അരപ്പിരി ഇളകിയത് എനിക്കല്ല, എല്ലാവര്‍ക്കും: രജിത് കുമാര്‍ വിഷയത്തില്‍ പ്രതികരിച്ച നടന്‍ ബാലചന്ദ്ര മേനോന്‍

ബിഗ് ബോസില്‍ നിന്ന് രജിത് കുമാര്‍ പുറത്തായതിനു പിന്നാലെ നിരവധി കോലാഹലങ്ങളാണ് ഉണ്ടായത്. സോഷ്യല്‍ മീഡിയയിലൂടെ പലരും ശക്തമായി വിമര്‍ശിക്കുന്നു, ചിലര്‍ രജിത്തില്ലാത്ത ഷോ ഞങ്ങള്‍ കാണില്ലെന്ന് പറഞ്ഞ് ബഹിഷ്‌കരിക്കുന്നു. ഫോണ്‍ നിലത്തുടയ്ക്കുന്നു. ഇപ്പോള്‍ രജിത്തിനെ അറസ്റ്റ് ചെയ്തതിനുപിന്നാലെ നടനും സംവിധായകനുമായി ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് പോസ്‌റ്റെത്തി. പല കാര്യങ്ങളും ജനങ്ങള്‍ക്കായി പങ്കുവയ്ക്കുകയാണ് അദ്ദേഹം. അതിനൊപ്പം രജിത് വിഷയവും.

ബാലചന്ദ്ര മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

967 ല്‍ ശ്രീ പി.എ . തോമസ് സംവിധാനം ചെയ്ത ‘ ജീവിക്കാന്‍ അനുവദിക്കൂ ‘ (അപ്പോള്‍ , അന്നേ ആരും ജീവിക്കാന്‍ അനുവദിക്കാറില്ല എന്ന് സ്പഷ്ടം. ) എന്നൊരു ചിത്രമുണ്ട് . അതില്‍ പി . ഭാസ്‌ക്കരന്‍ എഴുതി വിജയഭാസ്‌ക്കര്‍ സംഗീത സംവിധാനം ചെയ്ത ഒരു പാട്ടുണ്ട് . അത് പാടിയതാകട്ടെ , പതിവിനു വിപരീതമായി യേശുദാസും പിന്നെ പട്ടം സദനും ‘അരപ്പിരി ഇളകിയാതാര്‍ക്കാണ് ? എനിക്കല്ലാ ..എനിക്കല്ലാ .. എല്ലാര്‍ക്കും എല്ലാര്‍ക്കും പിരിയിളക്കം പിരിയിളക്കം !’

സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ അന്ന്, ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍, ‘അടിച്ചു പൊളിച്ചതാണ് ഈ പാട്ട് .ഇപ്പോള്‍ ഓര്‍ക്കാപ്പുറത്ത് ഈ പാട്ടു ഓര്‍ക്കാനും ഒരു കാരണമുണ്ട് .അടുത്തിടെ എന്റെ ഫേസ്ബുക്കില്‍ ഒരു ചങ്ങാതി ഒരു കുസൃതി ചോദ്യം ഉന്നയിച്ചു :’താങ്കളുടെ ഒരു പിരി ‘ലൂസാ’ ണെന്ന് ഞാന്‍ പറഞ്ഞാല്‍ സമ്മതിക്കുമോ?’ ആലോചിച്ചപ്പോള്‍ എന്റെ പല തീരുമാനങ്ങളും കാണുമ്‌ബോള്‍ അല്ലെങ്കില്‍ എന്റെ ചുറ്റുപാടുകളോട് ഞാന്‍ പ്രതികരിക്കുന്ന രീതികള്‍ കണ്ടാല്‍ ഒരു പിരി അറിയാതെ ലൂസായിപ്പോയോ എന്ന സംശയം തോന്നാം . അല്ലെങ്കില്‍ ,അന്റാര്‍ട്ടിക്ക ഒഴിച്ച് ഭൂതലത്തിലാകെ കാട്ടുതീ പോലെ പടര്‍ന്നു പിടിക്കുന്ന ‘കൊറോണാ വൈറസ് ‘ അല്ലെങ്കില്‍ കോവിഡ് 19 എന്ന മഹാമാരിയെക്കുറിച്ചു കേള്‍ക്കുമ്‌ബോള്‍ ഇങ്ങനൊക്കെ കാടുകയറി ആലോചിക്കേണ്ട വല്ല കാര്യവുമുണ്ടോ എന്ന് നിങ്ങള്‍ക്ക് തോന്നാം. ഇനി ഞാന്‍ എന്റെ ചിന്തകളില്‍ വ്യാപരിക്കട്ടെ .

പ്രൈമറി സ്‌കൂള്‍ കാലത്തു രാത്രിയില്‍ ഉറങ്ങുവാന്‍ മുത്തശ്ശി എന്നും എനിക്ക് ഓരോ കഥ പറഞ്ഞു തരും . കംസന്റെ കസ്റ്റഡിയില്‍ പിറന്ന കൃഷ്ണന്റെ ജനന വിശേഷങ്ങളില്‍ മഴയും പ്രളയവുമൊക്കെ വന്നു . മഴ എനിക്കറിയാം . പക്ഷെ പ്രളയം എന്നാല്‍ എന്താണ് ? വെള്ളം കരയിലേക്ക് ഇരച്ചു കയറി എല്ലാം മുക്കിക്കളയും ! ഇത് എവിടെ എന്ന് നടക്കാനാണ് എന്ന് ഞാന്‍ മുത്തശ്ശിയോട് ചോദിച്ചു. കഥയില്‍ മസാല ചേര്‍ക്കുന്നതിനും ഒരു പരിധി വേണ്ടേ മുത്തശ്ശി ? ,ഞാന്‍ പൊട്ടിച്ചിരിച്ചു .

എന്നാല്‍ കഴിഞ വര്‍ഷം ഞാന്‍ ജീവിതത്തില്‍ കണ്ട ആദ്യ പ്രളയം എന്റെ കൊച്ചു കേരളത്തെ വിഴുങ്ങുന്നത് ഞാന്‍ കണ്ടു . ടി വി യില്‍ കണ്ട ദുരന്തദൃശ്യങ്ങള്‍ കണ്ട് എന്റെ മനസ്സ് പൊട്ടിക്കരഞ്ഞു. മുത്തശ്ശി അന്ന് പറഞ്ഞത് ഇന്ന് സത്യമായല്ലോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു .മുത്തശ്ശിക്ക് സ്തുതി .

അന്നൊക്കെ രാവിലെ അടുക്കളയിലെ പെണ്ണുങ്ങള്‍ ചന്തസാമാനങ്ങള്‍ പോയി വാങ്ങി മുത്തശ്ശി സമക്ഷം സമര്‍പ്പിക്കണം .വിലവിവരങ്ങള്‍ ബോധ്യപ്പെടുത്തണം .മുത്തശ്ശി ഒരിക്കല്‍ ദേഷ്യപ്പെടുന്നത് ഞാന്‍ കേട്ടു .’അടുക്കള സാധനങ്ങള്‍ക്കൊക്കെ എന്ത് തീ പിടിച്ച വിലയാ പൊന്നമ്മേ ! ഇങ്ങനെയാണേല്‍ നാളെ കുടിക്കാനുള്ള വെള്ളം കാശു കൊടുത്ത് വാങ്ങേണ്ടി വരുമല്ലോ ‘

മുത്തശ്ശി നേരത്തെ മരിച്ചതുകൊണ്ടു അതു വേണ്ടി വന്നില്ല . എന്നാല്‍ ഞങ്ങള്‍ കുടിവെള്ളം കാശു കൊടുത്ത് വാങ്ങി കുടിക്കാന്‍ തുടങ്ങി .. അത് കുടിച്ചു കൊണ്ടിരിക്കുമ്‌ബോള്‍ ‘കുടിവെള്ളത്തില്‍ കക്കൂസ് മാലിന്യം ‘ എന്ന ചാനല്‍ വാര്‍ത്ത കേള്‍ക്കാതിരുന്നാല്‍ മാത്രം മതിയായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ട് .

ഒരു രാത്രിയില്‍ എന്തോ പറഞ്ഞുള്ള സന്തോഷത്തില്‍ എന്നെ വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞു :’നീ നോക്കിക്കോ ..നീ നല്ല കുട്ടിയാണെങ്കില്‍ നിനക്കു ഞാനെന്റെ ‘ചങ്കും കരളും ‘ പറിച്ചു തരും .’ അപ്പോഴും ഞാന്‍ മുത്തശ്ശിയെ കളിയാക്കി .’മുത്തശ്ശി എന്ത് മണ്ടത്തരമാ ഇപ്പറയുന്നെ ? ചങ്കും കരളും അങ്ങ് അകത്തല്ലേ ഇരിക്കുന്നെ ‘

മുത്തശ്ശി പറഞ്ഞ ആ കാര്യവും യാഥാര്‍ഥ്യമായി .പക്ഷെ ,കരളും ഹൃദയവുമൊക്കെ മാറ്റി വെക്കുന്ന ശസ്ത്രക്രിയകള്‍ നാട്ടില്‍ പ്രചാരത്തിലാവുന്നതിനു മുന്‍പേ മുത്തശ്ശി പരലോകം പൂകി. നമുക്ക് ചുറ്റുമുള്ള ലോകം അല്‍പ്പം മതി മറന്നോ എന്ന് ഒരു സംശയം . കൂപ്പുകൈ പഴഞ്ചനായപ്പോള്‍ കെട്ടിപ്പിടുത്തമായി നാട്ടു നടപ്പ് .അതുകുറച്ചുക്കൂടി ന്യൂജെന്‍ ആയപ്പോള്‍ ചുംബനസമരം വരെയായി ..റെസ്ടാറന്റുകളില്‍ ‘റോബോട്ടുക’ള്‍ പരിചിതമുഖങ്ങളായി.

കൊറോണയുടെ വരവോടെ നാട്ടില്‍ പുതിയനിയമങ്ങളും സദാചാരബോധവും വന്നു , മനുഷ്യന്‍ മനുഷ്യനില്‍ നിന്ന് ചുരുങ്ങിയത് രണ്ടു മീറ്ററെങ്കിലും ദൂരം സൂക്ഷിക്കണം അഭിവാദ്യങ്ങള്‍ കെട്ടിപ്പിടിച്ചും ഉമ്മ വെച്ചും വേണ്ട .ഭാരതത്തിന്റെ പാരമ്ബരാഗതശൈലിയില്‍ നമസ്‌തേയില്‍ ഒതുക്കണമെന്ന് . ദൈവം ഉറങ്ങുന്ന അമ്ബലങ്ങളിലെ ഉത്സവാഘോഷങ്ങള്‍ നിലച്ചു .പള്ളിയിലും മോസ്‌ക്കുകളിലും സുരക്ഷക്കായി ആചാരങ്ങളില്‍ വ്യത്യാസം വന്നു .സമൂഹജീവിയായ മനുഷ്യന് ജീവ രക്ഷാര്‍ത്ഥം ഒറ്റപ്പെടേണ്ടി വന്നു. ഉള്‍വലിയേണ്ടി വന്നു .

ടീവിയില്‍ കൊറോണയെ പ്രതിരോധിക്കാനായി കൈകള്‍ സോപ്പുപയോഗിച്ചു കഴുകുന്ന ഡെമോ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഭാര്യയോട് ഞാന്‍ പറഞ്ഞു.’ഇത് പണ്ട് മുത്തശ്ശി പറഞ്ഞിരുന്നതാ .പുറമെ നിന്ന് ആര് വന്നാലും നാലുകെട്ടിനുള്ളില്‍ കയറുന്നതിനു മുന്‍പ് കയ്യും കാലും മുഖവും നിര്‍ബന്ധമായും കഴുകണം . അതിനായി ഒരു കിണ്ടിയും വെള്ളവും എപ്പോഴും റെഡി .അത് ശീലിച്ചു പോന്നതുകൊണ്ടു ടി വി യിലെ ഡെമോ പുതുതായി തോന്നിയില്ല .

അപ്പോള്‍ പറഞ്ഞു വരുന്നത്, നാമെല്ലാം മുത്തശ്ശി പറഞ്ഞതുപോലെ കാര്യങ്ങള്‍ പരിപാലിച്ചിരുന്നുവെങ്കില്‍ കൊറോണ ഇത്ര കണ്ടു ആളാവില്ലായിരുന്നുവെന്നു തോന്നുന്നു . ഇല്ല വൈകിയിട്ടില്ല നമുക്ക് ഇനിയെങ്കിലും സ്വയം ശക്തരാകാം അതിനുള്ള ശേഷി നമുക്കുണ്ട് .മനസ്ഥിതി ഉണ്ടാവുകയേ വേണ്ടു..ഇങ്ങനെയൊക്കെ ചിന്തിച്ചതുകൊണ്ടു എന്റെ പിരി ലൂസായി എന്ന് ഞാന്‍ കരുതണോ ?

അകത്തു നിന്നും വന്ന ഭാര്യ അവള്‍ക്കിഷ്ട്ടപ്പെട്ട ഒരു വാട്‌സാപ്പ് വീഡിയോ എന്നെ കാണിച്ചു .ആ വീഡിയോയില്‍ കണ്ടത് ഒരു ഗൃഹനാഥന്‍ തന്റെ സ്വീകരണമുറിയിലിരുന്ന ടെലിവിഷന്‍ സെറ്റു കുപിതനായി പുറത്തേക്കുകൊണ്ടു വന്നു നിലത്തെറിഞ്ഞു പൊട്ടിക്കുന്നതായിട്ടാണ് . കാരണം ഒരു ചാനലില്‍ വരുന്ന ഷോയില്‍ നിന്ന് പുള്ളിക്കാരന് പ്രിയപ്പെട്ട ഒരു മത്സരാര്‍ത്ഥി പുറത്തായി , അത്ര തന്നെ എനിക്കിപ്പോള്‍ പൂര്‍ണ്ണ ബോധ്യമായി എന്റെ ഒരുപിരിയും ലൂസായിട്ടില്ലെന്ന് . മാത്രവുമല്ല ദാസേട്ടനും സദനും 1967 ല്‍ പാടിയ ആ വരികള്‍ ഞാന്‍ എനിക്ക് വേണ്ടി ഒന്നു കൂടി പാടിക്കോട്ടെ ‘അരപ്പിരി ഇളകിയാതാര്‍ക്കാണ് എനിക്കല്ലാ, എനിക്കല്ല എല്ലാര്‍ക്ക്‌മെല്ലാര്‍ക്കും പിരിയിളക്കം പിരിയിളക്കം ‘

Top