കൊച്ചി: ഇനി മുതൽ എല്ലാ സിനിമക്കും യെസ് പറയില്ല എന്നും പഴയത് പോലെ ഇനി സിനിമ ചെയ്യില്ല എന്നും തുറന്ന് പറഞ്ഞ് മലയാളത്തിൻ്റെ പ്രിയപ്പെട്ട നടി ഭാവന.തന്നെ തേടി എത്തുന്ന എല്ലാ സിനിമകളും ചെയ്യില്ലെന്നാണ് നടി പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യ പറയുന്നത്. എല്ലാ സിനിമകൾക്കും യെസ് പറയില്ലെന്നും സെലക്ടീവ് ആയി മാത്രമേ സിനിമ ചെയ്യുകയുള്ളൂവെന്നും ഭാവന പറയുന്നു. നടിയുടെ പുതിയ കന്നഡ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ വിശേഷം പങ്കുവെയ്ക്കുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
താൻ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വിവാഹം കഴിഞ്ഞു. സെറ്റില്‍ഡ് ആയി. എനിക്ക് വേറെയും ഉത്തരവാദിത്വങ്ങള്‍ പലതുമുണ്ട്.
മുന്‍പത്തെ പോലെ എല്ലാത്തിനും യെസ് പറയേണ്ട ആവശ്യം ഇല്ല. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയില്‍ എത്തിയ ആളാണ് ഞാൻ. പതിനഞ്ചാമത്തെ വയസ്സിലാണ് ആദ്യം സിനിമ ചെയ്യുന്നത്. ഇനി പതുക്കെ മുന്നോട്ട് പോയാല്‍ മതി. ഒരു നടി എന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഇനി ചെയ്യുകയുള്ളൂ. അതിന് വേണ്ടി കാത്തിരിയ്ക്കും, സ്വയം വെല്ലുവിളി തോന്നുന്ന ഒരു കഥാപാത്രം വന്നാല്‍ മാത്രമേ സിനിമ ചെയ്യുകയുള്ളൂ എന്നാണ് ഭാവന പറയുന്നത്.
കന്നഡ ചിത്രം ബജ്‌റംഗി 2 ആണ് ഭാവനയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്.
മറ്റൊരു ചിത്രമായ ഗോവിന്ദ ഗോവിന്ദയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ഈ ചിത്രത്തില്‍ സിനിമാ നടിയായി തന്നെയാണ് ഭാവന അഭിനയിക്കുന്നത്. സിനിമാ നടിയായി തന്നെ അഭിനയിക്കുക എന്നത് വലിയ വെല്ലുവിളിയും അതുപോലെ രസകരവും ആയിരുന്നുവെന്നും ഭാവന അഭിമുഖത്തിൽ പറയുന്നു.
മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മലയാള സിനിമയിൽ നിന്ന മാറി നിൽക്കുന്നതിനെ കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു.ഒടിടി പ്ലേയുമായിട്ടുള്ള അഭിമുഖത്തിലാണ് മലയാളത്തിൽ നിന്ന് വിട്ടു നിൽക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ബോധപൂര്‍വ്വമാണെന്നാണ് ഭാവന അന്ന് പറഞ്ഞത് . നടിയുടെ വാക്കുകൾ ഇങ്ങനെ…’എന്റെ തീരുമാനമാണ് മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നത്. അതെന്റെ മനസമാധാനത്തിന് കൂടി വേണ്ടിയാണ്. ഇപ്പോള്‍ കന്നടയില്‍ മാത്രം കേന്ദ്രീകരിച്ച് സിനിമകള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. റിലീസ് ചെയ്യാനിരുന്ന കന്നട സിനിമകളില്‍ ഏറ്റവും അവസാനത്തേതാണ് ഭജരംഗി2. നിലവില്‍ പുതിയ സിനിമകള്‍ ഒന്നും തന്നെ കമ്മിറ്റ് ചെയ്തിട്ടില്ല.’ – എന്നാണ് ഭാവന പറഞ്ഞു.