
തൃശൂര്‍: ചലച്ചിത്ര താരങ്ങളെ കൊല്ലുന്ന പരിപാടി സോഷ്യല്‍മീഡിയ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പ്രശസ്ത താരം ഇന്നസെന്റിനെ തന്നെ പലതവണ കൊന്നു കഴിഞ്ഞു. വീണ്ടും ഇന്നസെന്റ് മരിച്ചെന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. ഒടുവില്‍ സഹികെട്ട് ഇന്നസെന്റ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
താന്‍ മരിച്ചെന്ന് പ്രചരിക്കുന്ന വാര്‍ത്തയുടെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് ഇന്നസെന്റ് പരാതി നല്‍കിയത്. ഇത് രണ്ടാം തവണയാണ് ഇന്നസെന്റ് മരിച്ചതായി വാര്‍ത്ത പ്രചരിക്കുന്നത്. മെയ് 25ന് എല്‍ഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ദിനത്തിലും ഇന്നസെന്റ് മരിച്ചെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. തുടര്‍ന്ന് വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി എംപി പരസ്യപ്രസ്താവന നടത്തി രംഗത്തെത്തി. തുടര്‍ന്നും തെറ്റായ വാര്‍ത്ത പ്രചരിക്കുന്ന സാഹചര്യത്തിലാണ് വാര്‍ത്തയുടെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഇന്നസെന്റ് പരാതി നല്‍കിയത്.