![](https://dailyindianherald.com/wp-content/uploads/2019/06/kerala-police.png)
തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ സ്വീകരിച്ച നടപടികള്‍ അടിയന്തരമായി അറിയിക്കണമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. ക്രിമിനല്‍ കേസിലുള്‍പ്പെട്ട പോലീസുകാര്‍്‌കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കണമെന്നായിരുന്നു ഉത്തരവ്.
1129 പൊലീസ് ഉദ്യോഗസ്ഥര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേരള പൊലീസ് ആക്റ്റിലെ സെക്ഷന്‍ 86 അനുസരിച്ച് നടപടിയെടുക്കാന്‍ കമ്മിഷന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി.ബി. ബിനുവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 2018 ഏപ്രില്‍ 12 ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.
സംസ്ഥാന പൊലീസ് മേധാവി 2018 ജൂണ്‍ 30 ന് കമ്മിഷനില്‍ ഇതിനുള്ള വിശദീകരണം സമര്‍പ്പിച്ചു. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ കേസുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് വിശദീകരണത്തില്‍ പറയുന്നു. പൊലീസുകാര്‍ക്കെതിരെ ക്രൈംകേസുകള്‍ അവലോകനം ചെയ്ത് നടപടിയെടുക്കാന്‍ ക്രൈം ബ്രാഞ്ച് മേധാവി ചെയര്‍മാനായി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്.
സമിതിയുടെ തീരുമാനപ്രകാരം എന്‍ആര്‍ഐ സെല്‍ എസ്പിയെ വിവരങ്ങള്‍ ശേഖരിക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും തുടര്‍ നടപടികളെ കുറിച്ച് കമ്മിഷനെ യഥാസമയം അറിയിക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിനുവേണ്ടി രണ്ടു മാസത്തെ കാലയളവ് അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും കമ്മിഷന്‍ ഉത്തരവിന്‍ മേല്‍ സ്വീകരിച്ച നടപടികള്‍ സംസ്ഥാന പൊലീസ് മേധാവി കമ്മിഷനെ അറിയിച്ചില്ല. ഈ സാഹചര്യത്തിലാണ് നടപടി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടത്.