ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ കാണാൻ ദിലീപിന് അനുമതി നൽകിയതോടെ വിചാരണ നടപടികളിലേക്ക് പോകുന്നതിന് അന്വേഷണ സംഘത്തിനുള്ള തടസ്സം നീങ്ങി. സുപ്രീംകോടതിയിലെ കേസ് നീണ്ടുപോയതിനാൽ ദിലീപ് ഉൾപ്പടെയുള്ളവര്‍ക്കെതിരെ കുറ്റംചുമത്താൻ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല.കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. ദിലീപ് ഒഴികെയുള്ള പ്രതികള്‍ നാളെ ഹാജരാകണം. വിദേശ യാത്രയിലായതിനാലാണ് ദിലീപിനെ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കിയത്. ആദ്യം പ്രതികളുടെ വിടുതല്‍ ഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കും. പിന്നീട് കുറ്റപത്രം വായിച്ച ശേഷം മാത്രമായിരിക്കും വിചാരണ ആരംഭിക്കുക. കേസിന്റെ വിചാരണ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി ഇന്ന് നിര്‍ദേശം നല്‍കിയിരുന്നു.
ദൃശ്യങ്ങൾ കൈമാറാതെ കാണാനുള്ള അനുമതിയാണ് ദീലീപിന് നൽകിയിരിക്കുന്നത്. ഇതുവരെ സാങ്കേതിക കാരണങ്ങൾകൊണ്ട് വിചാരണ നടപടികളിലേക്കോ, പ്രതികൾക്കെതിരെ കുറ്റം ചുമത്താനോ കഴിഞ്ഞിരുന്നില്ല. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മുഗുൾ റോത്തഗിയാണ് ദിലീപിന് വേണ്ടി കേസിൽ ഹാജരായത്.
അതേസമയം ഉപാധികളോടെ പോലും ദൃശ്യങ്ങൾ കൈമാറരുതെന്നാണ് ആക്രമണത്തിന് ഇരയായ നടി ആവശ്യപ്പെട്ടത്. സ്വകാര്യതയും സുരക്ഷയും കണക്കിലെടുക്കണമെന്നും അവർ കോടതിയിൽ അഭ്യര്‍തഥിച്ചിരുന്നു. ദൃശ്യങ്ങൾ കൈമാറണമെന്ന ആവശ്യത്തെ സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയിൽ ശക്തമായി എതിര്‍ത്തിരുന്നു. ദൃശ്യങ്ങൾ ദിലീപിന് നൽകാൻ കോടതി തീരുമാനിച്ചാൽ മറ്റ് പ്രതികളും ഇതേ ആവശ്യവുമായി എത്താമെന്ന് സർക്കാർ കോടതിയിൽ വാദിച്ചിരുന്നു.
ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറുന്നത് തന്‍റെ സ്വകാര്യതയേയും സുരക്ഷയേയും ബാധിക്കുമെന്ന നടിയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. ദൃശ്യങ്ങൾ കേസിലെ പ്രധാന രേഖയായതിനാൽ അത് ലഭിക്കാൻ തനിക്ക് അര്‍ഹതയുണ്ടെന്നായിരുന്നു ദിലീപിന്‍റെ വാദം. സ്വകാര്യത കണക്കിലെടുത്ത് ദൃശ്യങ്ങൾ കൈമാറരുതെന്ന് സംസ്ഥാന സര്‍ക്കാരും ആക്രമണത്തിന് ഇരയായ നടിയും കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.വാട്ടര്‍മാര്‍ക്കിട്ടാണെങ്കിലും ദൃശ്യങ്ങള്‍ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. മെമ്മറി കാര്‍ഡിലെ ഉള്ളടക്കം രേഖയാണെങ്കിലും ദൃശ്യങ്ങള്‍ നല്‍കരുതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഇതിന് പുറമെ ഹരജിയെ എതിര്‍ത്ത് നടിയും കോടതിയെ സമീപിച്ചിരുന്നു.കാര്‍ഡിലെ ഉള്ളടക്കം അനുവദിക്കുന്നത് തന്റെ സ്വകാര്യതക്ക് മേലുള്ള കൈയേറ്റമാണെന്ന് കാണിച്ചാണ് നടി കോടതിയെ സമീപിച്ചിരുന്നത്. പ്രതിയെന്ന നിലയില്‍ ദൃശ്യങ്ങള്‍ കാണണമെങ്കില്‍ വിചാരണക്കോടതിയുടെ അനുമതിയോടെ കാണാവുന്നതേയുള്ളൂവെന്നും നടി രേഖാമൂലം കോടതിയെ അറിയിച്ചിരുന്നു.