കാബൂൾ : കാബൂളിൽ നിന്ന് വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങിക്കിടന്ന് രക്ഷപ്പെടാൻ ശ്രമിച്ച അഫ്ഗാൻ പൗരന്മാരിൽ ദാരുണാന്ത്യം സംഭവിച്ചവരിൽ ഒരാൾ സഫിയുല്ല ഹോതക് എന്ന ഡോക്ടറാണ് എന്ന് സ്ഥിരീകരണം . എൻഡിടിവിയുടെ റിപ്പോർട്ട് അനുസരിച്ച്, രണ്ട് മൃതദേഹങ്ങളും 49 കാരനായ വാലി സാലികിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ മേൽക്കൂരയിലാണ് വീണത്. ട്രക്കിന്റെ ടയർ പൊട്ടിയതുപോലെയുള്ള വലിയ ശബ്ദത്തോടെയാണ് വിമാനത്തിൽ നിന്ന് വീണ ഇവർ മേൽക്കൂരയിൽ വന്നു പതിച്ചത്. ഉച്ചത്തിലുള്ള ശബ്ദം കേട്ടപ്പോൾ കുടുംബത്തോടൊപ്പം വീട്ടിലുണ്ടായിരുന്നതായി സാലിക് പറയുന്നു. ടെറസിലേക്ക് ഓടിക്കയറിയപ്പോൾ കണ്ട കാഴ്ച്ച, രണ്ട് മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ചുകിടക്കുന്നതായിരുന്നുവെന്നും ഇയാൾ പറഞ്ഞു. ഭയാനകമായ ഈ കാഴ്ച കണ്ട് ഭാര്യ ബോധരഹിതയായതായി വീണുവെന്നും അദ്ദേഹം പറഞ്ഞു.
താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് ശേഷം തലസ്ഥാന നഗരിയിൽ നിന്ന് രക്ഷപ്പെടാൻ നൂറുകണക്കിനാളുകൾ കാബൂൾ വിമാനത്താവളത്തിൽ ഒത്തുകൂടിയിരുന്നു. ഇവർ യുഎസ് വിമാനത്തിൽ നിന്ന് വീണതാണെന്ന് അയൽവാസികളാണ് അറിയിച്ചതെന്നും സാലക് പറഞ്ഞു.
വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ വിമാനത്തിന്റെ ചക്രത്തിൽ നിന്ന് പിടിവിട്ട് ഇവർ താഴെ വീഴുകയായിരുന്നു. വിമാനത്താവളത്തിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള സാലികിന്റെ വീടിന്റെ ടെറസിലാണ് ഇവർ വീണത്. ഡോക്ടർ സഫിയുല്ല ഹോതകിനെ കൂടാതൊ ഫിദ മുഹമ്മദ് എന്നയാളും വിമാനത്തിൽ നിന്ന് വീണ് മരണപ്പെട്ടു. ഇരുവർക്കും 30 വയസ്സിനടുത്താണ് പ്രായം.
കാബൂൾ വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് അഫ്ഗാൻ ചെറുപ്പക്കാർ നഗരത്തിൽ നിന്ന് രക്ഷപ്പെടാനുള്ള വിവിധ വഴികൾ തേടിയിരുന്നു. ചില വൈറൽ വീഡിയോകളിൽ ആളുകൾ വിമാനത്തിന്റെ ചിറകിൽ തൂങ്ങി നിൽക്കുന്നതും കാണാം.
മേൽക്കൂരയുടെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും സാലിക് പറഞ്ഞു. ഉടൻ തന്നെ ഷാളും സ്കാർഫും ഉപയോഗിച്ച് മൃതദേഹങ്ങൾ മറച്ചുവെന്നും പിന്നീട് അവരെ പള്ളിയിലേക്ക് കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിൽ ഇറങ്ങിയ ശേഷമാണ് സി -17 ജെറ്റിന്റെ ചക്രത്തിൽ ആളുകൾ തൂങ്ങിക്കിടന്നതിന്റെ ഭാഗങ്ങൾ കണ്ടെത്തിയതെന്ന് യുഎസ് വ്യോമസേന പിന്നീട് പറഞ്ഞിരുന്നു.
നാടുവിടാൻ വിമാനത്താവളത്തിൽ ജനം തിങ്ങിനിറഞ്ഞതോടെ തിക്കിലും തിരക്കിലുംപെട്ട് അഞ്ചുപേർക്ക് ജീവൻ നഷ്ടമായതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. താലിബാൻ കാബൂൾ പിടിച്ചെടുത്തതിന് പിന്നാലെ അഭയം തേടി മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപെടാനുള്ള അവസാന ശ്രമത്തിലായിരുന്നു ജനങ്ങൾ. വിമാനത്തിൽ സീറ്റ് ഉറപ്പിക്കാനായി ആയിരക്കണക്കിന് അഫ്ഗാനികളും വിദേശികളുമാണ് തിങ്കളാഴ്ച രാവിലെ കാബൂളിലെ ഹാമിദ് കർസായി വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്.