ഫേസ് ബുക്ക് നോക്കുന്പോഴാണ് ശരണംവിളികൾ നിറഞ്ഞ ഒരു കമന്റ് കണ്ടത്. നോക്കിയപ്പോൾ അതിനുതാഴെ നല്ല അസ്സല് ചീത്തവിളി. തൊട്ടുപിന്നാലെ കളക്ടർ സ്ഥാനം രാജിവച്ചോണം എന്ന ശാസന. അവിടന്നങ്ങോട്ട് മേളം തന്നെ. പിന്നെയാണ് കാര്യം മനസിലായത്. എനിക്കെതിരെയല്ല, എന്റെയും കൂടി കളക്ടറായ ടി.വി.അനുപമയ്ക്കെതിരെയുള്ള കമന്റുകളാണ് ആളുമാറി എന്റെ ഫേസ്ബുക്കിൽ ആളുകൾ പോസ്റ്റു ചെയ്യുന്നതെന്ന്. ഞാനും അമ്മയും അനുജനും കൂടി ഇതെല്ലാം വായിച്ച് ചിരിച്ച് ചിരിച്ച് വയ്യാതായി.
എന്നെ കളക്ടറാക്കി കൊന്നു കൊലവിളിക്കുകയല്ലേ എല്ലാവരും കൂടി. എങ്ങനെ ചിരിക്കാതിരിക്കും?. ഹൈദരാബാദിലേക്ക് പോകാനുള്ളതുകൊണ്ടു ഫേസ് ബുക്ക് തുറന്ന് വായിക്കാൻ പറ്റിയിട്ടില്ല. നിറഞ്ഞുകിടക്കുന്നുണ്ടാകും. എനിക്കുറപ്പാണ് സൂപ്പർഹിറ്റ് സിനിമയായ രാക്ഷസന്റെ തെലുങ്കുപതിപ്പിൽ അഭിനയിക്കാൻ ഹൈദരാബാദിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടെ അനുപമ പറഞ്ഞു. ഇത് പുതിയ സംഭവമല്ല. തൃശൂർ ജില്ലാ കളക്ടറായി ടി.വി.അനുപമ ചാർജെടുത്തപ്പോൾ എന്റെ ഫേസ്ബുക്കിൽ എന്നെ അഭിനന്ദിച്ച് ചിലർ പോസ്റ്റിട്ടിരുന്നു- അനുപമ പറഞ്ഞു.