കൊച്ചി: നടൻ ബാലയ്ക്ക് ജാമ്യം. പരാതിക്കാരിയെയും മകളെയും കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പരാമർശം നടത്താൻ പാടില്ലെന്ന കർശന നിർദ്ദേശത്തോടെയാണ് നടന് ജാമ്യം അനുവദിച്ചത്. എറണാകുളം ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബാലയ്ക്ക് ജാമ്യം നൽകിയത്. മുൻ ഭാര്യയേയും മകളെയും ബന്ധപ്പെടാൻ പാടില്ലെന്നും നിബന്ധനകളിലുണ്ട്. മാധ്യമങ്ങളിൽ പരാതിക്കാരിയെ കുറിച്ച് പരാമർശം നടത്തരുതെന്ന് നിർദേശമുണ്ട്.
അറസ്റ്റ് ചെയ്യപ്പെട്ടതിലോ കോടതിയിൽ വന്നതിലോ വേദനയില്ല, തന്റെ ചോര തന്നെ തനിക്കെതിരെ തിരിഞ്ഞതിൽ വിഷമമുണ്ടെന്നാണ് ജാമ്യം ലഭിച്ചതിന് പിന്നാലെ ബാല പ്രതികരിച്ചത്. അവർക്കെതിരെ ഇനി ഒന്നും പറയില്ലെന്നും ബാല പറഞ്ഞു.
പരാതിക്കാരിക്കോ മകള്‍ക്കോ എതിരെ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അപ്‌ലോഡ് ചെയ്യരുത് എന്നതെന്നാണ് കോടതിയുടെ പ്രധാന നിര്‍ദേശമെന്ന് ബാലയുടെ അഭിഭാഷക ഫാത്തിമ സിദ്ദിഖ് പ്രതികരിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും അഭിഭാഷക ഫാത്തിമ സിദ്ദിഖ് പ്രതികരിച്ചു.
കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് ബാലയുടെ അഭിഭാഷക അറിയിച്ചത്. എന്നാൽ മൂന്ന് ആഴ്ച്ചയിൽ കൂടുതലായി മുൻ ഭാര്യയെ കുറിച്ചും മകളെ കുറിച്ചും സംസാരിക്കാത്തതെന്നും പിന്നെ എന്തിനാണ് അറസ്‌റ്റ് ചെയ്‌തത് എന്ന് അറിയില്ലെന്നുമായിരുന്നു ബാല മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് താരത്തിന് ഉപാധികളോടെ ജാമ്യം ലഭിച്ചിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെയാണ് നടൻ ബാലയെ ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ നിന്ന് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കടവന്ത്ര പോലീസാണ് ബാലയെ അറസ്‌റ്റ് ചെയ്‌തത്. ജുവനൈല്‍ ജസ്‌റ്റിസ് ആക്‌ട് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ബാലക്കെതിരെ ചുമത്തിയിരുന്നത്. ഇതിന് പിന്നാലെ താരത്തിന് ജാമ്യം ലഭിക്കുന്നതിനായി അഭിഭാഷകർ ശ്രമം തുടങ്ങിയിരുന്നു. തന്നെ അറസ്‌റ്റ് ചെയ്‌തതിൽ വേദനായില്ലെന്നും പക്ഷേ സ്വന്തം ചോര തന്നെ എതിരെ നിൽക്കുന്നതിൽ മാത്രമേ വേദനയുള്ളൂ എന്നുമാണ് ബാല മാധ്യമങ്ങളോട് പ്രതികരിച്ചത്.
എന്നാൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങളിൽ പ്രതികരിക്കാൻ താരം തയ്യാറായിരുന്നില്ല. ജാമ്യ വ്യവസ്ഥകൾ പാലിക്കേണ്ടത് കൊണ്ട് തന്നെ താരം മുൻ ഭാര്യയുടെ ആരോപണങ്ങളിൽ കൂടുതൽ പ്രതികരണം നടത്താനിടയില്ല. അതേസമയം, കേസെടുത്ത് പരാതിക്കാരിയുടെ രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ചാണ് എന്നായിരുന്നു ബാല കോടതിയിൽ വാദിച്ചത്. മുൻ ഭാര്യയെയോ മകളെയോ താൻ പിന്തുടർന്നിട്ടില്ലെന്നും നടൻ പറഞ്ഞു. ഇതിന് പുറമേ ബാലയുടെ ആരോഗ്യ പ്രശ്‌നങ്ങൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതിന് ഒടുവിലാണ് താരത്തിന് ജാമ്യം ലഭിച്ചത്.