മീ ടൂ ക്യാംപെയിനിന്റെ ഭാഗമായി ധാരാളം വെളിപ്പെടുത്തലുകളാണ് വന്നുകൊണ്ടിരിക്കുന്നത്. സിനിമാ മേഖല മാത്രമല്ല, മാധ്യമ മേഖലയില്‍ നിന്നും സാധാരണക്കാരും ഒക്കെ വെളിപ്പെടുത്തലുകളുമായി വന്നുകഴിഞ്ഞു. സംവിധായകരും പ്രമുഖ നടന്മാരും ഉള്‍പ്പെടെ നിരവധി പേരാണ് തുറന്ന് പറച്ചിലുകളുടെ ഭാഗമായി കുടുങ്ങിയത്. മലയാള സിനിമയിലും മീ ടു ആരോപണവുമായി ചില നടിമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ നടി പാര്‍വതിയുടെ പുതിയ വെളിപ്പെടുത്തലാണ് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്.
താന്‍ നാല് വയസുള്ളപ്പോള്‍ പീഡിപ്പിക്കപ്പെട്ടുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. പക്ഷേ പിന്നീട് പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞാണ് അന്ന് സംഭവിച്ചതിനെപ്പറ്റി ബോധ്യമുണ്ടായത്. പിന്നെയും പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഭവം പുറത്ത് പറയാന്‍ കഴിഞ്ഞതെന്നും മുംബൈയില്‍ നടക്കുന്ന മിയാമി ഫിലിം ഫെസ്റ്റിവലിലെ പരിപാടിയില്‍ പാര്‍വതി വ്യക്തമാക്കി.
പാര്‍വ്വതി പറഞ്ഞതിങ്ങനെ: എനിക്ക് മൂന്നോ നാലോ വയസുള്ളപ്പോഴാണ് ആ അനുഭവമുണ്ടായത്. അന്നെന്താണ് സംഭവിച്ചതെന്ന് തനിക്ക് മനസിലായിരുന്നില്ല. ഇത് മനസിലാക്കാന്‍ 17 വര്‍ഷമെടുത്തു. ഇക്കാര്യം തുറന്ന് പറയാന്‍ വീണ്ടും 12 വര്‍ഷങ്ങളും. ഇക്കാര്യം സംഭവിച്ചുവെന്നത് സത്യമാണ്. എന്നാല്‍ ഒരു സ്ത്രീയായതിന്റെ പേരിലല്ല ഇങ്ങനെ സംഭവിച്ചത്.ആത്യന്തികമായി ഒരു വ്യക്തിയാണ് താന്‍. ബാക്കിയുള്ള വിശേഷങ്ങളെല്ലാം പിന്നെയാണ് വരുന്നത്. ഈ അവസ്ഥയെ അതിജീവിക്കുകയാണ് പ്രധാനം. ഓരോ ദിവസവും ഇക്കാര്യം സ്വയം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ വളരെ ബുദ്ധിമുട്ടാണെന്നും അവര്‍ പറഞ്ഞു.
മലയാള സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യൂ.സി.സിയുടെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളായ പാര്‍വതി മീ ടു ക്യാംപയിനെ പിന്തുണച്ച് നിലപാടെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് പാര്‍വതിയെ മിയാമി ഫിലിം ഫെസ്റ്റിവലിലേക്ക് ക്ഷണിച്ചതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.