കണ്ണൂര്‍: പ്രളയ ദുരന്തത്തില്‍ നിന്നും പൂര്‍ണ്ണമായി കരകയറാത്ത കേരളത്തിന് വീണ്ടും ഇരുട്ടടി. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനു വിമാനങ്ങള്‍ ഉപയോഗിച്ചതിന് വാടക നല്‍കണമെന്ന് വ്യോമസേന. 25 കോടി രൂപയാണ് പ്യോമ സേന ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രത്യേക പ്രസ്താവനയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം നിയമസഭയെ അറിയിക്കുകയായിരുന്നു. കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമെ രക്ഷാദൗത്യത്തിലേര്‍പ്പെട്ട വിമാനങ്ങള്‍ക്ക് കൂടി പണം നല്‍കേണ്ട അവസ്ഥയുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിക്കുകയായിരുന്നു.
ഭക്ഷ്യധാന്യങ്ങള്‍ക്ക് കേന്ദ്രം പണം ആവശ്യപ്പെട്ട കാര്യം നേരത്തെ പുറത്തുവന്നിരുന്നെങ്കിലും വ്യോമസേനാ വിമാനങ്ങള്‍ക്ക് പണം നല്‍കണമെന്ന കാര്യം പുറത്താകുന്നത് ഇതാദ്യമാണ്.
കേന്ദ്ര സര്‍ക്കാര്‍ പ്രളയകാലത്ത് അനുവദിച്ച റേഷന്‍ ധാന്യത്തിന്റെ വിലയും വ്യോമസേനയ്ക്ക് നല്‍കാനുള്ള തുകയും ചേര്‍ത്ത് 290 കോടി രൂപയാണ് കേരളം നല്‍കേണ്ടത്. വ്യോമസേനയ്ക്ക് നല്‍കേണ്ട തുക എത്രയെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞില്ലെങ്കിലും 25 കോടിയുടെ ബില്ലാണ് വ്യോമസേന നല്‍കിയതെന്ന കാര്യം അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നറിയിച്ചു.
പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെ സംസ്ഥാനം വലയുമ്പോഴാണ് ഇത്തരത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട വിമാനങ്ങള്‍ക്ക് പോലും പണം നല്‍കേണ്ട അവസ്ഥ വരുന്നത്. എന്നാല്‍ വ്യോമസേനാ വിമാനങ്ങള്‍ ഉപയോഗിച്ചാല്‍ പണം ഈടാക്കുന്നത് സാധാരണമാണെന്നാണ് സേനാവൃത്തങ്ങള്‍ അനൗദ്യോഗികമായി നല്‍കുന്ന വിശദീകരണം. പ്രളയകാലത്ത് അനുവദിച്ച റേഷന്‍ ധാന്യങ്ങള്‍ക്ക് പണം വേണമെന്ന നിലപാടില്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാരും.