കൊച്ചി: സംവിധായകന് വിനയന്റെ പടത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയ തന്നെ അത് തിരിച്ചു കൊടുപ്പിച്ചതും അഭിനയിക്കാന്‍ സമ്മതിക്കാത്തതും മുകേഷാണെന്ന് നടന് ഷമ്മി തിലകന്.
ഭാവി ഇരുളടഞ്ഞതാവുമെന്ന മുകേഷിന്റെ ഭീഷണി ഭയന്നിട്ടാണ് പിന്മാറിയത്. ഒരാഴ്ച മുന്‍പ് താന്‍ ചിലതു പറയാന്‍ തയ്യാറെടുത്തതാണെന്നും മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് അനുനയിപ്പിച്ചതെന്നും ഷമ്മി വെളിപ്പെടുത്തി.
തിലകനു മാത്രമല്ല, തനിക്കും സിനിമയില്‍ അവസരം നിഷേധിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലാണ് മകന് ഷമ്മി തിലകന് നടത്തിയിരിക്കുന്നത്. വിരമിക്കല്‍ പ്രായമായെന്നു കരുതിയാവും അമ്മ തനിക്ക് 5000 രൂപ വീതം കൈനീട്ടം എന്ന പേരില്‍ പെന്ഷന് തന്നത്.
എന്നാല്‍ കഴിഞ്ഞ നിര്‍വാഹക സമിതിയില്‍ അതു തിരിച്ചു കൊടുത്തെന്നും ഷമ്മി വ്യക്തമാക്കി. അതിനു ശേഷം ഒന്നു രണ്ടു ഷൂട്ടിങ് സെറ്റുകളില്‍ ചില പ്രൊഡക്ഷന്‍ മാനേജര്‍മാരില്‍ നിന്നു വളരെ മോശം പെരുമാറ്റം നേരിടേണ്ടി വന്നുവെന്നും ഷമ്മി തിലകന് കൂട്ടിച്ചേര്‍ത്തു.