ന്യൂഡൽഹി: ബലാത്സംഗ പരാതിയിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പരാതി നല്‍കിയതിലെ കാലതാമസം പരിഗണിച്ചും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം.സിദ്ദിഖ് മറ്റേതെങ്കിലും കേസില്‍ പ്രതിയായിട്ടുണ്ടോയെന്ന് സുപ്രീംകോടതി വാദത്തിനിടയിൽ ചോദിച്ചിരുന്നു. വ്യക്തിഹത്യ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്നും തനിക്കെതിരെ പരാതി നല്‍കിയത് ഗൂഡാലോചനയുടെ ഭാഗമാണെന്നും സിദ്ദിഖ് അഭിഭാഷകന്‍ മുഖേന സുപ്രീംകോടതിയിൽ വാദിച്ചു.പരാതി നല്‍കാന്‍ വൈകിയതില്‍ സുപ്രീംകോടതി പരാതിക്കാരിയോട് വീണ്ടും വിശദീകരണം തേടിയിട്ടുണ്ട്.
പരാതി നല്‍കിയത് സംഭവം നടന്ന് എന്ന് ആരോപിക്കുന്ന ദിവസത്തിന് ശേഷം എട്ട് വര്‍ഷം കഴിഞ്ഞാണ്. ഇതിന് മുമ്പ് തന്നെ യുവതി ഇക്കാര്യം ഫെയ്‌സ് ബുക്കില്‍ കുറിച്ചിരുന്നു. എന്നിട്ടും പരാതി നല്‍കാത്തത് എന്തേ എന്ന സംശയവും കോടതി ഉയര്‍ത്തി. ഹേമാ കമ്മറ്റിയുടെ റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലാണ് പരാതി നല്‍കിയതെന്ന് യുവതിയ്ക്ക് വേണ്ടി ഹാജരായ വക്കീല്‍ വാദിച്ചു. സംസ്ഥാന സര്‍ക്കാരും പലവിധ വാദങ്ങളുയര്‍ത്തി. പെണ്‍കുട്ടിയും സിദ്ദിഖും ആ ഹോട്ടലില്‍ ആ ദിവസം എത്തിയതിന് തെളിവുണ്ടെന്നും പറഞ്ഞു. പക്ഷേ എന്തു കൊണ്ട് പരാതി വൈകിയെന്നതിനുള്ള ധൈര്യക്കുറവിലെ വാദം സുപ്രിംകോടതിയ്ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. പെണ്‍കുട്ടിക്ക് വിശദമായ ഫെയ്‌സ് ബുക്ക് കുറിപ്പിടാന്‍ ധൈര്യമുണ്ടെങ്കില്‍ പരാതിയും കൊടുക്കാമായിരുന്നില്ലേ എന്ന പരോക്ഷ ചോദ്യമാണ് വാദങ്ങളില്‍ നിന്നുയരുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷമാണ് പരാതി നല്‍കാന്‍ ധൈര്യമുണ്ടായതെന്ന് അതിജീവിത മറുപടി നൽകി. ഇതിനിടയിൽ സിദ്ദിഖിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടിയും ആവർത്തിച്ചു. സിദ്ദിഖിനെതിരെ സാക്ഷിമൊഴികളുണ്ട്, മറ്റ് തെളിവുകളുമുണ്ടെന്നും, നടന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കേണ്ടതുണ്ടെന്നും എസ്‌ഐടി സുപ്രീംകോടതിയെ അറിയിച്ചു. സുപ്രധാന തെളിവുകള്‍ സിദ്ദിഖ് നശിപ്പിച്ചുവെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നേരത്തെ ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി നീട്ടിയിരുന്നു. വിശദമായ വാദം കേള്‍ക്കാനായി മാറ്റുകയുമായിരുന്നു. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു. ചോദ്യങ്ങളുടെ പ്രസക്തിയെന്ത് എന്നാണ് സിദ്ദിഖ് എസ്ഐടിയോട് ചോദിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ് എന്നായിരുന്നു സിദ്ദിഖ് കോടതിയെ നേരത്തെ അറിയിച്ചത്.
സിദ്ദിഖിന് കേസില്‍ സുപ്രീം കോടതി സിദ്ദിഖിന് ഇടക്കാല ജാമ്യം നല്‍കിയിരുന്നു. നിലവില്‍ ഇത് സ്ഥിരപ്പെടുത്തിയിരിക്കുകയാണ്. പരാതി നല്‍കിയതിലെ കാലതാമസം കണക്കിലെടുത്താണ് സുപ്രീം കോടതി ജാമ്യം നല്‍കിയിരിക്കുന്നത്. രാജ്യം വിടാന്‍ പാടില്ലെന്നും അതുറപ്പാക്കാനായി പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരുടെ ബെഞ്ചാണ് ജാമ്യം നല്‍കിയത്. ഇനി അന്വേഷണത്തിന്റെ ഭാഗമായി സിദ്ദിഖിനെ അറസ്റ്റ് ചെയ്താലും വിചാരണക്കോടതിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജാമ്യം നല്‍കേണ്ടി വരും. ജാമ്യവ്യവസ്ഥകള്‍ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണസംഘത്തിന്റെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ടാണ് കോടതി വിധി. വിശദമായ വിധിപ്രസ്താവം കേസിലുണ്ടാകില്ലെന്ന സൂചനകളും കോടതി നല്‍കിയിട്ടുണ്ട്.