കാവ്യ മാധവന്‍ കൂറുമാറി;ക്രോസ് വിസ്താരത്തിൽ നിർത്തിപ്പൊരിക്കാൻ പ്രോസിക്യൂഷന്‍..നേരത്തെ കൂറുമാറിയത് നാല് താരങ്ങള്‍

കൊച്ചി : യുവനടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി നടിയും കേസിലെ എട്ടാം പ്രതി നടൻ ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവൻ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരായി. കഴിഞ്ഞ മേയിൽ കാവ്യ കോടതിയിൽ ഹാജരായെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല. കേസില്‍ കാവ്യ മാധവന്‍ കൂറുമാറി. കഴിഞ്ഞ ദിവസം സാക്ഷി വിസ്താരത്തിന് കോടതിയില്‍ ഹാജരായപ്പോഴാണ് പഴയ നിലപാട് മാറ്റിപ്പറഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ കാവ്യയെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസിലെ എട്ടാം പ്രതി ദിലീപിന്റെ ഭാര്യയാണ് കാവ്യ. ദിലീപും ആക്രമണത്തിന് ഇരയായ നടിയും തമ്മില്‍ ശത്രുതയുണ്ടായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇത് സാധൂകരിക്കാനാണ് കാവ്യയെ 34ാം സാക്ഷിയായി ഉള്‍പ്പെടുത്തിയത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കാവ്യയെ ക്രോസ് വിസ്താരം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. നേരത്തെ നാല് പ്രമുഖ താരങ്ങള്‍ കേസില്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റിയിരുന്നു.

നടിയെ ക്വട്ടേഷന്‍ പ്രകാരം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യഷന്‍ കേസ്. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ദിലീപ് നല്‍കിയ ക്വട്ടേഷനാണ് എന്ന് അന്വേഷണ സംഘം ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ 350ഓളം സാക്ഷികളെയാണ് വിസ്തരിക്കാനുണ്ടായിരുന്നത്. 180 പേരുടെ വിസ്താരം കഴിഞ്ഞു. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഹോട്ടലില്‍ റിഹേഴ്‌സല്‍ നടന്നിരുന്നു. ഈ വേളയില്‍ ആക്രമണത്തിന് ഇരയായ നടിയും ദിലീപും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി എന്നും ഈ വേളയില്‍ കാവ്യയും ഒപ്പമുണ്ടായിരുന്നു എന്നും അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചിരുന്നു. തുടര്‍ന്നാണ് കാവ്യയെ സാക്ഷിപ്പെട്ടികയില്‍ ഉള്‍പ്പെടുിത്തിയത്. കാവ്യ മാധവന്‍ കൂറുമാറിയ സാഹചര്യത്തില്‍ അവരെ ക്രോസ് വിസ്താരം നടത്താന്‍ പ്രോസിക്യൂഷന്‍ തീരുമാനിച്ചു. കോടതിയോട് ഇക്കാര്യം ആവശ്യപ്പെട്ടു. ഇന്നലെ ഒരു മണിക്കൂര്‍ ക്രോസ് വിസ്താരം നടത്തുകയും ചെയ്തു. ഇന്നും കാവ്യ മാധവന്‍ കോടതിയില്‍ ഹാജരാകും, ക്രോസ് വിസ്താരം തുടരുകയും ചെയ്യും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

കേസില്‍ നേരത്തെയും പ്രമുഖരായ താരങ്ങള്‍ കൂറുമാറിയിരുന്നു. ആക്രമണത്തിന് ഇരയായ നടിയുടെ സഹപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരാണ് കൂറുമാറിയത്. അമ്മ സംഘടനയുടെ ഭാരവാഹി ഉള്‍പ്പെടെയുള്ളവരാണ് കൂറുമാറിയത് എന്നായിരുന്നു വാര്‍ത്തകള്‍. ദിലീപ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു എന്ന വിഷയത്തിലെ മൊഴിയാണ് സംഘടനയുടെ ഭാരവാഹി മാറ്റിപ്പറഞ്ഞത്. മൂന്നു താരങ്ങള്‍ കഴിഞ്ഞ വര്‍ഷം വിസ്താരത്തിനിടെയാണ് കൂറുമാറിയത്.

ദിലീപും ആക്രമണത്തിന് ഇരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായി എന്ന വിഷയത്തിലാണ് ഇവരെ പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. ആദ്യ മൊഴി മാറ്റിയതിനാല്‍ എല്ലാവരെയും കൂറുമാറിയവരായി പ്രഖ്യാപിക്കുകയായിരുന്നു. ഇനിയും 100ലധികം സാക്ഷികളെ വിസ്തരിക്കേണ്ടതുണ്ട്. കാവ്യമാധവനെയും കുടുംബത്തെയും നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ല എന്നാണ് കാവ്യ പോലീസിന് നല്‍കിയ മൊഴി. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി കോടതിയില്‍ ഹാജരാകുന്നതിന് മുമ്പ് കൊച്ചിയിലെ കാവ്യയുടെ ലക്ഷ്യ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ എത്തി എന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.

2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. വാഹനത്തില്‍ അതിക്രമിച്ച് കടന്ന പ്രതികള്‍ അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നാണ് ആരോപണം. ക്വട്ടേഷന്‍ സംഘങ്ങളായ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരാണ് ആദ്യം അറസ്റ്റിലായത്. പിന്നീടാണ് ദിലീപ് അറസ്റ്റിലായത്.

Top