മുംബയ്: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുട്ടിന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്.സുശാന്ത് സിംഗ് രജ്പുതിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു .സുശാന്തിന്റെ മരണം കൊലപാതകമാണെന്നും ഗൂഢാലോചന നടന്നുവെന്ന് മാതൃസഹോദരന്‍ ആര്‍സി സിംഗ് ആരോപിച്ചു. ‘ഇത് കൊലപാതകമാണ്. അതിനാല്‍ തന്നെ സിബിഐ അന്വേഷണം വേണം. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെട്ട് സിബിഐ അന്വേഷണം നടത്തണം.’ സുശാന്തിന്റെ ആര്‍സി സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, സുശാന്ത് കടുത്ത മാനസിക പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നെന്നും ആന്റി ഡിപ്രഷന്‍ ഗുളികകള്‍ അദ്ദേഹത്തിന്റെ മുറിയില്‍ നിന്നു കണ്ടെത്തിയിരുന്നെന്നും മുംബൈ പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി വൈകി പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ സുശാന്തിന്റെ മൃതദേഹം അന്ധേരിയിലെ കൂപ്പര്‍ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുദര്‍ശനമുണ്ടായിരിക്കില്ല. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാകും ചടങ്ങുകളില്‍ പങ്കെടുക്കുക.
അതേസമയം സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്യില്ലെന്ന് ആത്മാര്‍ത്ഥ സുഹൃത്തും പ്രശസ്ത ഭോജ്പുരി നടനുമായ സൂര്യ ദ്വിവേദി. സിനിമയിലെ തുടക്കകാലത്ത് ഇരുവരും ഒരുമിച്ചായിരുന്നു താമസം. ദൈവവിശ്വാസിയും ശുഭാപ്തി വിശ്വാസവും ഉള്ള വ്യക്തിത്വമായിരുന്നു സുശാന്തിന്‍റേത്. അദ്ദേഹത്തിന് ആത്മഹത്യ ചെയ്യാനാവില്ല. അമ്മയുമായി വളരെ അടുപ്പമുള്ള സ്വഭാവമായിരുന്നു സുശാന്തിന്‍റേതെന്നും സൂര്യ ദ്വിവേദി ന്യൂസബിളിനോട് പ്രതികരിച്ചു.
ജൂണ്‍ 13 ന് രാത്രിയില്‍ സുശാന്ത് വീട്ടില്‍ പാര്‍ട്ടി നടത്തിയിരുന്നു. അന്ന് അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. സുശാന്തിന് ഡിപ്രഷനായിരുന്നുവെന്നും അതിന് ചികിത്സ തേടിയിരുന്നുവെന്നുമുള്ള പ്രചാരണം സൂര്യ ദ്വിവേദി തള്ളിക്കളഞ്ഞു. ‘അവന് വിഷാദം ഉണ്ടായിരുന്നുവെന്ന് താന്‍ വിശ്വസിക്കുന്നില്ല. ശുഭാപ്തി വിശ്വാസമുള്ള പോരാളിയായിരുന്നു അവന്‍. അവന്‍റെ മുറിയില്‍ നിന്ന് വിഷാദരോഗത്തിനുള്ള മരുന്നുകള്‍ പൊലീസ് കണ്ടെത്തിയതില്‍ സംശയിക്കത്തക്ക എന്തോ ഉണ്ട്’ എന്നും സൂര്യ ദ്വിവേദി പ്രതികരിച്ചു.