അരിസോണ: നിറവയറുമായി വിമാനത്താവളത്തില്‍ പ്രവേശിക്കുകയും പിന്നീട് ശൗചാലത്തിനുള്ളിലേക്ക് പോയ ശേഷം ബാഗുമായി വിമാനത്താവളത്തിന് പുറത്തേക്ക് നടന്നു പോകുന്ന യുവതിയുടെ വീഡിയോ വൈറലാകുകയാണ്. വിമാനത്താവളത്തിലെ ശൗചാലയത്തില്‍ പ്രസവിച്ച ശേഷം കുട്ടിയെ ഉപേക്ഷിച്ച് യാതൊരു കൂസലുമില്ലാതെ സ്ഥലം കാലിയാക്കുകയായിരുന്നു യുവതി. അരിസോണയിലെ ടസ്‌കണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. കുട്ടിയെ ഉപേക്ഷിച്ചത് ഇവരാണെന്നാണ് വിമാനത്താവള അധികൃതര്‍ സംശയിക്കുന്നത്. ജനുവരി 14നാണ് സംഭവം. ശൗചാലയത്തിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശു കിടക്കുന്നത് ഒരു ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെടുമ്പോഴാണ് വിവരം പുറത്തറിയുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നത്. കുഞ്ഞിന് സമീപത്ത് നിന്ന് ഒരു കുറിപ്പും ലഭിച്ചിരുന്നു. ‘എന്നെ രക്ഷിക്കൂ. ഗര്‍ഭിണിയാണെന്ന കാര്യം എന്റെ അമ്മയ്ക്കറിയില്ലായിരുന്നു. എന്നെ നോക്കാനോ വളര്‍ത്താനോ ഉള്ള പ്രാപ്തി എന്റെ അമ്മയ്ക്കില്ല. എന്നെ എത്രയും പെട്ടെന്ന് അധികൃതരെ ഏല്‍പിക്കുക. അവരെന്നെ സംരക്ഷിക്കും’ എന്ന് കുഞ്ഞ് സ്വയം പറയുന്ന പോലെ വിശദീകരിച്ച ഹൃദയസ്പര്‍ശിയായ കുറിപ്പായിരുന്നു അത്. ‘അവന് ഏറ്റവും മികച്ചത് ലഭിക്കണമെന്നാണ് എന്റെ ആഗ്രഹം. അതെന്തായാലും ഞാനല്ല’ എന്ന അമ്മയുടെ ക്ഷമാപണത്തോടെയുള്ള വാക്കുകളും കുറിപ്പിന്റെ അവസാനം ഉണ്ടായിരുന്നു. തുണിയില്‍ പൊതിയാതെയാണ് കുട്ടിയെ ഉപേക്ഷിച്ചത്. ശൗചാലയത്തിനുള്ളിലെ വേസ്റ്റ് ബാസ്‌ക്കറ്റില്‍ നിന്ന് രക്തക്കറയുള്ള വസ്ത്രങ്ങള്‍ ലഭിച്ചു. പെട്ടെന്ന് ശ്രദ്ധയില്‍പെടാതിരിക്കാന്‍ രക്തക്കറയുള്ള വസ്ത്രങ്ങള്‍ മറ്റൊരു തുണി കൊണ്ട് മറച്ചാണ് ഉപേക്ഷിച്ചിരിക്കുന്നത്. അരിസോണയിലെ ശിശു സംരക്ഷണ വകുപ്പിന്റെ കസ്റ്റഡിയിലാണ് കുഞ്ഞ്. കുഞ്ഞ് ആരോഗ്യവാനായിരിക്കുന്നു. കുഞ്ഞിനെ ഉപേക്ഷിക്കുന്ന അമ്മമാരെ വേട്ടയാടുന്ന നിയമമല്ല അരിസോണയിലേത്. പക്ഷെ 72 മണിക്കൂറിന് ശേഷം ചില നിശ്ചിത ആശുപത്രികളില്‍ മാത്രമേ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ നിയമം അനുവദിക്കുന്നുള്ളൂ.
വിമാനത്താവളത്തിലെ ശൗചാലയത്തില്‍ പ്രസവിച്ച യുവതി പിന്നീട് ചെയ്തത്…
Tags: airport