കണ്ണൂര്‍ വിമാനത്താവളത്തിന് അനധികൃതമായി ഭൂമി കൈമാറി; മുഖ്യമന്ത്രിയും കെ ബാബുവും കുടുങ്ങും

ommenchandy

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള ഭൂമിയുമായി ബന്ധപ്പെട്ടും അഴിമതി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ. ബാബുവിനുമെതിരെ പരാതിയുമായി ഇരിട്ടി സ്വദേശി രംഗത്ത്. ഭൂമി കൈമാറ്റം, മരം മുറിക്കല്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് ആരോപണം. വിമാനത്താവളത്തിന് അനധികൃതമായി ഭൂമി കൈമാറിയതിലും ഒരുലക്ഷം രൂപയ്ക്ക് മരം മുറിച്ചതിലും അഴിമതിയാരോപിച്ചാണ് പരാതിയുള്ളത്.

പരാതിയെ തുടര്‍ന്ന് ത്വരിതപരിശോധനയ്ക്കു വിജിലന്‍സ് കോടതി നിര്‍ദേശം. തെരഞ്ഞെടുപ്പിന്റെ വിധി വരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് കോണ്‍ഗ്രസിന് തലവേദനയായിരിക്കുന്നത്. ഇരിട്ടി സ്വദേശി കെ.വി. ജെയിംസ് നല്‍കിയ പരാതിയിലാണു മുഖ്യമന്ത്രിക്കും മന്ത്രിക്കും പുറമേ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ടോം ജോസ്, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.പി. ജോയ്, കിന്‍ഫ്ര മാനേജര്‍ രാംദാസ്, കിയാല്‍ എം.ഡി: ചന്ദ്രമൗലി, എല്‍ ആന്‍ഡ് ടി മാനേജര്‍ സജിന്‍ലാല്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ. കുര്യന്‍ എന്നിവര്‍ക്കുമെതിരേ അന്വേഷണം നടത്തി ജൂണ്‍ 17-നകം റിപ്പോര്‍ട്ട് നല്‍കാന്‍ തലശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തലശേരി ഡിവൈ.എസ്.പി: സാജു പോളിനാണ് അന്വേഷണച്ചുമതല. ഭൂമി കൈമാറിയതിലും മരങ്ങള്‍ മുറിച്ചതിലും ക്രമക്കേട് നടത്തി സര്‍ക്കാരിനു ലഭിക്കേണ്ട കോടിക്കണക്കിനു രൂപ നഷ്ടപ്പെടുത്തിയെന്നും ഇത് ഉന്നതകേന്ദ്രങ്ങളിലേക്കു പോയെന്നുമാണു പരാതി. പദ്ധതിപ്രദേശത്തെ 30,421 മരങ്ങള്‍ മുറിക്കാനാണു 2013 ജൂലൈ 19-നു പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. എന്നാല്‍, ഉത്തരവ് ലഭിക്കുന്നതിനു 45 ദിവസം മുമ്പ് ഒരുലക്ഷം മരങ്ങള്‍ മുറിക്കാന്‍ അനുമതിയായെന്നു കുറിപ്പുണ്ടാക്കി വി.പി. ജോയിയും ടോം ജോസും മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിക്കുകയും അംഗീകാരം നേടുകയും ചെയ്തു. പുതുപ്പള്ളി, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള കരാറുകാരാണു മരം മുറിച്ചുകടത്തിയത്.

വിമാനത്താവളകരാറില്‍, മരം മുറിച്ചു വിറ്റാല്‍ ആ പണം അക്കൗണ്ട് ചെയ്ണമെയന്നു വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍, മരങ്ങള്‍ വിറ്റ പണം എത്രയെന്നു വെളിപ്പെടുത്തിയില്ലെന്നു പരാതിയില്‍ പറയുന്നു. വിമാനത്താവളഭൂമിക്കു നല്‍കുന്ന തുകയാണു പദ്ധതിയില്‍ സര്‍ക്കാരിന്റെ ഓഹരിയായി കണക്കാക്കുന്നത്. എന്നാല്‍, വിപണിവിലപ്രകാരം നിശ്ചയിക്കാതിരുന്നതിനാല്‍ സര്‍ക്കാര്‍ ഓഹരികളുടെ മൂല്യം കുറഞ്ഞു. ഇത് അഴിമതിയാണെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
2005, 2006, 2008 വര്‍ഷങ്ങളിലാണു ഭൂമി ഏറ്റെടുത്തത്. ഭൂമി കരാറുകാര്‍ക്കു വിട്ടുനല്‍കിയതു കഴിഞ്ഞവര്‍ഷവും. ഈ സമയത്തെ വിപണിവില കണക്കാക്കാതെയാണു ഭൂമി നല്‍കിയത്. ഏക്കറിനു 100 രൂപ നിരക്കില്‍ 70 ഏക്കര്‍ പാട്ടത്തിനു നല്‍കിയെന്നും പരാതിയില്‍ പറയുന്നു. പരാതിക്കാരനുവേണ്ടി അഭിഭാഷകരായ നാരായണന്‍, ഹരീഷ് വാസുദേവ് എന്നിവര്‍ ഹാജരായി.

Top