ടം വരുത്തിയെന്ന് ആരോപിച്ചായിരുന്നു കേസ് എടുത്തത്. എന്നാല്‍ വിചാരണയ്ക്കിടയില്‍ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനായിരുന്നില്ല.