
കൊച്ചി: മുല്ലപ്പള്ളി രാമചന്ദ്രനെ കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ് കെ പി സി സി പ്രസിഡന്റായി നിയമിച്ചതിനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം. സൗമ്യനും സത്യസന്ധനും സകലഗുണ സമ്പന്നനും ഭഗവാന്‍ ശ്രീരാമചന്ദ്രനെ പോലെ മര്യാദാപുരുഷോത്തമനുമാണ് മുല്ലപ്പളളി രാമചന്ദ്രന്‍. ഏതായാലും ഇനിയങ്ങോട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയെ പിടിച്ചാല്‍ കിട്ടില്ലെന്നും ജയശങ്കര്‍ പരിഹാസരൂപേണ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ആറുമാസത്തിലധികം നീണ്ട ആലോചനയ്ക്കൊടുവിൽ കോൺഗ്രസ് ഹൈക്കമാൻഡ് മുല്ലപ്പളളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റായി നിയമിച്ചു.
സൗമ്യനും സത്യസന്ധനും സകലഗുണ സമ്പന്നനും ഭഗവാൻ ശ്രീരാമചന്ദ്രനെ പോലെ മര്യാദാപുരുഷോത്തമനുമാണ് മുല്ലപ്പളളി രാമചന്ദ്രൻ. ഒട്ടും അഴിമതിക്കാരനല്ല, നാളിതുവരെ യാതൊരു ചീത്തപ്പേരും കേൾപ്പിച്ചിട്ടില്ല.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് മുല്ലപ്പള്ളി ഒറ്റയ്ക്കല്ല. മൂന്നു വർക്കിങ് പ്രസിഡന്റുമാരെ കൂടി നിയമിച്ചിട്ടുണ്ട്- കെ സുധാകരൻ, എംഐ ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ്. പ്രചരണ വിഭാഗം തലൈവരായി കെ.മുരളീധരനെയും തീരുമാനിച്ചു.
മഹാത്മാ ഹസ്സൻ ഇനിയെന്തു ചെയ്യുമെന്ന് കാത്തിരുന്നു കാണണം.
ഏതായാലും ഇനിയങ്ങോട്ട് കോൺഗ്രസ് പാർട്ടിയെ പിടിച്ചാൽ കിട്ടില്ല.ടീം മുല്ലപ്പള്ളിയുടെ മുന്നേറ്റത്തിനു മുന്നിൽ എതിരാളികൾ നിസ്തേജരാകും.