ദിലീപിന് കോടതിയുടെ സമന്‍സ്; അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്; ഈ മാസം 19 ാം തിയതി കോടതിയില്‍ ഹാജരാകണം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് ഈ മാസം 19ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സമന്‍സ് അയച്ചു.

നടനെതിരെ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് വിചാണയ്ക്ക് മുമ്പുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് നടനെ വിളിപ്പിച്ചിരിക്കുന്നതെന്നാണ് വിശദീകരണം.

ഗൂഢാലോചന, കൂട്ടബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ അടക്കം പതിനേഴോളം വകുപ്പുകളാണ് ദിലീപിനെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ ആകെ 11 പ്രതികളാണുള്ളത്. ആദ്യ കുറ്റപത്രത്തിലെ ഏഴ് പ്രതികളെ അതേപടി നിലനിറുത്തി.

ദിലീപിന് പുറമെ മേസ്തിരി സുനില്‍,അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനില്‍കുമാറിന്റെ സഹതടവുകാരനായിരുന്ന വിഷ്ണു എന്നിവരെയാണ് പുതുതായി അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.

Top