കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഞെട്ടിയിരുന്നു. സിനിമാരംഗങ്ങളെ വെല്ലുന്ന കാര്യങ്ങളായിരുന്നു പിന്നീടങ്ങോട്ട് അരങ്ങേറിയത്. സംഭവുമായി ബന്ധപ്പെട്ട് ജനപ്രിയ നായകന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് പ്രേക്ഷകരെ ഞെട്ടിച്ചൊരു സംഭവമായിരുന്നു. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്. ജയില്‍വാസത്തിന് ശേഷം ദിലീപിനെ കണ്ടുമുട്ടിയതിനെക്കുറിച്ച് ബാലചന്ദ്രമേനോന്‍ പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പുതിയ ചിത്രമായ എന്നാലും ശരതിന്റെ ഡബ്ബിംഗിനിടയില്‍ ലാല്‍ മീഡിയയില്‍ വെച്ചാണ് ബാലചന്ദ്രമേനോന്‍ ദിലീപിനെ കണ്ടുമുട്ടിയത്. കമ്മാരസംഭവത്തിന്റെ ഡബ്ബിംഗിനെത്തിയതായിരുന്നു ദിലീപ്. ജയില്‍ വാസത്തിന് ശേഷം ദിലീപിനെ കണ്ടതിനെക്കുറിച്ച് ബാലചന്ദ്രമേനോന്‍ പോസ്റ്റ് ചെയത കുറിപ്പ് ഇങ്ങനെ:
ഞാന്‍ ദിലീപിനെ കണ്ടുമുട്ടി .
അതും തികച്ചും ആകസ്മികമായിട്ട് …
ലാല്‍ മീഡിയായില്‍ ‘എന്നാലും ശരത് ‘ എന്ന എന്റെ ചിത്രത്തിന്റെ അന്നത്തെ ഡബ്ബിങ് തീര്‍ത്തു പോവുകയായിരുന്നു ഞാന്‍. ദിലീപാകട്ടെ തന്റെ വിഷു ചിത്രമായ ‘:കമ്മാര സംഭവത്തിനു ‘ വന്നതും .
ജയില്‍ വാസം കഴിഞ്ഞുള്ള ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു അത്. ഏതാണ്ട് അരമണിക്കൂറോളം നിന്ന നില്‍പ്പില്‍ ഞങ്ങള്‍ ആ സംഗമം ആഘോഷിച്ചു. വിഷയങ്ങള്‍ ഓരോന്നായി മാറി മാറി വന്നു. ദിലീപിന്റെ ഓരോ വാക്കിലും എന്തും തഞ്ചത്തോടെ നേരിടാനുള്ള ഒരു ലാഘവം ഞാന്‍ കണ്ടു.
പ്രതിസന്ധികളില്‍ തളരാത്ത ഒരു മനസ്സുണ്ടാവുകയെന്നതു അത്ര ചെറിയ കാര്യമല്ല .( പരീക്ഷയില്‍ തോറ്റു പോയതിനു ഇന്നും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന രാജ്യമാണ് ഇന്ത്യ എന്നത് കൂടി ഓര്‍ക്കുക.)
ശാന്തമായ സ്വരത്തില്‍ ദിലീപ് എന്നോട് പറഞ്ഞു :
‘ അവിടെ അകത്തുള്ളവര്‍ക്കു പുറത്തു സൗഹൃദം നടിക്കുന്ന പലരേക്കാളും എന്നോട് സ്‌നേഹമുണ്ടെന്നു ഞാന്‍ മനസ്സിലാക്കി …. ‘
അത് കലാകാരന്റെ മാത്രം നേട്ടമാണ്. പ്രേക്ഷകമനസ്സില്‍ ‘ഇഷ്ട്ടം ‘ ( അങ്ങിനെ പേരുള്ള ഒരു ചിത്രത്തില്‍ മാത്രമേ ഞാന്‍ ദിലീപിനൊപ്പം അഭിനയിച്ചിട്ടുള്ളു . നവ്യാനായരുടെ അച്ഛനായിട്ടു . നവ്യയുടെ സിനിമയിലെ ആദ്യത്തെ അച്ഛനും ഞാനാണെന്ന് തോന്നുന്നു ) നേടിയിട്ടുള്ള ദിലീപിന് ആ പിന്തുണ ഏറെ ഉണ്ടാവും.ഇനി തന്റെ മുമ്പിലുള്ള ഏക വെല്ലുവിളി ആ നിരപരാധിത്വം തെളിയിക്കുക എന്നതാണ് .ആ ദൃഢ നിശ്ചയമാണ് ഞാന്‍ ദിലീപിന്റെ മുഖത്തു കണ്ടത് …
ഒരു കാര്യം കൂടി ഞാന്‍ ദിലീപിനോട് പങ്കു വെച്ചു . ‘എന്നാലും ശരത്തി’ ലെ ഒരു രംഗത്തു എന്നെയും ലാല്‍ ജോസിനെയും കൈയാമം വെച്ചുകൊണ്ട് പോകുന്ന ഒരു രംഗമുണ്ട്. അതിന്റെ ഷൂട്ടിംഗിനുള്ള ക്രമീകരണങ്ങള്‍ എല്ലാം കഴിഞ്ഞു . കോസ്റ്റിയുമര്‍ വന്നു കയ്യില്‍ വിലങ്ങിട്ടു പൂട്ടിയ നിമിഷം ഞാന്‍ ദിലീപുമായി ഷെയര്‍ ചെയ്തു. എനിക്കേറ്റവും ദുസ്സഹമായി തോന്നിയത് വീട്ടില്‍ നിന്ന് പോലീസ് ജീപ്പിലേക്കുള്ള വഴി മദ്ധ്യേ നാട്ടുകാര്‍ കൂട്ടം കൂടി നില്‍ക്കാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍സ് ഏര്‍പ്പാട് ചെയ്തിരുന്ന . വിലങ്ങണിഞ്ഞ ഞാന്‍ നടന്നു പോകുമ്പോള്‍ അവര്‍ എന്നെ നോക്കി ഒരു കുറ്റവാളി എന്ന നിലയില്‍ ആക്രോശിക്കുന്നത് അഭിനയമായിട്ടുകൂടി എനിക്ക് പൊള്ളുന്നതായി തോന്നി .
‘ആ നിമിഷമാണ് ഒരു പക്ഷെ ഞാന്‍ താങ്കളുടെ മനസ്സിന്റെ നിലയിലേക്ക് ഇറങ്ങിച്ചെന്നത്. അത് എനിക്ക് ഭീകരമായ ഒരു അനുഭവമായിരുന്നു ….’
അത് കേട്ട് ദിലീപ് ചിരിച്ചു. ആ ചിരിയിലും ഒരു ദൃഢതയുണ്ടായിരുന്നു.
ദിലീപ് എന്ന കലാകാരനെ ഏവര്‍ക്കും ഇഷ്ടമാണ്.ആ ഇഷ്ട്ടം വീണ്ടും വീണ്ടും പകരാനായി ഇപ്പോഴത്തെ ഈ കടുത്ത പരീക്ഷണത്തെ അതിജീവിച്ചു ഉത്സുകനായി അദ്ദേഹം വരട്ടെ, പ്രേക്ഷക ലോകത്തിലേക്കു …