ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്നും ആരും മത്സരിക്കില്ല ഇക്കാര്യം രാഹുല്‍ ഗാന്ധി സ്ഥിരീകരിച്ചതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു എല്ലാവരുടേയും ആവശ്യം കണക്കിലെടുത്ത് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ അത് അംഗീകരിച്ചില്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ അശോക് ഗെഹ്ലോട്ട് രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ഭാരത് ജോഡോ യാത്രക്കിടെ വൈകിട്ടായിരുന്നു നിര്‍ണായക കൂടികാഴ്ച്ച.
എല്ലാവരുടേയും താല്‍പര്യം കണക്കിലെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ ചുമതല ഏറ്റെടുക്കണമെന്ന് പലകുറി ഞാന്‍ ആവശ്യപ്പെട്ടു. എന്നെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഗാന്ധി കുടുംബത്തില്‍ നിന്നും ഒരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരില്ലെന്നാണ് രാഹുല്‍ പറഞ്ഞത്.’ അശോക് ഗെഹ്ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. താന്‍ അധ്യക്ഷ സ്ഥാനത്ത് എത്തണമെന്ന എല്ലാവരുടേയും ആഗ്രഹത്തെ ബഹുമാനിക്കുന്നു. എന്നാല്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നും രാഹുല്‍ അറിയിച്ചതായി ഗെഹ്ലോട്ട് പറഞ്ഞു.
ഈ സാഹചര്യത്തില്‍ ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ അശോക് ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന കാര്യത്തില്‍ ഉറപ്പാക്കി. പകരം രാജസ്ഥാന്‍ മുഖ്യമന്ത്രി പദവിയിലേക്ക് സച്ചിന്‍ പൈലറ്റ് മത്സരിക്കും. ബുധനാഴ്ച കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചതിന് ശേഷം താനും ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിനുണ്ടെന്ന് ഗെഹ്‌ലോട്ട് സൂചിപ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി വരെ ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നേക്കും.