എന്റെ മുന്‍പില്‍ കൈകെട്ടി നിന്നവനാണ് സഹോദരീ ഭര്‍ത്താവും സംവിധായകനുമായ ഹരി; എന്നെ കുടുംബത്തില്‍ നിന്ന് അകറ്റിയതില്‍ അയാള്‍ക്കും പങ്കുണ്ട്; വനിത

തമിഴ് സിനിമയിലെ മുതിര്‍ന്ന നടനായ വിജയകുമാറിനെതിരെ ആരോപണങ്ങളുമായി മകള്‍ വനിത രംഗത്തുവന്നിരുന്നു. വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്നും വനിതയെ ബലം പ്രയോഗിച്ച് ഇറക്കിവിട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. അച്ഛനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് വനിത. കുടുംബത്തിലെ മൂത്ത ആളായ തന്നെ പിതാവിനൊപ്പം ചേര്‍ന്ന് നിന്ന് ഒറ്റപ്പെടുത്തുന്ന സഹോദരങ്ങള്‍ക്കെതിരെയും വനിത പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. വനിതയുടെ സഹോദരനും തമിഴ് സിനിമയിലെ മുന്‍നിര നടനുമായ അരുണ്‍ വിജയ്‌ക്കെതിരെ ശക്തമായ ഭാഷയിലാണ് മാധ്യമങ്ങള്‍ നല്‍കിയ അഭിമുഖങ്ങളില്‍ നടി പൊട്ടിത്തെറിച്ചത്.

കുടുംബങ്ങളില്‍ പ്രശ്‌നം ഉണ്ടാകും. അതൊരിക്കലും പുറത്തുള്ളവര്‍ അറിയരുത്. എന്നാല്‍ അതിന് പൊലീസില്‍ പരാതി കൊടുക്കുന്നതെന്തിനാണ്. 38 വര്‍ഷത്തിനിടയില്‍ ഞാന്‍ കൂടുതലും അനുഭവിച്ചത് കുടുംബത്തില്‍ നിന്നാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2010 ല്‍ ഇതുപോലെ തന്നെ ഒരു പ്രശ്‌നം ഉണ്ടായി. ഞാന്‍ രണ്ടാമതും വിവാഹമോചിതയാകാന്‍ കാരണം അച്ഛന്‍ തന്നെയാണ്. വിവാഹമോചന സമയത്ത് എന്റെ കുട്ടിയുടെ അവകാശത്തെ ചൊല്ലി അച്ഛന്‍ വെറുതെ വഴക്കുണ്ടാക്കി. പിന്നീട് ഞാന്‍ തന്നെ അച്ഛനോടും അമ്മയോടും അക്കാര്യത്തില്‍ മാപ്പുപറഞ്ഞു.

എന്നാല്‍ എന്റെ സഹോദരികളോ സഹോദരനോ ഈ വിഷയത്തില്‍ എനിക്കൊപ്പം നിന്നില്ല. മാപ്പുപറഞ്ഞിട്ടും അവര്‍ എന്നോട് മിണ്ടിയിരുന്നില്ല. അന്നൊക്കെ ഞാന്‍ അച്ഛന്റെ വീട്ടിലായിരുന്നു നിന്നുകൊണ്ടിരുന്നത്. എന്നാല്‍ അമ്മ മരിച്ചതോടെ കാര്യങ്ങള്‍ തകിടംമറിഞ്ഞു. അച്ഛന്‍ പിന്നീട് അരുണ്‍ വിജയ്‌യുടെ വീട്ടിലേയ്ക്ക് മാറി.

എനിക്കൊരു പ്രൊഡക്ഷന്‍ കമ്പനി ഉണ്ട്. വനിത ഫിലിം പ്രൊഡക്ഷന്‍. ഞാന്‍ തന്നെ സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

ഇരുപതു ദിവസം എന്റെ വീട്ടിലായിരുന്നു ചിത്രീകരണം നടന്നത്. അച്ഛനും അതൊക്കെ അറിയാവുന്ന കാര്യമായിരുന്നു. അദ്ദേഹത്തിന് പുറത്ത് നിന്ന് എന്തോ ഓഫര്‍ വന്നു. ഇക്കാര്യം എന്നോട് ഒന്നു പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമേ ഒള്ളൂ. ഇതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ ഉടനെ വീടുവിട്ടുപോകാനാണ് എന്നോട് പറഞ്ഞുകൊണ്ടിരുന്നത്.

വേറെ ഏതെങ്കിലും വീട്ടില്‍ പൊയ്‌ക്കോളാനാണ് എന്നോട് അദ്ദേഹം പറഞ്ഞത്. എനിക്കാണെങ്കില്‍ ഇതല്ലാതെ വേറെ വീടും ഇല്ല. ഉള്ള സ്വത്തുക്കള്‍ മുഴുവന്‍ അരുണ്‍ വിജയ്‌യുടെ പേരിലാണ് അച്ഛന്‍ എഴുതി വെച്ചിരിക്കുന്നത്. ഞാന്‍ പോകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. ഇതുവരെയും സ്വത്തിനെക്കുറിച്ച് ഞങ്ങളാരും ചോദിച്ചിട്ടില്ല. അമ്മ സമ്പാദിച്ചതും അദ്ദേഹം അരുണിന്റെ പേരിലാണ് എഴുതിവെച്ചത്. ഈ വീട്ടില്‍ താമസിക്കുന്നതല്ലാതെ പത്തു പൈസ പോലും ചോദിച്ചിട്ടില്ല. ഞാന്‍ സ്വന്തമായി കാശ് സമ്പാദിക്കുന്നുണ്ട്. കടം വാങ്ങിയാണ് ചിത്രം ചെയ്തുകൊണ്ടിരുന്നത്. പെട്ടെന്ന് പുറത്ത് പോകാന്‍ പറഞ്ഞാല്‍ ഞാന്‍ എവിടെപ്പോകും. അങ്ങനെ കോടതിയില്‍ കേസിനുപോയി.

ഇത് അദ്ദേഹം അറിഞ്ഞതോടെ പൊലീസിനെ ഉപയോഗിച്ച് വ്യാജ പരാതി നല്‍കി എന്നെ ഇറക്കിവിടാന്‍ നോക്കി. സിനിമയെപോലും വെല്ലുന്ന തിരക്കഥയില്‍ സ്റ്റിങ്ങ് ഓപ്പറേഷന്‍ പോലെയായിരുന്നു പൊലീസ് എത്തിയത്. ഇതുപോലെയൊക്കെ സംഭവിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. അച്ഛന്‍ ഭയങ്കരനാണെന്ന് കേട്ടിട്ടുണ്ട് എന്നാല്‍ ഇത്രത്തോളം തരംതാഴ്ന്ന ആളാണെന്ന് അറിയില്ലായിരുന്നു.

സിനിമയിലെ പ്രമുഖര്‍ അന്ന് ആ വീട്ടില്‍ ഷൂട്ടിങ്ങിനായി എത്തിയിരുന്നു. ഞങ്ങളെ ക്രിമിനലുകളെപ്പോലെ പൊലീസ് എത്തി അടിച്ച് ഓടിക്കുകയായിരുന്നു. വന്ന പൊലീസ് ഓഫീസറെയും എനിക്ക് അറിയാമായിരുന്നു. എന്നാല്‍ അച്ഛന്‍ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചാണ് പൊലീസിനെ വരുത്തിയത്. അച്ഛന്‍ ബിജെപിയാണ്.

എനിക്കൊന്നും പറയാന്‍ അവസരം ഉണ്ടായില്ല. നടുറോഡില്‍ എന്നെ വലിച്ചിഴച്ചു. എന്റെ സ്വന്തം വീട്ടില്‍ നിന്ന് സ്വന്തം അച്ഛനില്‍ നിന്നാണ് ഈ ദ്രോഹം ഉണ്ടായത്.

ജീവിതത്തില്‍ ഇത് ആദ്യമായല്ല ഞാന്‍ അനുഭവിക്കുന്നത്. എന്നെ മാത്രം എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നത്. നിങ്ങള്‍ അരുണ്‍ വിജയ്‌യെ വിളിച്ച് ചോദിക്ക്. അരുണും ഇപ്പോള്‍ അച്ഛന്റെ വീട്ടിലാണ് താമസിക്കുന്നത്. അതെന്തുകൊണ്ട് വാടകയ്ക്കു കൊടുക്കുന്നില്ല. എനിക്ക് മാത്രം വീട് വാടകയ്ക്ക്.

മൂത്ത ചേച്ചിയായ എന്നെ അച്ഛന്‍ പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് വീട്ടില്‍ നിന്ന് ഇറക്കിവിട്ടിട്ട് അരുണ്‍ ഒരക്ഷരം പോലും പ്രതികരിച്ചില്ല. നീയൊരു പുരുഷന്‍ ആണോ. ഈ പ്രശ്‌നങ്ങളൊക്കെ സ്വന്തം കുടുംബത്തില്‍ നടക്കുമ്പോഴും അരുണ്‍ ട്വിറ്ററില്‍ കാറിന്റെയും ജിമ്മില്‍ പോയതിന്റെയുമൊക്കെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് രസിക്കുകയായിരുന്നു.

ഞാന്‍ ആരെയും ദ്രോഹിച്ചിട്ടില്ല. വിവാഹിതയായ സമയത്ത് ഭര്‍ത്താവും ഞാനുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരിക്കലും വിവാഹമോചിതയാകണമെന്ന് ആഗ്രഹിച്ച ഒരുപെണ്ണും വിവാഹം കഴിക്കുന്നത്. പതിനെട്ടാം വയസ്സിലായിരുന്നു വിവാഹം. പരസ്പരം അഭിനയിച്ച് ജീവിക്കുന്നതിലും നല്ലതാണ് പിരിയുന്നതെന്ന് തോന്നിയപ്പോഴാണ് ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചത്. ജീവിതത്തില്‍ രണ്ടുതവണ സംഭവിച്ചു.

ചെറുപ്പത്തില്‍ അരുണും ഞാനും തമ്മില്‍ വഴക്ക് ഉണ്ടാക്കാറുണ്ട്. എനിക്കൊരു ആണിന്റെ സ്വഭാവമാണെന്നാണ് അമ്മ പറഞ്ഞിരുന്നത്. എന്നാല്‍ ഞങ്ങളുടെ കുടുംബത്തിലേയ്ക്ക് പുറത്തുനിന്നും രണ്ടുപേര്‍ വന്നതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി. അരുണിന്റെ ഭാര്യ ആര്‍തി, സഹോദരി പ്രീതയുടെ ഭര്‍ത്താവ് സംവിധായകന്‍ ഹരി. ഇവരാണ് എന്റെ ജീവിതത്തിലെ മറ്റു രണ്ട് പ്രശ്‌നക്കാര്‍.

ഹരിയെക്കാള്‍ പതിനെട്ട് വയസ്സ് ചെറുപ്പമാണ് പ്രീത. എന്നിട്ടും ഞാന്‍ മുന്‍കൈ എടുത്താണ് ഇരുവരുടെയും വിവാഹം നടത്തികൊടുത്തത്. വിവാഹം കഴിഞ്ഞതോടെ ഹരി എനിക്ക് എതിരായി. എന്താണ് കാരണമെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. പലകാര്യങ്ങളില്‍ എന്നെ വേദനിപ്പിച്ചു. എന്നാല്‍ എന്റെ സഹോദരിയെ അയാള്‍ നന്നായി നോക്കുന്നുണ്ട്. അക്കാര്യത്തില്‍ അയാളോട് കടപ്പെട്ടിരിക്കുന്നു.

ഒരുപാട് പേര്‍ എന്നെ പിന്തുണച്ച് എത്തുന്നുണ്ട്. ഒരച്ഛനും മകളെ ഇതുപോലെ ദ്രോഹിക്കില്ല, ഇഷ്ടമല്ലായിരുന്നെങ്കില്‍ കൊന്ന് കളയാമായിരുന്നു. ഇങ്ങനെ മറ്റുള്ളവരുടെ മുന്നില്‍ നാണംകെടുത്തേണ്ട കാര്യമില്ല. എനിക്ക് മക്കളുണ്ട്. നാളെ അവര്‍ക്കൊരു കുടുംബം ഉണ്ടാകേണ്ടതാണ്. സിനിമാ ഇന്‍ഡസ്ട്രിയില്‍ എനിക്ക് സുഹൃത്തുക്കളില്ല.

ഇന്ന് ഞാന്‍ പോരാടുന്നത് നിലനില്‍പിന് വേണ്ടിയാണ്. അമ്മയുടെ ആത്മാവിന് ശാന്തി ലഭിക്കണം. എന്റെ അമ്മയുടെ വീട് ആണത്. ഇല്ലെങ്കില്‍ ഞാന്‍ വിജയകുമാറിന്റെ മകളല്ലെന്ന തെളിവുമായി വരട്ടെ. അതുവരെ ഞാന്‍ പോരാടും.വനിത പറഞ്ഞു.

അരുണിനും മറ്റും പണം മാത്രമാണ് ചിന്തയെന്നും കുടുംബം എന്നതിനെകുറിച്ച് അവര്‍ക്കാര്‍ക്കും ഉത്കണ്ഠയില്ലെന്നും അവരെല്ലാം ഏതോ അന്യഗ്രഹത്തില്‍ ജീവിക്കുന്നതുപോലെയാണ് പെരുമാറുന്നതെന്നും വനിത ആരോപിക്കുന്നു.

വിജയകുമാറിന്റെ അന്തരിച്ച ഭാര്യ മഞ്ജുളയുടെ പേരിലുള്ള വീട്ടില്‍ നിന്നാണ് വനിതയേയും കൂടെയുണ്ടായിരുന്നവരേയും ബലപ്രയോഗത്തിലൂടെ വിജയകുമാര്‍ പുറത്താക്കിയത്. സമയപരിധി കഴിഞ്ഞിട്ടും ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കാതെ വീട് ഒഴിയാത്തതിനാലാണ് തനിക്ക് പൊലീസിന്റെ സഹായം തേടേണ്ടി വന്നതെന്നും ഈ വീട് സ്ഥിരം സിനിമ ചിത്രീകരണങ്ങള്‍ക്കായി വിട്ടു കൊടുക്കുന്നതായിനാല്‍ നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് നഷ്ടം ഉണ്ടാകാതെ നോക്കേണ്ടതുണ്ടായിരുന്നുവെന്നും വിജയകുമാര്‍ ഈ സംഭവത്തില്‍ പ്രതികരിച്ചു.

തന്റെ അമ്മയായ മഞ്ജുള വിജയകുമാറിന്റെ പേരിലാണ് ഈ വീടെന്നും വിജയകുമാറിന്റെ രണ്ടാമത്തെ ഭാര്യയായ മഞ്ജുളയില്‍ താന്‍ ഉള്‍പ്പെടെ നാല് പെണ്‍മക്കളാണ് ഉള്ളതെന്നും അവരില്‍ മൂത്തയാളായ തനിക്കാണ് അമ്മയുടെ കാലശേഷം വീടിന് മേല്‍ അവകാശം എന്നും വനിത പറയുന്നു. എന്നാല്‍ ഈ സ്വത്ത് തന്റെ പേരില്‍ ആക്കാനാണ് അച്ഛന്‍ ശ്രമിക്കുന്നതെന്നും അതുകൊണ്ടാണഅ യാഥാര്‍ത്ഥ അവകാശിയായ തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നതെന്നും വനിത ആരോപിക്കുന്നു.

അമ്മയുടെ കാലശേഷം വീടിന്റെ നിയമപരമായ അവകാശി ഞാന്‍ തന്നെയാണ്, എന്നാല്‍ അച്ഛന്‍ അദ്ദേഹത്തിന്റേതാക്കാന്‍ നോക്കുകയാണ്. അത് അനുവദിക്കില്ല, നിയമപരമായി നേരിടുമെന്നാണഅ വനിത പറയുന്നത്. നിയമനടപടികള്‍ അവര്‍ ആരംഭിച്ചിട്ടുമുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി താന്‍ ഈ വിട്ടിലാണ് താമസിച്ചു പോന്നിരുന്നതെന്നും തന്റെ പാസ്‌പോര്‍ട്ടും ആധാര്‍ കാര്‍ഡുമെല്ലാം ഈ വീട്ടിലെ മേല്‍വിലാസത്തിലാണ് ഉള്ളതെന്നും വനിത പറയുന്നു.

Top