പട്ടാപ്പകല്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നയാള്‍ കൊടും ക്രിമിനല്‍. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലെ നോട്ടപ്പുള്ളിയുമാണ്.ആനായിക്കോണത്ത് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്നു അജീഷ്.
കുപ്രസിദ്ധ ഗുണ്ടയും നാല്പതോളം ക്രിമിനല്‍ കേസിലെ പ്രതിയുമായ പോത്ത് ഷാജിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് അജാഷ്. വാക്കുതര്‍ക്കത്തിനിടെ ബൈക്കിന്റെ സൈലന്‍സര്‍ ഊരി ഷാജിയുടെ തലയ്ക്കടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഷാജി രക്ഷപ്പെട്ടെങ്കിലും 2019 സെപ്തംബറില്‍ ബന്ധുവിന്റെ വെട്ടേറ്റ് മരിച്ചു. ഗുണ്ടാപ്പണം വീതം വയ്ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. ഷാജിയുടെ മരണത്തോടെ കൂടുതല്‍ കരുത്തനായ അജീഷ് പിന്നീട് ചന്ദനക്കള്ളക്കടത്ത്, മയക്കുമരുന്ന്, കഞ്ചാവ്, കൂലിത്തല്ല് എന്നിവയില്‍ സജീവമായി.
ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിലവില്‍ പത്തോളം കേസുകളുണ്ട്. ഭാര്യയായ ലക്ഷ്മിയെ വിവാഹത്തിന് മുമ്പ് പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയായിരുന്നു. പിന്നീട് ലക്ഷ്മിയെ വിവാഹം ചെയ്താണ് ശിക്ഷയില്‍ നിന്ന് അജീഷ് രക്ഷപ്പെട്ടത്.
2019ല്‍ ഭാര്യയെ സമൂഹമാദ്ധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് മംഗലപുരം സ്വദേശി നിതീഷിനെ കോരാണി ഷേക് പാലസിന് സമീപത്തു വിളിച്ചുവരുത്തി ലക്ഷ്മിയും അജീഷും കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. നിതീഷിനെ വിളിച്ചുവരുത്തിയ ലക്ഷ്മിയെ അപ്പോള്‍ത്തന്നെ നാട്ടുകാര്‍ പിടികൂടിയെങ്കിലും സംഭവത്തിനുശേഷം ഒളിവില്‍പ്പോയ അജീഷിനെ തൊട്ടടുത്ത ദിവസമാണ് ആറ്റിങ്ങല്‍ പൊലീസ് പിടികൂടിയത്.