ദില്ലി: രാജ്യത്ത് അസഹിഷ്ണുതയാണെന്ന് പരാമര്‍ശം നടത്തിയ ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന് ചെറിയ രീതിയിലൊന്നുമല്ല വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത്. ഇപ്പോള്‍ ഒരു വിഷയത്തിലും അഭിപ്രായം പറയാന്‍ ഷാരൂഖ് തയ്യാറാകാറില്ല. ഷാരൂഖ് പാകിസ്താന്റെ ഏജന്റാണെന്നുവരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. രാജ്യസ്‌നേഹത്തെപ്പറ്റി ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ മറുപടി പറയാന്‍ ഭയമാണ്.
തന്റെ രാജ്യസ്‌നേഹം തെളിയിക്കാന്‍ ആവശ്യപ്പെടുന്ന ഓരോ ഘട്ടത്തിലും താന്‍ അങ്ങേയറ്റം ദുഃഖിതനാണെന്നും ഷാരൂഖ് പറയുന്നു. ചിലപ്പോള്‍ വാവിട്ടു കരയാന്‍ തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഈ രാജ്യക്കാരനാണെന്നും മറ്റാരേയുംകാള്‍ താന്‍ രാജ്യസ്‌നേഹിയാണെന്നും ഷാരൂഖ് വികാരഭരിതനായി പറഞ്ഞു. ‘ആപ് കി അദാലത്’ എന്ന ടിവി പരിപാടിയില്‍ രജത് ശര്‍മ നടത്തിയ മുഖാമുഖത്തിലാണ് സിനിമാതാരം മനസ്സു തുറന്നത്.
കഴിഞ്ഞവര്‍ഷം ഷാരൂഖ് രാജ്യത്ത് പടരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ അഭിപ്രായപ്രകടനം നടത്തിയതിനെ തുടര്‍ന്നാണു ചില കേന്ദ്രങ്ങളില്‍നിന്നു ഷാറൂഖ് ഖാന്റെ രാജ്യസ്‌നേഹം ചോദ്യംചെയ്യുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ഉയര്‍ന്നത്. സഹിഷ്ണുത പുലര്‍ത്തുക, രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നിവയാണു തനിക്കു യുവാക്കള്‍ക്കു നല്‍കാനുള്ള ഉപദേശമെന്ന് ഷാരൂഖ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഒതുക്കാന്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസിലെ തന്റെ സുഹൃത്തുക്കളോടു ബന്ധപ്പെട്ടാണു ഷാരൂഖ് പ്രവര്‍ത്തിക്കുന്നതെന്ന ധാരണയെക്കുറിച്ച് എന്തു പറയുന്നു എന്ന ചോദ്യത്തിന് ‘എനിക്കെങ്ങനെ ആരെയെങ്കിലും ഒതുക്കാന്‍ കഴിയും?. നിങ്ങള്‍ക്കെന്നെ അറിയാമല്ലോ. എനിക്കെല്ലായിടത്തും സുഹൃത്തുക്കളുണ്ട്.’ എന്നായിരുന്നു ഷാറൂഖിന്റെ മറുപടി.