ഫോണ്‍ ഓഫ് ചെയ്യാതെ കാത്തിരുന്നിട്ടും അനുകൂല വിധി വന്നില്ല,ഹൈബി വിളിച്ച് പറഞ്ഞു,എല്ലാം പോയി,കൊചി മെട്രോ റെയില്‍ വേദി മരണവീടിന് തുല്യം.

കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനാണ് എക്‌സൈസ് മന്ത്രി കെ ബാബു. ബാർ കോഴയിൽ ബാബുവിനെ സംരക്ഷിച്ചത് മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നും വിമർശനം ഉയർന്നിരുന്നു.
<ഒടുവിൽ ബാബുവിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ കോടതി പറയുമ്പോൾ മന്ത്രിയുടെ പ്രതിരോധമെല്ലാം പാളും. അത് മുഖ്യമന്ത്രിയേയും നിരാശനാക്കും. ഇത് പ്രതിഫലിക്കുന്ന ചടങ്ങായി കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടത്തിന്റെ ഉദ്ഘാടനം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്‌ക്കൊപ്പം ഇരിക്കുമ്പോഴാണ് ബാബുവിനെ തേടി കോടതി വിധിയെത്തിയത്. ഇത് അറിഞ്ഞതോടെ പിരിമുറക്കവുമായി ബാബു കൊച്ചി മെട്രോയുടെ വേദിയിൽ ഇരുന്നു.പതിനൊന്ന് മണിയോടെയാണ് കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന്റെ വേദി സജീവമായത്. കോടതി വിധി വരുമെന്ന് അറിയാവുന്നതുകൊണ്ട് തന്നെ മൊബൈൽ ഓഫ് ചെയ്യാതെയായിരുന്നു ബാബു സ്റ്റേജിൽ ഇരുന്നത്. എന്നാൽ വിധി വന്നത് ആദ്യം എത്തിയത് എംഎൽഎ ഹൈബി ഈഡന്റെ മൊബൈലിലായിരുന്നു. ബാബുവിനോടും മുഖ്യമന്ത്രിയോട് ഹൈബി വിധിയുടെ വിശദാംശങ്ങൾ പങ്കുവച്ചു.
ഇതോടെ മുഖ്യമന്ത്രിയുടേയും ബാബുവിന്റേയും മുഖത്ത് മ്ലാനതയായി. ഇതിനിടെയിൽ മുഖ്യമന്ത്രിയുടെ മൊബൈലിലും വിളി വന്നു. അദ്ദേഹത്തേയും ഇതു തന്നെയാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചത്. വാർത്തയറിഞ്ഞപ്പോൾ പരസ്പരം സംസാരിച്ചെങ്കിലും പിന്നീട് പരസ്പരം മുഖത്ത് പോലും നോക്കിയില്ല.
ആര്യാടൻ മുഹമ്മദും കെവി തോമസ് എംപിയും വേദിയിലുണ്ടായിരുന്നു. അവരും ബാർ കോഴയിലെ ചർച്ചകളിൽ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമ്പോഴും വിധി വന്നതിന്റെ പിരിമുറുക്കം മുഖത്ത് വ്യക്തമായിരുന്നു. ഇതെല്ലാം സന്ദർഭവശാൽ ലൈവായി ചാനലുകൾ കാണിച്ചതും ബാബുവിന് തിരിച്ചടിയാണ്. കോടതിയിൽ നിന്ന് അന്വേഷണത്തിന് ഒരു മാസം കൂടി തേടിയുള്ള വിജിലൻസ് റിപ്പോർട്ടിൽ അനുകൂലമാകുമെന്നായിരുന്നു പ്രതീക്ഷ. അതിന്റെ ആഹ്ലാദത്തിൽ ചടങ്ങിനെത്തിയ ബാബു അക്ഷരാർത്ഥത്തിൽ നിരാശനാകുന്ന വാർത്തയാണ് പതിനൊന്നരയോടെ പുറത്തുവന്നത്.
വിധി വരുന്നതിന് മുമ്പ് തന്നെ കൊച്ചി മെട്രോയുടെ ചടങ്ങിൽ ബാബു സംസാരിച്ചിരുന്നു. അതിന് ശേഷമാണ് മുഖ്യമന്ത്രി സംസാരിച്ചത്. അദ്ദേഹം കൊച്ചി മെട്രോയും നവംബർ 16ന് മെട്രോ ഓടുമെന്നും പറഞ്ഞു. ഇതൊക്കെ പറയുമ്പോഴും പിരിമുറുക്കം മുഖത്ത് വ്യക്തമായിരുന്നു. അതിന് ശേഷം മുട്ടം യാർഡിൽ പരീക്ഷണ ഓട്ടത്തിന് തുടക്കമിട്ടു. അവിടേയും മുഖ്യമന്ത്രിയും ബാബുവും ഒന്നും സംസാരിച്ചില്ല. ബാർ കോഴയിലെ വിധിയുടെ കാര്യം അപ്പോഴേക്കും അവിടെയുള്ള എല്ലാവരും അറിയുകയും ചെയ്തിരുന്നു. ചടങ്ങ് കഴിഞ്ഞ് പുറത്ത് എത്തിയപ്പോൾ ചാനലുകൾ മുഖ്യമനി്ത്രിക്കും ബാബുവിനും പുറകേ കൂടി. ഇരുവരും പ്രതികരിച്ചില്ല.
ഇന്നു തന്നെ പ്രതികരിക്കാമെന്നായിരുന്നു ബാബു പറഞ്ഞത്. ഈ പ്രതികരണം നടത്തുമ്പോഴും ബാബുവിന്റെ മുഖത്ത് പിരിമുറക്കം വ്യക്തമായിരുന്നു. അങ്ങനെ കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടത്തിന്റെ ഉദ്ഘാടന ചടങ്ങ് സർക്കാരിന് മുമ്പിലുള്ള ഏറ്റവും വലിയ പ്രതിസന്ധിയുടെ ചർച്ചാ വേദിയുമായി മാറി. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രിയും ബാബുവും വിശദമായി ചർച്ച നടത്തും. അതിന് ശേഷമാകും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. കേസ് പഠിച്ച ശേഷം പ്രതികരണമെന്ന് മുട്ടം യാർഡിൽ ബാബു പറഞ്ഞത് ഇതിന്റെ വ്യക്തമായ സൂചനയാണ്.
നേരത്തെ കേസിൽ എഫ്‌ഐആർ വന്നാൽ രാജിവയ്ക്കുമെന്നായിരുന്നു ബാബു നൽകിയ സൂചനകൾ. എഫ് ഐ ആർ വന്നാൽ പ്രതികരിക്കാമെന്നായിരുന്നു ബാബു നേരത്തെ പറഞ്ഞിരുന്നത്. ബിജു രമേശും ബാബുവിനെതിരെ ശക്തമായി രംഗത്തുള്ളതിനാൽ ബാബു കൂടുതൽ കുരുക്കിലേക്ക് പോകുമെന്നാണ് സൂചന.
Top