തിരുവനന്തപുരം: പോലീസുകാരനെക്കൊണ്ട് അടിമപ്പണി ചെയ്യിച്ചതിലൂടെ ആരോപണ വിധേയനായ എ.ഡി.ജി.പി സുദേഷ്‌കുമാറിനു കൊറിയറില്‍ വിസര്‍ജ്യമടങ്ങിയ പാഴ്സല്‍. ആംഡ് ബറ്റാലിയന്‍ ഓഫീസിലെ വിലാസത്തില്‍ ഇന്നലെ വൈകിട്ടു നാലരയോടെയാണു കോഴിക്കോട്ടെ അജ്ഞാതവിലാസത്തില്‍നിന്നു പാഴ്സല്‍ എത്തിയത്. വര്‍ണക്കടലാസില്‍ പൊതിഞ്ഞ് ‘മധുരം’ എന്നു രേഖപ്പെടുത്തിയിരുന്നു.എ.ഡി.ജി.പി: ‘സുകേഷ്‌കുമാര്‍’ എന്നു തെറ്റിച്ചാണു പേരെഴുതിയിരുന്നത്. കൊറിയര്‍ എത്തിയ വിവരം ഡ്യൂട്ടി ഓഫീസര്‍ സുദേഷ്‌കുമാറിനെ അറിയിച്ചു. പൊതി പൊട്ടിച്ചുനോക്കിയശേഷം എത്തിക്കാനായിരുന്നു എ.ഡി.ജി.പിയുടെ നിര്‍ദേശം.
പാഴ്സല്‍ കൊണ്ടുവന്നപ്പോഴേ ദുര്‍ഗന്ധം വമിച്ചിരുന്നു. തുറന്നുനോക്കിയപ്പോഴാണ് ‘ഉള്ളടക്കം’ വ്യക്തമായത്. ഓഫീസില്‍നിന്നു വിവരം ഉടന്‍ പേരൂര്‍ക്കട പോലീസില്‍ അറിയിച്ചു. എന്നാല്‍, പാഴ്സല്‍ അയച്ചയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഒരു പോലീസുകാരനെ കേന്ദ്രീകരിച്ച് ഇന്റലിജന്‍സ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. തന്നെ പീഡിപ്പിച്ചെന്നു പറഞ്ഞ് എഡിജിപിയുടെ മകള്‍ കൊടുത്ത പരാതിയില്‍ ഡ്രൈവര്‍ ഗവാസ്‌കറിനെതിരേ തെളിവു കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് ഇതുവരെ കഴിഞ്ഞിട്ടില്ല.