തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി പോലീസ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും കേസിലെ വിചാരണ നടക്കുന്ന സിബിഐ സ്‌പെഷ്യല്‍ കോടതിയിലും അന്വേഷണ സംഘം അപേക്ഷ നല്‍കി. ശിരസ്തദാര്‍, തൊണ്ടി ക്ലാര്‍ക്ക് ഉള്‍പ്പെടെ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അനുമതി തേടിയത്.
ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ ചോദ്യം ചെയ്യാനും അനുമതി നല്‍കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം ടിയെ ആക്രമിച്ച കേസിലെ കോടതി രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് എന്ത് അധികാരമെന്ന് വിചാരണ കോടതി. ദിലീപിന്റെ മൊബൈലില്‍ നിന്നും ലഭിച്ച തെളിവുകള്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
2018 ഡിസംബര്‍ 13 ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നും ദൃശ്യങ്ങള്‍ ചോര്‍ന്നതായാണ് ഫോറന്‍സിക് പരിശോധനയിലെ കണ്ടെത്തല്‍. വിചാരണ കോടതിയിലെ പ്രധാന രേഖകള്‍ ദിലീപിന്റെ ഫോണില്‍ നിന്നും കണ്ടെത്തിയതും ഫോറന്‍സിക് പരിശോധനയില്‍ തന്നെ.
കൈപ്പടയിലെഴുതിയ രേഖകളും പകര്‍പ്പ് എടുക്കാന്‍ അനുവാദമില്ലാത്ത രേഖകളുമാണ് ദിലീപിന്റെ ഫോണില്‍ നിന്നും കണ്ടെത്തിയത്. ഈ രേഖകള്‍ ദിലീപ് ആര്‍ക്കൊക്കെ കൈമാറിയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കേസിലെ പ്രധാന രേഖകള്‍ പ്രതിക്ക് ചോര്‍ത്തി നല്‍കിയത് ആരാണെന്ന് കണ്ടെത്താനാണ് അന്വേഷണസംഘത്തിന് ശ്രമം.