രജിത് ഫാന്‍സ് വിഷയം: മത്സരാര്‍ത്ഥിക്ക് വേണ്ടി ഒരു ആള്‍ക്കൂട്ടം നടത്തിയ അതിരുവിട്ട പ്രകടനം, സാമൂഹ്യ വിരുദ്ധരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ യാതൊരുവിധ മടിയും കാണിക്കില്ലെന്ന് കടകംപള്ളി

ബിഗ് ബോസ് താരം രജിത് കുമാറിനെ ഇന്നലെ കൊച്ചി വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ ഫാന്‍സ് ഭീതി ഉണര്‍ത്തുന്നു. കൊറോണ എന്ന പേടി സംസ്ഥാനത്ത് ഉടനീളം നിലനില്‍ക്കുന്നു. വിമാനത്താവളമാണ് പ്രധാന ചെക്കിംഗ് മേഖല. ഇത്തരം ഒരവസ്ഥയിലാണ് നീറുകണക്കിനാളുകള്‍ കൂട്ടമായി എത്തിയത്. ഇതിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. ഇനി ഇത്തരത്തിലുള്ള സ്വീകരണ പരിപാടികള്‍ സംസ്ഥാനത്ത് എവിടെയെങ്കിലും ആവര്‍ത്തിക്കാന്‍ ശ്രമം ഉണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

കൊറോണയെ ചെറുക്കാന്‍ ആള്‍ക്കൂട്ടങ്ങളും പൊതുപരിപാടികളും ഒഴിവാക്കണമെന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം ഉണ്ടായിട്ടും ഇത്തരം നിയമലംഘനം അംഗീകരിക്കാനാകില്ല. സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആളുകള്‍ ഒത്തുകൂടാന്‍ സാധ്യതയുള്ള വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പുരാതനവും പ്രസിദ്ധവുമായ ആരാധനാലയങ്ങളിലെ അടക്കം ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ കേരളം ഒന്നിച്ച് ഒറ്റക്കെട്ടായി നടത്തുന്ന ഈ പ്രവര്‍ത്തനങ്ങളെ അവഹേളിക്കുന്ന തരത്തിലാണ് ഇന്നലെ കൊച്ചി വിമാനത്താവളത്തില്‍ ഒരു ടി.വി. ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിക്ക് വേണ്ടി ഒരു ആള്‍ക്കൂട്ടം നടത്തിയ അതിരുവിട്ട പ്രകടനം. ഇതിന് നേതൃത്വം നല്‍കിയവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആളുകള്‍ കൂട്ടം കൂടുന്നതും അടുത്ത് ഇടപഴകുന്നതും കൊവിഡ് രോഗബാധ നിയന്ത്രണാതീതമാകുന്നതിന് ഇടയാകുമെന്ന് ലോകമാകെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. ഇതനുസരിച്ചുള്ള മുന്‍കരുതലുകള്‍ സംസ്ഥാനത്തുടനീളം ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ആരോഗ്യ വകുപ്പ് സ്വീകരിക്കുമ്‌ബോഴാണ് ആരാധകര്‍ എന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ ഈ കോപ്രായം കാണിച്ചത്. ഇത് ഇനി സംസ്ഥാനത്ത് എവിടെയെങ്കിലും ആവര്‍ത്തിക്കാന്‍ ശ്രമം ഉണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകും.

കേരളത്തിന്റെ പൊതുജനാരോഗ്യത്തെ അപകടമുണ്ടാക്കുന്ന ഈ സാമൂഹ്യ വിരുദ്ധരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ യാതൊരുവിധ മടിയും കാണിക്കില്ലെന്ന് ആവര്‍ത്തിക്കുന്നു.

മലയാളത്തിലെ ഒരു ടി.വി. ഷോയിലെ മത്സരാര്‍ഥിയുടെ ഫാന്‍സ് അസോസിയേഷന്‍ ഇന്ന് ആറ്റിങ്ങലില്‍ ഒരു സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കാണാനിടയായി. സംസ്ഥാനത്ത് കോവിഡ് 19ന്റെ സാഹചര്യത്തില്‍ ഒരു കാരണവശാലും അത്തരത്തിലുള്ള ഒരു ആള്‍ക്കൂട്ടവും അനുവദിക്കാന്‍ പാടില്ലെന്ന് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിന് മുതിരുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മനുഷ്യര്‍ ഇന്ന് ഒരു അദൃശ്യനായ മഹാമാരിയെ നേരിടുകയാണ്. നമ്മള്‍ ഒരോത്തരുടെയും ജാഗ്രത കുറവ് കാരണം നമ്മുടെ സമൂഹം തന്നെ അതിന്റെ ഭവിഷത്ത് അനുഭവിക്കേണ്ടി വരുമെന്ന ഉത്തമ ബോധ്യം നമുക്ക് തന്നെ ഉണ്ടാകണം. ഭയമല്ല, ജാഗ്രതയാണ് വേണ്ടത്.

Top