തെന്നിന്ത്യന്‍ താരം വിജയ്കുമാറിന് എതിരെ ഗുരുതര ആരോപണങ്ങളുമായി മകളും നടിയുമായ വനിതാ വിജയ്കുമാര്‍ രംഗത്ത് വന്നതാണ് ഇപ്പോള്‍ തമിഴ് ചലച്ചിത്ര മേഖലയിലെ ചര്‍ച്ചാവിഷയം. വിജയ്കുമാര്‍ ഗുണ്ടകളേയും പോലീസിനെയും ഉപയോഗിച്ച് തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് പറഞ്ഞ് വനിത കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രംഗത്തെത്തിയിരുന്നു.
അച്ഛന് പിന്നാലെ സഹോദരന്‍ അരുണ്‍ വിജയ്, സഹോദരിയുടെ ഭര്‍ത്താവ് സംവിധായകന്‍ ഹരി, ഡാന്‍സ് മാസ്റ്റര്‍ റോബര്‍ട്ട് എന്നിവര്‍ക്കെതിരേ വനിത രംഗത്ത് വന്നിരുന്നു. താനും റോബര്‍ട്ടും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നുമാണ് വനിത ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
റോബര്‍ട്ട് ഭാര്യയുമായി വേര്‍പിരിഞ്ഞതിന് ശേഷം തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അതു നടന്നില്ലെന്നും വനിത വെളിപ്പെടുത്തി. തുടര്‍ന്ന് വനിതക്കെതിരേ രംഗത്ത് വന്നിരിക്കുകയാണ് റോബര്‍ട്ട്. വനിതയെ താന്‍ പ്രണയിച്ചിട്ടില്ലെന്നും അവര്‍ പറയുന്നത് കള്ളമാണെന്നുമാണ് റോബര്‍ട്ട് പറയുന്നത്. വനിതയ്‌ക്കൊപ്പം ഒരു സിനിമ നിര്‍മിച്ചിട്ടുണ്ടെന്നല്ലാതെ മറ്റു തരത്തിലുള്ള ഒരു ബന്ധവുമില്ല. വിവാഹിതനായ തനിക്ക് ഒരു മകളുണ്ടെന്നും സന്തോഷത്തോടെ ജീവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വനിതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്റെ പേര് വലിച്ചിഴക്കരുതെന്നും റോബര്‍ട്ട് കൂട്ടിച്ചേര്‍ത്തു. വിജയകുമാര്‍ മഞ്ജുള ദമ്പതിമാരുടെ മൂത്ത മകളാണ് വനിതാ വിജയകുമാര്‍. നടിമാരായ പ്രീത വിജയകുമാര്‍, ശ്രീദേവി വിജയകുമാര്‍ എന്നിവരാണ് വനിതയുടെ സഹോദരങ്ങള്‍. നടന്‍ അരുണ്‍ വിജയ് അര്‍ധ സഹോദരനാണ്. 1995 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വനിത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 1997 ല്‍ പുറത്തിറങ്ങിയ ഹിറ്റലര്‍ ബ്രദേഴ്‌സ് എന്ന മലയാള ചിത്രത്തിലും വനിത വേഷമിട്ടു.