ദേശീയ പുരസ്‌കാര ജേതാവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയയായ നടിയുമാണ് കങ്കണ റണാവത്ത്. 2006 ല്‍ അനുരാഗ് ബസുവിന്റെ ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി തുടര്‍ന്നും മികച്ച വേഷങ്ങള്‍ ബോളിവുഡില്‍ അവതരിപ്പിച്ചു. ഗ്ലാമര്‍ വേഷങ്ങള്‍ക്കൊപ്പം അഭിനയ പ്രധാന്യമുള്ള വേഷങ്ങളും താരം ഒരേപോലെ ചെയ്തു. മണികര്‍ണിക ദി ക്വീന്‍ ഓഫ് ഝാന്‍സി ആണ് നടിയുടെതായി പുറത്തിറങ്ങിയ എറ്റവും പുതിയ ചിത്രം. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം കങ്കണ തന്നെയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണ വേളയിലെ രസകരമായൊരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കങ്കണയുടെ കുതിര സവാരിയുടെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ചിത്രത്തിന് വേണ്ടി കുതിര സവാരിയും,വാള്‍ പയ്യറ്റും പഠിച്ചിരുന്നു എന്ന് മുന്‍പ് പറഞ്ഞിരുന്ന താരം ഡമ്മി കുതിരിയയെ ഉപയോഗിച്ചുകൊണ്ടാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.
ബോളിവുഡ് നടനും നിര്‍മ്മാതാവുമായ കെ.ആര്‍.കെയാണ് ട്വിറ്ററിലൂടെ ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. ചിത്രത്തിനായി ഈ ഡമ്മി കുതിരയെ സവാരി ചെയ്യാനാണോ താരം പരിശീലനം നേടിയത് എന്ന ചോദ്യവും സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. ഝാന്‍സിയിലെ റാണി ലക്ഷ്മി ഭായിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി. ചിത്രം ജനുവരി 25ന് ആണ് പ്രദര്‍ശനത്തിനെത്തിയത്.
https://twitter.com/i/status/1098528913465270273