വിചിത്ര രോഗവുമായി അബുള്‍ ബജന്ദാര്‍; നടത്തിയത് 24 ശസ്ത്രക്രിയകള്‍; ഭേതപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ശേഷവും പ്രശ്‌നങ്ങള്‍

ധാക്ക: വിചിത്ര രോഗവുമായി കഴിയുന്ന വ്യക്തിക്ക് ഇതുവരെ ചെയ്തത് 24 ശസ്ത്രക്രിയ. ഇത്രയും ശസ്ത്രക്രിയക്ക് ശേഷവും രോഗത്തിന് ശമനമില്ലാതെ കഷ്ടപ്പെടുകയാണ് അബുള്‍ ബജന്ദാര്‍. ശരീരം മുഴുവന്‍ ശിഖരങ്ങള്‍പോലെ വളര്‍ച്ച ഉണ്ടാകുന്നതാണ് അബുളിന്റെ രോഗം. രോഗമുക്തി നേടിയെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി ഒരു വര്‍ഷം കഴിയുമ്പോഴേക്കും അബുളിന്റെ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ വീണ്ടും ഇത്തരം വളര്‍ച്ചകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

‘ട്രീ മാന്‍ ഡിസീസ്’ എന്നറിയപ്പെടുന്ന അത്യപൂര്‍വ്വ ജനിതക രോഗമാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി അബുളിനെ ബാധിച്ചിരിക്കുന്നത്. ശരീരത്തിലെ അമിതമായ ഒരുതരം അരിമ്പാര വളര്‍ച്ചയാണ് ട്രീമാന്‍ സിന്‍ഡ്രോം. രോഗം വഷളായതോടെ 2016 ജനുവരി മുതലാണ് അബുള്‍ ധാക്കയിലെ ആശുപത്രിയില്‍ ചികിത്സ ആരംഭിച്ചത്. കൈ കാലുകളില്‍ മുഴുവന്‍ ഇത്തരം വളര്‍ച്ചകള്‍ നിറഞ്ഞതിനാല്‍ അബുളിന് ജോലി ചെയ്യാന്‍ പോലും സാധിച്ചിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രോഗം മൂര്‍ച്ഛിച്ച് അബുളിന്റെ കൈകാലുകള്‍ വൃക്ഷത്തലപ്പുകള്‍ പോലെ ആയതോടെ 24 ശസ്ത്രക്രിയകള്‍ നടത്തി അബുളിന്റെ ശരീരത്തില്‍ നിന്നും വളര്‍ച്ചയെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. അഞ്ച് കിലോയിലധികം ഭാരമുള്ള വളര്‍ച്ചയാണ് ഡോക്ടര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.

വൈദ്യശാസ്ത്ര ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ് അബുളിന്റെ ചികിത്സയും ശസ്ത്രക്രിയയുമെന്നായിരുന്നു ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ സാമന്ത ലാല്‍ സെന്നിന്റെ പ്രതികരണം. അബുള്‍ പൂര്‍ണമായും രോഗമുക്തി നേടിയെന്നും ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുന്‍പേ അബുളിന്റെ കൈകാലുകളില്‍ സമാനമായ വളര്‍ച്ച വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി.

വീണ്ടും രോഗാവസ്ഥ പ്രകടമായി തുടങ്ങിയതിനാല്‍ തുടര്‍ ചികിത്സ ഏറെ സങ്കീര്‍ണമായി തീരുമെന്ന് കരുതുന്നതായാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നത്. ചികിത്സിച്ച്‌ഭേദമാവാന്‍ ഏറെ സമയം വേണ്ടി വരുന്ന അപൂര്‍വമായ രോഗമാണ് അബുളിന്റേതെന്നും എത്ര സമയം വേണ്ടിവന്നാലും രോഗം പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.

എന്നാല്‍ തന്റെ രോഗം ഇനി ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷയില്ലെന്നാണ് അബുളിന്റെ പ്രതികരണം. 25 ശസ്ത്രക്രിയകള്‍ ഇതിനോടകം നടന്നു. ഇനിയും ശസ്ത്രക്രിയ വേണ്ടി വരുമോ എന്ന് താന്‍ ഭയപ്പെടുന്നതായും അബുള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Top