ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് അരവിന്ദ് കേജ്‌രിവാളിന് അധികാര തുടർച്ച!!മൂന്നിൽ രണ്ട് ഭുരിപക്ഷത്തോടെയാണ് അധികാരത്തിൽ എത്തുന്നത് .തിരഞ്ഞെടുപ്പ് പ്രചരണപരിപാടിയിൽ കോൺഗ്രസിനെ കാര്യമാക്കാതെ ബി.ജെ.പിക്ക് മുഖ്യശത്രുവിന്റെ സ്ഥാനം നൽകി. വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാതെ വികസനത്തിന്റെ രാഷ്ട്രീയത്തിന് പ്രാധാന്യം നൽകി. തങ്ങൾ കഴിഞ്ഞ അഞ്ച് വർഷക്കാലമായി ഡൽഹിയിൽ കൊണ്ടുവന്നിട്ടുള്ള നല്ല കാര്യങ്ങൾ എടുത്തു കാട്ടാൻ ആം ആദ്മി കൂടുതൽ ശ്രദ്ധ ചെലുത്തി.
ബി.ജെ.പിക്കുണ്ടായിരുന്ന ഏറ്റവും വലിയ പോരായ്മകൾ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ എടുത്തു കാട്ടാൻ അരവിന്ദ് കേജ്രിവാൾ കൂടുതൽ ശ്രദ്ധ നൽകി. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന ക്രൗഡ് പുള്ളറെ ഡൽഹിയുടെ തിരഞ്ഞെടുപ്പ് ചിത്രത്തിൽ കൊണ്ടുവരാതിരിക്കാൻ കഴിയുന്നതും ശ്രമിച്ചു. ഡൽഹിയുടെ രാഷ്ട്രീയത്തിൽ എടുത്തു കാട്ടാൻ ഒരു നേതാവ് ബി.ജെ.പിക്കില്ലാത്തതിനാൽ നരേന്ദ്ര മോദിയെയും അമിത് ഷായെയും മാത്രമായിരുന്നു പാർട്ടി ഡൽഹിയിലേക്ക് രംഗപ്രവേശനം ചെയ്തത്.
2015ൽ 70ൽ 67 സീറ്റിന്റെ മഹാ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ആം ആദ്മി പാർട്ടി അധികാരം നിലനിറുത്തുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന.1998 മുതൽ തുടർച്ചയായി 3 തവണ അധികാരത്തിലെത്തിയ കോൺഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റിൽ പോലും ജയിച്ചില്ല. ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി സീറ്റ് ബി.ജെ.പി പിടിച്ചെടുത്തതോടെ, സഭ പിരിച്ചുവിടുമ്പോൾ 66-4 എന്നതായിരുന്നു കക്ഷിനില. ശനിയാഴ്ച നടന്ന വോട്ടെടുപ്പിൽ 62.59% ആണു പോളിംഗ്.
മോദി പ്രഭാവത്തെ ഡൽഹിയിൽ ഉയർത്തിക്കാട്ടാൻ ബി.ജെ.പി ശ്രമിക്കുമെന്ന് കേജ്രിവാളിന് നല്ല ബോദ്ധ്യമുണ്ടായിരുന്നു. കാരണം രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ഏറ്റവും കൂടുതൽ പ്രയോഗിച്ചതും അതു തന്നെയായിരുന്നു. കഴിഞ്ഞ് എട്ട് വർഷമായി മോദി പ്രഭാവം ബി.ജെ.പിയെ വളർത്തിയത് ചില്ലറയൊന്നുമല്ല. കൂടാതെ ഡൽഹിയിൽ ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത് ബി.ജെ.പിക്ക് തിരിച്ചടിയാവുമെന്ന് നേതൃത്വത്തിന് അറിയാമായിരുന്നു. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി എവിടെ എന്ന പ്രചാരണത്തിന് ആം ആദ്മി തുടക്കമിട്ടതും അതുകൊണ്ടുതന്നെയായിരുന്നു. ധൈര്യമുണ്ടെങ്കിൽ മുഖ്യമന്ത്രിസ്ഥാനാർഥിയെ പ്രഖ്യാപിക്കൂ എന്ന കേജ്‌രിവാളിന്റെ വെല്ലുവിളിക്ക് മുമ്പിൽ ബിജെപി ശരിക്കും പെട്ടുപോയിരുന്നു.
ഇതിനിടെ അദ്ധ്യക്ഷൻ മനോജ് തിവാരിയെ മുഖ്യമന്ത്രിയാക്കുമെന്ന് വന്ന പ്രചരണങ്ങൾ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും നരേന്ദ്ര മോദിയും നേരിട്ട് ഏറ്റുമുട്ടിയതാണ് കോൺഗ്രസിന് തിരിച്ചടിയായത്. അതിനാൽ ആ തെറ്റ് ഞങ്ങളാൽ വീണ്ടും ആവർത്തിക്കരുതെന്ന് ആം ആദ്മിക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപ്രസക്തനാക്കിയാണ് ഡൽഹിയിൽ പ്രചരണത്തിന് നേതൃത്വം നൽകിയത്. മോദിയെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് പൂർണമായി ഒഴിവാക്കിയതോടെ ബി.ജെ.പിയുടെ കോർട്ടിൽ പന്തില്ലാത്ത അവസ്ഥയായിരുന്നു.