ഇന്ത്യക്ക് ഭീക്ഷണി മുഴക്കി താലിബാൻ .കശ്മീരിലെ മുസ്‍ലിങ്ങൾക്കായി ശബ്ദമുയർത്താൻ ഞങ്ങൾക്ക് അവകാശമുണ്ട്. സർക്കാരിനെ മുല്ല ബറദർ നയിക്കും

കാബൂൾ: അഫ്ഗാനിലെ താലിബാൻ സർക്കാരിനെ മുല്ല അബ്ദുൾ ഗനി ബറദർ നയിക്കും. താലിബാന്റെ സഹ സ്ഥാപകരിലൊരാളാണ് മുല്ല ബറദർ. 2010ൽ കറാച്ചിയിൽ വച്ച് സുരക്ഷാസേനയുടെ പിടിയിലായ ഇയാളെ 2018ലാണ് മോചിപ്പിക്കുന്നത്. താലിബാന്റെ രാഷ്‌ട്രീയ സമിതി തലവനായി പ്രവർത്തിച്ച് വരികയായിരുന്നു. താലിബാൻ സ്ഥാപകനായിരുന്ന കൊല്ലപ്പെട്ട മുല്ല ഒമറിന്റെ മകൻ മുല്ല മുഹമ്മദ് യാക്കൂബ്, ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റനെക്‌സയി എന്നിവർ സർക്കാരിന്റെ ഉന്നത പദവികൾ വഹിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം കശ്മീര്‍ ഉള്‍പ്പെടെ എവിടെയുമുള്ള മുസ്‌ലിംകള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചു .കശ്മീരിലും ഇന്ത്യയിലും മറ്റേതൊരു രാജ്യത്തും മുസ്‌ലിംകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. മുസ്‌ലിംകളായിരിക്കുവാനും അവര്‍ക്കുവേണ്ടി സംസാരിക്കാനും ഞങ്ങള്‍ക്കവകാശമുണ്ട്. അവര്‍ നിങ്ങളുടെ പൗരന്മാരാണെന്നും നിങ്ങളുടെ നിയമപ്രകാരം അവര്‍ക്ക് തുല്യ അവകാശങ്ങള്‍ ലഭിക്കാന്‍ അവകാശമുണ്ടെന്നും ഞങ്ങള്‍ പറയും.’ ബിബിസി ഉര്‍ദുവിന് നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു. എന്നാല്‍ ഏതെങ്കിലും ഒരു രാജ്യത്തിനു നേരേ ആയുധമെടുക്കാന്‍ ഉദ്ദേശ്യമില്ലെന്നും താലിബാന്‍ വ്യക്തമാക്കി. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന ആദ്യനിലപാടില്‍നിന്നുള്ള ചുവടുമാറ്റമാണ് ദിവസങ്ങള്‍ക്കുള്ളില്‍ താലിബാന്‍ നടത്തിയിരിക്കുന്നത്.

അതേസമയം, അഫ്ഗാനിസ്ഥാന്റെ ഭൂമി ഒരു തരത്തിലുമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച പറഞ്ഞു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ ചൊവ്വാഴ്ച മുതിര്‍ന്ന താലിബാന്‍ നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനക്‌സായിയെ കാണുകയും അഫ്ഗാനിസ്ഥാന്റെ മണ്ണ് ഇന്ത്യന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും തീവ്രവാദത്തിനും ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ, മടക്കം എന്നിവയെക്കുറിച്ചും ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു.

അതേസമയം താലിബാന്റെ ഏറ്റവും മുതിർന്ന നേതാവായ മുല്ല ഹിബത്തുള്ള അഖുൻസദയായിരിക്കും അഫ്ഗാനിലെ പരമോന്നത നേതാവ്. പുതിയ താലിബാൻ ഭരണകൂടത്തിന്റെ ഘടന ഏകദേശം പൂർത്തിയായെന്നാണ് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഹിബത്തുള്ളയുടെ കീഴിൽ രാജ്യത്തെ ഭരണകാര്യങ്ങൾ നിയന്ത്രിക്കാൻ ഒരു പ്രധാനമന്ത്രിയും, രാഷ്‌ട്രപതിയും ഉണ്ടാകും. അതേസമയം ഓരോ പ്രവിശ്യകളിലും താലിബാൻ അവരുടെ ഗവർണർമാർ, പോലീസ് നേതാക്കൾ, പോലീസ് കമാൻഡർമാർ എന്നിവരുടെ നിയമനം നടത്തിക്കഴിഞ്ഞു. അഷ്റഫ് ഗാനി രാജ്യം വിട്ടതിന് പിന്നാലെ കഴിഞ്ഞ രണ്ടാഴ്ചയായി താലിബാന് കീഴിലാണ് അഫ്ഗാൻ. കാബൂളിന്റെ കൂടി നിയന്ത്രണം ഏറ്റെടുത്തതോടെയാണ് സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് താലിബാൻ കടന്നത്.

Top