കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന അതിജീവിതയുടെ അപേക്ഷ കോടതി അംഗീകരിച്ചു. തുടരന്വേഷണം ചോദ്യം ചെയ്യാന്‍ പ്രതിയായ ദിലീപിന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടി കോടതിയെ സമീപിച്ചത്.
കേസിലെ പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാന്‍ കഴിയില്ലെന്ന് അപേക്ഷയില്‍ അതിജീവിത വ്യക്തമാക്കി. തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കുന്നത് പരാതിക്കാരിയായ തനിക്ക് പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാക്കുമെന്നും അപേക്ഷയില്‍ ഇവര്‍ വ്യക്തമാക്കിയിരുന്നു.
തുടരന്വേഷണം വിചാരണ നീട്ടി കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സര്‍ക്കാര്‍ ആവശ്യം തള്ളി വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയില്‍ തന്നെ മൂന്നാം എതിര്‍ കക്ഷിയാക്കി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്. നടിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ഇതിനിടെ ദിലീപിന്റെ അഭിഭാഷകനും ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് അഡ്വ ബി രാമന്‍പിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയത്. നോട്ടീസിന് രാമന്‍ പിള്ള മറുപടി നല്‍കിയിട്ടുണ്ട്. കോട്ടയം ക്രൈം ബ്രാഞ്ച് എസ്പിയാണ് നോട്ടീസ് നല്‍കിയത്.