കോട്ടയം: ആരാണ് സ്മൃതി ഇറാനി എന്ന് പ്രിയങ്കാ ഗാന്ധി ഇനി ചോദിക്കില്ല. വയനാട്ടുകാരുടെ സന്തോഷത്തിലും ടി സിദ്ദിഖിന്റെ സങ്കടത്തിലും പങ്കു ചേരുന്നുവെന്നും രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വയനാട് മണ്ഡലത്തെ ഒരിക്കലും കൈവിടില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതിന്റെ അര്‍ത്ഥം ഇപ്പോഴാണ് മനസ്സിലായതെന്നും ജയശങ്കർ .
എല്‍.ഡി.എഫിലെ കരുത്തന്മാര്‍ എല്ലാം യു.ഡി.എഫിനു മുന്നില്‍ മുട്ടുകുത്തിയപ്പോള്‍ ആലപ്പുഴയില്‍ ആരിഫ് മാത്രം ജയിച്ചുകയറിയത് എങ്ങനെയെന്ന് മറ്റൊരു പോസ്റ്റില്‍ അഡ്വ.ജയശങ്കര്‍ അഭിപ്രായപ്പെടുന്നു. കാ ളിദാസന്‍ മരിച്ചു, കണ്വ മാമുനി മരിച്ചു, അനസൂയ മരിച്ചു, പ്രിയംവദ മരിച്ചു, ശകുന്തള മാത്രം മരിച്ചില്ല.. എന്ന പാട്ട് പോലെയായി കേരളത്തില്‍ ഇടതുമുന്നണിയുടെ കാര്യം.സമ്പത്ത് തോറ്റു, രാജേഷ് തോറ്റു, വീണയും തോറ്റു, പികെ ബിജു ദയനീയമായി തോറ്റു. ആരിഫ് മാത്രം തോറ്റില്ല.വിനയവും മര്യാദയുമുളള പൊതു പ്രവര്‍ത്തകനാണ് സഖാവ് എഎം ആരിഫ്. മസിലു പിടുത്തം ഒട്ടുമില്ല. ഇടതുപക്ഷത്തിനു നല്ല മേധാവിത്തമുളള മണ്ഡലമാണ് ആലപ്പുഴ. എംവി ഗോവിന്ദന്‍ മാസ്റ്ററുടെയും മരാമത്ത് മന്ത്രി ജി സുധാകരന്റെയും നേതൃത്വത്തില്‍ ചിട്ടയായ പ്രവര്‍ത്തനവും ആരിഫിന് ഗുണമായി.
ആരിഫ് പാട്ടും പാടി ജയിക്കും എന്നായിരുന്നു നവോത്ഥാന നായകന്‍ വെളളാപ്പളളി നടേശന്‍ പ്രവചിച്ചത്. തോറ്റാല്‍ തല മൊട്ടയടിക്കും എന്നൊരു ഭീഷണിയും മുഴക്കിയിരുന്നു.പാട്ടു പാടിയില്ല എങ്കിലും ആരിഫ് ജയിച്ചു. നടേശന്‍ മുതലാളിക്കു തല മുണ്ഡനം ചെയ്യാനുളള അവസരം നഷ്ടപ്പെട്ടു.
ഒരു വേനലിന് ഒരു വര്‍ഷമുണ്ട്.വയനാട്ടില്‍ 4,31,770 വോട്ട് ഭൂരിപക്ഷത്തോടെ ജയിച്ച രാഹുല്‍ഗാന്ധി, സ്ഥിരം സീറ്റായ അമേഠിയില്‍ സ്മൃതി ഇറാനിയോട് 45,327 വോട്ടിനു തോറ്റു.രാഹുല്‍ വയനാടിനെ ഒരിക്കലും കൈവിടില്ല എന്നു പറഞ്ഞതിന്റെ ആന്തരാര്‍ത്ഥം ഇപ്പോഴാണ് പിടികിട്ടിയത്.ആരാണീ സ്മൃതി ഇറാനി എന്ന് പ്രിയങ്ക ഗാന്ധി ഇനി ചോദിക്കില്ല.രാഹുല്‍ഗാന്ധി അമേഠി നിലനിര്‍ത്തും വയനാട്ടില്‍ ഉടനെ ഉപതെരഞ്ഞെടുപ്പുണ്ടാകും എന്നാണ് മനോരമാദി പത്രങ്ങള്‍ പ്രചരിപ്പിച്ചത്. അത് ഒഴിവായി. പാവം സിദ്ദിഖിന്റെ കാര്യം കട്ടപ്പുക.
വയനാട്ടുകാരുടെ സന്തോഷത്തിലും ടി സിദ്ദിഖിന്റെ സങ്കടത്തിലും പങ്കു ചേരുന്നു.