നിമിഷ ഫാത്തിമ ജയില്‍ മോചിതയായായി!.താലിബാൻ മോചിപ്പിച്ച തടവുകാരിൽ നിമിഷാഫാത്തിമ അടക്കം മലയാളികൾ ഉണ്ടെന്ന് സൂചന. മകളെ നാട്ടിലെത്തിക്കണമെന്ന് അമ്മ ബിന്ദു.

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വിവിധ ജയിലുകളില്‍ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖായിദ തീവ്രവാദികളാണ് ഇതില്‍ ഏറിയ പങ്കും. മോചിതരായ ആയിരക്കണക്കിന് തടവുകാരില്‍ ഐഎസിൽ ചേരാനായി ഇന്ത്യ വിട്ട നിമിഷ ഫാത്തിമക അടക്കം എട്ട് മലയാളികളും ഉണ്ടെന്നാണ് വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പോളിഷ് വനിത മോണിക്കയാണ് നിർണായക വിവരം അറിയിച്ചത്.കാബൂളിലെ ബദാം ബാഗ്, പുള്ളി ചര്‍ക്കി എന്നിവടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന തടവുകാരെയാണ് താലിബാന്‍ മോചിപ്പിച്ചത്.

കേരളത്തില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയി അവിടെ സൈന്യത്തിന്റെ പിടിയിലാകുകയും ജയിലിലടക്കുകയും ചെയ്ത നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികളാണ് മോചിപ്പിച്ചവരിലുള്ളതെന്നാണ് വിവരം. 21 പേരാണ് ഇന്ത്യയില്‍ നിന്ന് ഇത്തരത്തില്‍ പോയത്. ഇവര്‍ മറ്റെതെങ്കിലും രാജ്യത്തിലൂടെ ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ കനത്ത ജാഗ്രതയായിരിക്കും അതിര്‍ത്തികളിലും തുറമുഖങ്ങളിലുമുണ്ടാവുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമ ജയില്‍മോചിതയായെന്ന് വിവരം ലഭിച്ചതായി അമ്മ ബിന്ദു. നിമിഷയെ ഉടന്‍ ഇന്ത്യയിലെത്തിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.തന്റെ മകള്‍ തെറ്റുകാരിയല്ലെന്നും അവര്‍ക്ക് ജീവിക്കാന്‍ അധികാരമുണ്ടെന്നും അമ്മ ബിന്ദു പ്രതികരിച്ചു.‘ഈ ദിവസത്തിന് ദൈവത്തിന് നന്ദി പറയുകയാണ്. സത്യസന്ധമായ ഒരു കാര്യത്തിന് വേണ്ടിയാണ് ഇത്രയും കാലം അലഞ്ഞത്. ആ കുഞ്ഞുങ്ങള്‍ നിരപരാധിയല്ലേ. അവരെ ശിക്ഷിക്കണമെന്നാണോ നിയമം പറയുന്നത് എന്നും നിമിഷയുടെ അമ്മ ബിന്ദു മാധ്യമങ്ങളോട് വ്യക്തമാക്കി.

നിമിഷയെ എത്രയും പെട്ടെന്ന് തിരികെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാണ് അമ്മ ബിന്ദുവിന്റെ ഇപ്പോഴത്തെ ആവശ്യം. നേരത്തേയും ഈ അഭ്യര്‍ത്ഥനയുമായി ബിന്ദു കേന്ദ്രവിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. നിമിഷ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഇന്ത്യയിലെ നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കാമെന്നും അമ്മ ബിന്ദു വ്യക്തമാക്കി. ഐഎസ്സില്‍ ചേര്‍ന്ന നിമിഷാ ഫാത്തിമയ്ക്ക് ഒരു കുഞ്ഞുണ്ട്. നിമിഷയെ പാര്‍പ്പിച്ച അഫ്ഗാനിലെ കാബൂളിലുള്ള ജയില്‍ താലിബാന്‍ തകര്‍ത്തിരുന്നു. അതേസമയം നിമിഷ ഫാത്തിമ എവിടെയെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തതയില്ല.

ഭീകരസംഘടനയായ ഐ എസില്‍ ചേരാന്‍ 2016 ലാണ് ഭര്‍ത്താവ് പാലക്കാട് സ്വദേശി ബെക്‌സനോടൊപ്പം നിമിഷ നാടുവിട്ടത്. നിമിഷ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചയക്കാന്‍ ഗനി ഭരണത്തിലുണ്ടായിരുന്ന കാലത്ത് അഫ്ഗാനിസ്താന്‍ തയ്യാറായിരുന്നു. എന്നാല്‍, രാജ്യസുരക്ഷ കണക്കിലെടുത്ത് ഇവരെ തിരികെ കൊണ്ടുവരേണ്ടെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇതു ചോദ്യംചെയ്താണ് നിമിഷയുടെ അമ്മ ബിന്ദു ഹര്‍ജി നല്‍കിയത്. മകളെയും ചെറുമകളെയും നാട്ടിലെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കുഞ്ഞിന്റെ സംരക്ഷണം തനിക്കു വിട്ടുകിട്ടണമെന്നുമാണ് ബിന്ദുവിന്റെ ആവശ്യം.

താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്താനിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി ഇന്ത്യയും അമേരിക്കയും ചർച്ച ചെയ്തു. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും തമ്മിലാണ് ചർച്ച നടത്തിയത്. പൗരന്മാരെ അഫ്ഗാനിൽ നിന്ന് തിരികെ എത്തിക്കാൻ ഇന്ത്യ അമേരിക്കയുടെ സഹായം തേടി. അഫ്ഗാനിലെ നിലവിലെ സാഹചര്യം ചർച്ചയായെന്നും വിദേശകാര്യ മന്ത്രാലയങ്ങൾ അറിയിച്ചു. അന്താരാഷ്ട്ര സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്കകൾ പങ്കുവെച്ചതായും ഐക്യരാഷ്ട്രസഭയുടെ ഇടപെടലുകളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും എസ്. ജയശങ്കർ പ്രതികരിച്ചു.

അതിനിടെ, അഫ്ഗാനിലെ സ്ഥിതിഗതികളിൽ ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതി യോഗത്തിൽ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചു. താലിബാനെതിരെ കടുത്ത നിലപാട് സ്വീകരിച്ചില്ലെങ്കിലും അഫ്ഗാനിസ്താനിലെ ജനങ്ങൾ ഭയത്തോടെയാണ് കഴിയുന്നതെന്ന് യു.എൻ രക്ഷാസമിതി യോഗത്തിൽ ഇന്ത്യ വ്യക്തമാക്കി. സ്ത്രീകളും കുട്ടികളും വൻ ഭീതിയിൽ കഴിയുകയാണ്. അഫ്ഗാനെ വീണ്ടും ഭീകരരുടെ താവളമാക്കി മാറ്റരുതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

ഭീകരവാദത്തോട് വിട്ടുവീഴ്ച പാടില്ല. അയൽരാജ്യങ്ങൾക്ക് നേരെയുള്ള ഭീഷണിക്കും ആക്രമണത്തിനും വേണ്ടി ഭീകരർ അഫ്ഗാൻ മണ്ണ് ഉപയോഗിക്കുന്ന സാഹചര്യം സംജാതമാകരുതെന്നും ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂർത്തി വ്യക്തമാക്കി.

Top