തിരുവനന്തപുരം:പോളിടെക്നിക് വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ അവരുമായി ചർച്ച ചെയ്യാനോ പരിഹരിക്കാനോ തയ്യാറാകാത്ത സംസ്ഥാന സർക്കാരിന്റെയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൻ്റെയും നടപടി തികച്ചും വിദ്യാർത്ഥി വിരുദ്ധമായ സമീപനമാണ്.
കോവിഡ് മഹാമാരിയുടെ രണ്ടാംഘട്ടത്തിൽ മുൻപുള്ളതിൽ നിന്നും വ്യത്യസ്തമായി അതിവ്യാപന ശേഷിയുള്ള ഡെൽറ്റ പ്ലസ് വിഭാഗത്തിൽപ്പെട്ട വൈറസ് ആണ് വ്യാപിക്കുന്നതെന്ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങളിൽ ആവർത്തിച്ചു വ്യക്തമാക്കുകയും സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയും സാഹചര്യത്തിൽ തന്നെയാണ് ജൂലൈ 7 മുതൽ പരീക്ഷ നടത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോകുകയാണ്. രണ്ടാം തരംഗം ചെറുപ്പക്കാരുടെ ഇടയിലേക്ക് കൂടുതൽ പടരുകയും, മരണനിരക്ക് വർധിക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ് കോവിഡ് സിൻഡ്രോമും വ്യാപകമാണ്. ഇതുവരെയും പൊതുഗതാഗത സംവിധാനങ്ങൾ പര്യാപ്തമായി പുനഃസ്ഥാപിച്ചിട്ടില്ല, ഈ സാഹചര്യത്തിൽ പരീക്ഷ കേന്ദ്രത്തിലേക്കുള്ള യാത്ര വിദ്യാർത്ഥികൾക്ക് ദുഷ്കരമാണ്. പ്രായമുള്ളവരും ആരോഗ്യ പ്രശനങ്ങൾ ഉള്ളവരും വീടുകളിൽ ഉള്ളത് വിദ്യാർത്ഥികൾക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
കോവിഡിന്റെ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ക്ലാസുകളും പ്രാക്ടിക്കലുകളും കൃത്യമായി നടന്നിട്ടില്ല, ഓൺലൈൻ ക്ലാസുകൾ കാര്യമായി വിദ്യാർത്ഥികൾക്ക് ഫലപ്രദമായിട്ടില്ല. അവസാന വർഷ വിദ്യാർത്ഥികളുടെ (S6) പരീക്ഷാ ഫലം വൈകുന്നത് ജോലിക്കും ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം വൈകാനോ നഷ്ടപ്പെടുത്താനോ ഇടയാക്കും. റഗുലർ പാസ് ഔട്ട് വിദ്യാർഥികൾക്ക് സപ്ലിമെൻ്ററി പരീക്ഷകൾ കൃത്യമായി നടന്നിട്ടില്ല.
ഈ പ്രതിസന്ധി ഘട്ടത്തിൽ വിദ്യാർത്ഥികളെ കൈയൊഴിയുന്ന സമീപനം സർക്കാരും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കൈക്കൊള്ളരുത്.
ഈ പശ്ചാത്തലത്തിൽ ജൂലൈ 7 മുതൽ പരീക്ഷകൾ നടത്താനുള്ള തീരുമാനം പിൻവലിക്കുകയും, അവസാന സെമസ്റ്ററിന്റെ റിസൾട്ട് മുൻവർഷങ്ങളിലെ പരീക്ഷകളുടെയും ഇൻ്റേണലിൻ്റെയും അടിസ്ഥാനത്തിൽ കണക്കാക്കി എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കണം. അപ്പോൾ ലഭിക്കുന്ന മാർക്കിൽ ബെറ്റർമെന്റ് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സാധ്യമെങ്കിൽ ഓഫ് ലൈനായോ അല്ലെങ്കിൽ ഓൺലൈനായോ പരീക്ഷ നടത്തണം. സപ്ലിയുള്ള വിദ്യാർഥികൾക്ക് അടിയന്തരമായി രണ്ടു ഘട്ട വാക്സിൻ നൽകിയതിന് ശേഷം എല്ലാ പരീക്ഷകളും നടത്തണം.
പരീക്ഷ സെൻററുകൾ വിദ്യാർത്ഥികളുടെ യാത്രാ സൗകര്യങ്ങൾ കണക്കാക്കി തെരഞ്ഞെടുക്കാനുള്ള അവസരം നൽകണം.
കോവിഡ് വലിയതോതിലുള്ള മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ പരീക്ഷകളുടെ എണ്ണം കുറയ്ക്കണം. വാർഷിക പരീക്ഷാസമ്പ്രദായം നടപ്പിലാക്കണം. ഒന്നും മൂന്നും അഞ്ചും (ODD) സെമസ്റ്റർ പരീക്ഷകൾ വേണ്ട എന്ന് തീരുമാനിക്കണം. പകരം ഇൻ്റേണൽ മാർക്ക് കണക്കാക്കണം.
അതോടൊപ്പം തന്നെ മുമ്പ് നടന്ന എല്ലാ പരീക്ഷകളുടെയും ഫലം അടിയന്തരമായി പ്രഖ്യാപിക്കണം.
ഈ സമയത്ത് വളരെയധികം സാമ്പത്തിക പ്രതിസന്ധിയിലൂടെ കുടുംബങ്ങൾ കടന്നുപോകുന്നത്. അതുകൊണ്ട് പരീക്ഷ, മൂല്യനിർണയം, ട്യൂഷൻ ഫീ ഉൾപ്പടെ എല്ലാ ഫീസുകളും വിദ്യാഭ്യാസ വായ്പയും സർക്കാർ ഏറ്റെടുക്കണം.
റിവിഷൻ 2010 സ്കീം വിദ്യാർത്ഥികളുടെ സപ്ലിമെൻററി പരീക്ഷ മറ്റ് സപ്ലിമെൻററി പരീക്ഷകളോടൊപ്പം വേഗം നടത്താനുള്ള നടപടികൾ സ്വീകരിക്കണം.
ലാറ്ററൽ എൻട്രി അഡ്മിഷനിൽ എത്തിയ വിദ്യാർഥികൾക്ക് മതിയായ രീതിയിൽ ഗ്രാഫിക്സ്, പ്രാക്ടിക്കൽ ക്ലാസുകൾ നൽകിയ ശേഷം പരീക്ഷകൾ നടത്തണം. മതിയായ ലാബ് സൗകര്യങ്ങളും ക്ലാസ്സുകളും ലഭിക്കാത്ത വിദ്യാർഥികൾക്കും അത് ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണം. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നടപടികൾ സർക്കാരും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും AIDSO സംസ്ഥാന കമ്മിറ്റി അറിയിച്ചു.
പി. കെ പ്രഭാഷ്