കൊച്ചി: ടെക്‌സ്‌റ്റൈല്‍ ഉദ്ഘാടനത്തിനെത്തിയ തന്നെ തടഞ്ഞുവെന്നുള്ള വാര്‍ത്തകളോട് പ്രതികരിച്ച് നടി ഭാമ രംഗത്ത്. സംഭവത്തില്‍ തന്നെ ചതിച്ചത് ഇവന്റ് മാനേജര്‍ ചമഞ്ഞെത്തിയ വ്യക്തിയാണെന്നാണ് ഭാമ പറയുന്നു. അല്ലാതെയുള്ള വാര്‍ത്ത വാസ്ത വിരുദ്ധമാണെന്നും ഫേയ്‌സ് ബുക്കിലൂടെ നടി അറിയിച്ചു.
ശ്രീജിത്ത് രാജാമണി എന്നയാളാണ് തട്ടിപ്പുകാരനെന്നും നടി പറഞ്ഞു. ഭാമയെ തടഞ്ഞതുമായി ബന്ധപ്പെട്ട വാര്‍ത്ത ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് വിട്ടിരുന്നു. ഈ സംഭവം ഓണ്‍ലൈനില്‍ വൈറലായതോടെയാണ് മറുപടിയുമായി നടി രംഗത്തെത്തിയത്.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് ഭാമ പ്രതികരിച്ചത് ഇങ്ങനെയാണ്: മൂവാറ്റുപുഴയിലെ രേവതി വെഡ്ഡിങ് സെന്റര്‍ ഉദ്ഘാനം ചെയ്യണം എന്നാവശ്യപ്പെട്ട് നാല് ദിവസം മുമ്പാണ് യൂണിക് മോഡല്‍ ആന്‍ഡ് ഇവന്റ് കാസ്റ്റിങ് ഡയറക്ടര്‍ എന്ന് പറഞ്ഞുകൊണ്ട് ശ്രീജിത്ത് രാജാമണി എന്നാ ആള്‍ തന്നെ തന്നെ സമീപിച്ചത്. ആദ്യം ഫോണിലാണ് ഇയാള്‍ വിളിച്ചത്. ഉദ്ഘാടനത്തിന്റെ കാര്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ഉദ്ഘാടന ചടങ്ങുകള്‍ക്ക് സാധാരണയായി രണ്ടര ലക്ഷം രൂപയാണ് താന്‍ വാങ്ങുന്നതെന്ന ഫോണില്‍ അറിയിക്കുയയും ചെയ്തു.
അപ്പോള്‍ ഫോണ്‍വച്ച ശേഷം പിന്നീട് തന്നെ വിളിച്ചു വസ്ത്രമുടമയും ഈ തുകക്ക് ഓക്കേ ആണെന്ന് ഇയാള്‍ അറിയിച്ചു എന്ന് പറയുകയായിരുന്നു. ആദ്യമായിട്ടാണ് ഇയാളുമായി സംസാരിക്കുന്നത്. അഡ്വാന്‍സ് തുക ഒരു ലക്ഷം പിറ്റേ ദിവസം തന്നെ വേണമെന്ന് ശ്രീജിത്തിനോട് ഞാന്‍ പറഞ്ഞിരുന്നു. ഇതിന് ഇയാള്‍ സമ്മതിക്കുകയും ചെയ്തു. അക്കൗണ്ടില്‍ പണം ഇടാം എന്നാണ് പറഞ്ഞത്. എന്നാല്‍, പിറ്റേ ദിവസം അക്കൗണ്ടില്‍ തനിക്ക് ലഭിച്ചത് 15000 രൂപ മാത്രമായിരുന്നു.
പണം കുറഞ്ഞതു കാണിച്ച് ഇയാളെ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ അന്ന് ഉല്‍ഘാടന ദിവസം രാവിലെ മുഴുവന്‍ തുകയും വാങ്ങി നല്‍ക്കാമെന്നായിരുന്നു മറുപടി നല്‍കിയത്. തുടര്‍ന്ന് ഉല്‍ഘാടന ദിവസം രാവിലെ ഇയാള്‍ ഉദ്ഘാടനത്തിനായി വിളിക്കാന്‍ എറണാകുളത്തുള്ള ഫ്‌ലാറ്റില്‍ എത്തുകയായിരുന്നു. പ്രതിഫല തുകയെ കുറിച്ച് ചോദിച്ചപ്പോള്‍ നാളെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം എന്ന് പറഞ്ഞു. പക്ഷേ, അപ്പോഴേക്കും ചടങ്ങുകള്‍ കഴിയില്ലേ, പിന്നെ കിട്ടിയില്ലെങ്കില്‍ ആരോട് ചോദിക്കുമെന്നും ചോദിച്ചു. എന്റെ വൈമനസ്യം കണ്ട് പണം അവിടെ ചെന്ന് വാങ്ങിനല്‍കാമെന്നാണ് ഇയാള്‍ മറുപടി നല്‍കിയത്.
അവിടെ തന്നെ കാത്തുനില്‍ക്കുന്ന ജനപ്രതിനിധികള്‍ അടക്കമുള്ളവരെ മുഷിപ്പിക്കേണ്ട എന്നും ഞാന്‍ കരുതി. ഇതോടെയാണ് പണം മുഴുവന്‍ ലഭിക്കാതിരുന്നിട്ടും മൂവാറ്റുപുഴക്ക് പോകാന്‍ തീരുമാനിച്ചത്. അവിടെ എത്തിയപ്പോള്‍ ജനക്കൂട്ടത്തിന്റെ ഇടയ്ക്കു വണ്ടി ഇട്ടു. ബാക്കി പണം വാങ്ങി വാരമെന്നു പറഞ്ഞു ഇയാള്‍ മുങ്ങുകയാണ്. പിന്നീട് ഇയാളെ ഞാന്‍ കണ്ടിട്ടില്ല. തുടര്‍ന്ന് ആരെയും മുഷിപ്പിക്കാതെ ഉദ്ഘാടനം ചെയ്തു മടങ്ങുകയാണ് ഉണ്ടായത്. താന്‍ പണത്തെക്കാള്‍ കൂടുതല്‍ അവിടെ കാണിച്ചത് ഒരു നന്മ ആയിരുന്നു ഭാമ പറഞ്ഞു.
ഉദ്ഘാടന ചടങ്ങുകള്‍ കഴിഞ്ഞു വസ്ത്രമുടമയോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് ചതി അറിയുന്നതെന്നും ഭാമ പറഞ്ഞു. രണ്ടര ലക്ഷം ആവശ്യപെട്ടു എന്നുള്ളത് ഇയാള്‍ ഉടമയില്‍ നിന്ന് മറച്ചു വച്ച് ഒരു ലക്ഷം രൂപയാണ് പ്രതിഫലം എന്നാണ് ഇയാള്‍ അവര്‍ക്ക് കൊടുത്ത വാഗ്ദാനം. ഇതില്‍ നിന്നും 50000 രൂപ അഡ്വാന്‍സ് വാങ്ങിയ ഇയാള്‍ തനിക്കു ബാങ്ക് വഴി തന്നത് വെറും 15000 രൂപ ആണെന്നും ഭാമ പറയുന്നു. മാത്രമല്ല, തന്നെ കാറില്‍ ഇരുത്തി ഉടമയോട് നടി വാക്കു മാറ്റിയെന്നും ഇപ്പോള്‍ ഉദ്ഘാടനത്തിന് ഒരു ലക്ഷത്തിന് പകരം രണ്ടര ലക്ഷം വേണമെന്ന് അറിയിച്ചതായും സ്ഥാപന ഉടമ പിന്നീട് തന്നോട് വ്യക്തമാക്കിയെന്നും അവര്‍ പറയുന്നു.
താന്‍ കാര്യങ്ങള്‍ വിശദീകരിച്ചതോടെ നടന്ന കാര്യങ്ങള്‍ വസ്ത്രമുടമയ്ക്ക് ബോധ്യമായി. തുടര്‍ന്ന് അവര്‍ ഇവന്റ് മാനേജര്‍ പറഞ്ഞ തുക തനിക്കു തന്നാല്‍ മതിയെന്ന് പറഞ്ഞു. ആ തുക വാങ്ങി താന്‍ തിരിച്ചു പോകുകയാണ് ഉണ്ടായതെന്നും ഭാമ വ്യക്തമാക്കുന്നു. ശ്രീജിത്ത് രാജാമണിയാണ് തന്നെ ചതിച്ചതെന്നും ഇയാള്‍ വലിയ തട്ടിപ്പുകാരനാണെന്നും ചൂണ്ടിക്കാട്ടി ഭാമ ഇതേക്കുറിച്ച് ഫേസ്ബുക്കിലും പോസ്റ്റിട്ടിട്ടുണ്ട്. ഫോട്ടോ സഹിതമാണ് ഭാമ ഫേസ്ബുക്കില്‍ കുറിച്ചത്.
ലോഹിതദാസിന്റെ നിവേദ്യം സിനിമയിലൂടെ മലയാള സിനിമയില്‍ എത്തിയ ഭാമ ഇപ്പോള്‍ കാനഡയിലും ശ്രദ്ധ കേന്ദ്രികരിച്ചിട്ടുണ്ട്. വി എം വിനുവിന്റെ റഹ്മാന്‍ ചിത്രമായാ മറുപടി എന്നാ സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ഭാമ. തന്റെ പേരില്‍ പണതട്ടിപ്പ് നടത്തിയ ആള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഭാമ വ്യക്തമാക്കി.