യാത്രക്കാര്‍ക്കുള്ള ഭക്ഷണം കഴിച്ച എയര്‍ഹോസ്റ്റസ് ക്യാമറയില്‍ കുടുങ്ങി; ഒടുവില്‍ പണി കിട്ടി  

 

ബീജിങ്‌ : പറക്കലിനിടെ വിമാനയാത്രക്കാര്‍ക്കുള്ള ഭക്ഷണം കഴിച്ച എയര്‍ഹോസ്റ്റസ് ക്യാമറയില്‍ കുടുങ്ങി. ജീവനക്കാരിയെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ചൈനീസ് എയര്‍ലൈന്‍ ആയ ഉറുംഖിയുടെ വിമാനത്തിലാണ് സംഭവമുണ്ടായത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ക്യാബിന്‍ ക്രൂ ജീവനക്കാരിക്കെതിരെ അച്ചടക്ക നടപടിയുണ്ടായത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.  വടക്കന്‍ ചൈനയിലെ യിന്‍ചുവാന്‍ നഗരത്തില്‍ വിമാനം ഇറങ്ങാന്‍ 45 മിനിട്ട് മുന്‍പാണ് ജീവനക്കാരി യാത്രക്കാര്‍ക്കായി ഒരുക്കിവെച്ച പ്ലേറ്റുകളില്‍ നിന്ന് ഭക്ഷണം എടുത്തുകഴിച്ചത്. യുവതിയോടൊപ്പം ജോലി ചെയ്യുന്നൊരാള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തായത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ എയര്‍ലൈനും ജീവനക്കാരിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണുയര്‍ന്നത്. ജീവനക്കാരുടെ എച്ചിലാണോ തങ്ങള്‍ കഴിക്കേണ്ടതെന്ന് ചിലര്‍ ചോദ്യമുന്നയിച്ചു. മോശമായ രീതിയില്‍ യാത്രക്കാരെ പരിഗണിക്കുന്നതിലുള്ള അമര്‍ഷം വ്യക്തമാക്കി ഇത്തരത്തില്‍ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ്, തങ്ങള്‍ ആ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് വ്യക്തമാക്കി ഉറുംഖി എയര്‍ലൈന്‍ രംഗത്തെത്തിയത്.

Top